സഹപ്രവര്‍ത്തകന്റെ കൊലപാതകം : വധശിക്ഷയില്‍ നിന്ന് പ്രവാസി രക്ഷപ്പെട്ടു

ഷാര്‍ജ•സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഷ്യന്‍ യുവാവ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഇരയുടെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായതോടെയാണിത്‌. ഇതോടെ ഇയാളുടെ ശിക്ഷ മൂന്ന് വര്‍ഷം ജയില്‍ശിക്ഷയായി ഷാര്‍ജ കോടതി ഇളവ് ചെയ്തു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഷാര്‍ജയിലെ ഖാലിദ്‌ തുറമുഖത്ത് ഒരു ബോട്ടില്‍ വച്ചാണ് പ്രതി സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നത്. ഇതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. വിവരമറിഞ്ഞ് പോലീസേത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇരയെയാണ് കണ്ടത്. സമീപത്ത് തന്നെ ഇയാളും നില്‍പ്പുണ്ടായിരുന്നു.

പ്രതിയുടെ അഭിഭാഷകന്‍ ഇരയുടെ കുടുംബവുമായി ബന്ധപ്പെട്ട് ബ്ലഡ് മണി നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇത് സ്വീകരിച്ച കുടുംബം പ്രതിയ്ക്ക് മാപ്പുനല്‍കി.

അന്വേഷണ ഘട്ടത്തില്‍ പ്രതി പോലീസിനോടും പ്രോസിക്യൂഷനോടും കുറ്റം നിഷേധിച്ചിരുന്നു. ഇരയെ കുത്തിയത് ആരാണെന്ന് അറിയില്ലെന്നും രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ സഹായിക്കാനാണ് താന്‍ എത്തിയതെന്നുമായിരുന്നു പ്രതിയുടെ വാദം.

SHARE