KeralaLatest NewsNews

കോഴിക്കോട് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാതെ പോലീസ്; അന്വേഷണത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു

കോഴിക്കോട്: കത്തിക്കരിഞ്ഞ നിലയില്‍ ഒന്നരമാസം മുന്‍പ് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനാകാതെ നട്ടം തിരിഞ്ഞ് പോലീസ്. അന്വേഷണത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് പോലീസ്. കൊല്ലപ്പെട്ടയാള്‍ ആധാര്‍ എടുത്തിട്ടുണ്ടെങ്കില്‍ അന്വേഷണം സുഗമമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതനായി കൊല്ലപ്പെട്ട ഇയാളെ കണ്ടെത്താനായി വിരലടയാളത്തില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും മരണ ശേഷമായതിനാല്‍ ഇത് തടസമാകില്ലെന്നാണു പോലീസിനു ലഭിച്ച നിയമോപദേശം. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആളുടെ വിരലടയാളമാണ് ബെംഗളൂരുവിലെ ഓഫിസിന് കൈമാറിയത്. ശരീരം എണ്‍പത് ശതമാനത്തിലധികം കത്തിയിരുന്നുവെങ്കിലും കൈവിരലുകളിലെ രേഖകള്‍ വ്യക്തമായിരുന്നു. ഇതിന്റെ പകര്‍പ്പാണ് ആധാര്‍ വഴിയുള്ള വിവരശേഖരണത്തിനായി നല്‍കിയത്.

ആളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം മാറുന്നതോടെ കൊലപാതകം സംബന്ധിച്ച്‌ നിര്‍ണായക തെളിവുകള്‍ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് ലഭിക്കും. ഇതോടെ കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമാകും. സമാനതകള്‍ അവകാശപ്പെട്ട് കാണാതായ ചിലരുടെ ബന്ധുക്കളെത്തിയെങ്കിലും കൂടുതല്‍ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാളുമായി ബന്ധമില്ലെന്ന് മനസ്സിലായി. രണ്ട് തവണയാണ് മരിച്ചയാളുടെ രൂപരേഖ പോലീസ് പുറത്തുവിട്ടിരുന്നു. ഒന്നര മാസം കഴിഞ്ഞിട്ടും കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തത് പ്രതിസന്ധിയിലായ അന്വേഷണ സംഘം മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button