Latest NewsUSANews

മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു; പ്രതിഷേധവും പ്രാര്‍ത്ഥനയുമായി ജനങ്ങള്‍

മൊയ്തീന്‍ പുത്തന്‍‌ചിറ

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്)•അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായ ഷെറിന്‍ മാത്യൂസ് എന്ന മൂന്നുവയസ്സുകാരി അപ്രത്യക്ഷയായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നത് പ്രദേശവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍, പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു കഴിഞ്ഞു. കുട്ടിക്ക് എന്തു സംഭവിച്ചു എന്ന് പിതാവായ വെസ്ലി മാത്യൂസിന് അറിയാമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

വെസ്ലി മാത്യുസ് കുട്ടിയെ കൊണ്ടുനിര്‍ത്തിയെന്നു പറയുന്ന മരത്തിനു സമീപം വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഇരുന്നൂറില്‍‌പരം ജനങ്ങള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരെല്ലാം ഗദ്ഗദത്തോടെ, മെഴുകുതിരി കത്തിച്ച് ഷെറിനു വേണ്ടി പ്രാര്‍ത്ഥിച്ചു. എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.

അതിനിടെ വെസ്ലി മാത്യൂസിന്റെ വീടിനു മുന്‍പില്‍ ചിലര്‍ പ്രതിഷേധവുമായെത്തുകയും കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയണമെന്നും ആവശ്യപ്പെട്ടു. “വീ വാണ്ട് ജസ്റ്റീസ് ഫോര്‍ ഷെറിന്‍” എന്ന മുദ്രാവാക്യവുമായെത്തിയ ജനം ഷെറിന്‍ എവിടെയെന്നും ഇനി സത്യം തുറന്നു പറയുന്നതാണു നല്ലതെന്നും ആക്രോശിച്ചു. വെസ്ലിയുടെ ഭാര്യ സിനിയും മാതാപിതാക്കളും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. വെസ്ലിയെ പോലീസ് അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

എഫ്ബിഐയും റിച്ചാര്‍ഡ്സണ്‍ പോലീസും പത്തു മൈല്‍ ചുറ്റളവിലുള്ള എല്ലാ നിരീക്ഷണ ക്യാമറകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയെ കാണാതായ ദിവസം രാവിലെ 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തുപോയതായും ഏകദേശം അഞ്ച് മണിയോടെ തിരിച്ചുവന്നതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആ വാഹനം എങ്ങോട്ട്, എന്തിന് പോയി എന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നു. വെസ്ലിയുടെ അയല്‍ക്കാരനായ ഒബെയ്ദ് ജബ്ബാറിന്റെ വീട്ടില്‍ അഞ്ചു പ്രാവശ്യം പോലീസ് വന്ന് അവരുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്ന് ഒബെയ്ദ് മാധ്യമങ്ങളോട് പറഞ്ഞു. “എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു കൊടുക്കും, കുട്ടിയെ കണ്ടു കിട്ടിയാല്‍ മതി…” – ഒബെയ്ദ് വാര്‍ത്താ മാധ്യമങ്ങളോടു പറഞ്ഞു.

യാതൊരു ആപത്തും കൂടാതെ ആ കുട്ടി തിരിച്ചു വരണമെന്ന പ്രാര്‍ത്ഥനയിലാണ് താനെന്ന് ഇന്ത്യന്‍ വംശജയായ ചൈല്‍ഡ് വെല്‍ഫെയര്‍ കണ്‍സള്‍ട്ടന്റ് ഗൗതമി വെമുല പറഞ്ഞു. ആ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ഏതോ അജ്ജ്ഞാതന്‍ നല്‍കിയ സൂചനയനുസരിച്ച് റിച്ചാര്‍ഡ്സണ്‍ പോലീസ് ഷെറിന്റെ വീടിനു രണ്ടു മൈല്‍ അകലെയുള്ള സെമിത്തേരിയിലും പരിശോധന നടത്തി. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.

വെസ്ലിയുടെ വീടിനു മുന്‍പില്‍ ജനങ്ങള്‍ പ്രതിഷേധവുമായി ഇപ്പോഴും തടിച്ചുകൂടുകയാണ്. കുട്ടിക്ക് എന്തു സംഭവിച്ചു എന്നാണ് അവര്‍ക്കറിയേണ്ടത്. അമേരിക്കക്കാരാണ് കൂടുതലും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പക്ഷെ, വിരലിലെണ്ണാവുന്ന ഇന്ത്യക്കാര്‍ മാത്രമേ അക്കൂട്ടത്തിലുള്ളൂ എന്നതും ശ്രദ്ധേയമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button