East Coast SpecialParayathe VayyaEditorialWriters' Corner

ഈ ചരിത്രമുഹൂര്‍ത്തം പരാജയമാകുന്നത് ആര്‍ക്കൊക്കെ?

ഇന്ന് നവംബര്‍ 8. കള്ളപ്പണക്കാര്‍ കരിദിനമായും വഞ്ചനാദിനമായും ആചരിക്കുന്നു. എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും വലുതും ഉറച്ചതുമായ ഒരു തീരുമാനത്തിന്റെ, ചരിത്ര മുഹൂര്‍ത്തത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കപ്പെടുകയാണ്. രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ട് മുതലാണ് 500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. നോട്ട് നിരോധനം രാജ്യത്തെ പിന്നോട്ടടിച്ചെന്നാരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കും. ബിജെപി ഈ ദിവസം കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുക.

കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ യുദ്ധം എന്നു വിശേഷിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിയന്ത്രണം പ്രഖ്യാപിച്ചത്. നോട്ടു നിരോധനം പരാജയമാകുന്നത് ആര്‍ക്കൊക്കെയെന്നു നോക്കാം. കരിദിനമായോ വഞ്ചനാ ദിനമായോ ലോകം ആഘോഷിക്കട്ടെ, പക്ഷെ യുവ തലമുറയ്ക്ക് ഇത് അഭിമാനത്തിന്റെ ദിനമാണെന്നതില്‍ സംശയമില്ല. കാലാകാലങ്ങളിലായി ഭരണകൂട സംവിധാനങ്ങള്‍ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അവരുടെ മൂട് താങ്ങികളായി മാറുമ്പോള്‍ ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രി ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു കൊണ്ട് എടുത്ത ഒരു തീരുമാനം. കള്ളപ്പണക്കാര്‍ക്കുമേല്‍ മൂക്കുകയറിട്ട ദിനം. അതാണ്‌ നവംബര്‍ 8. പല കോണുകളില്‍ നിന്നും ഇതിനെതിരെ ശബ്ദം ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് നോട്ടുനിരോധനത്തിനെതിരെ ശക്തവും ദേശവിരുദ്ധവുമായ നുണകള്‍ ഇവര്‍ പടച്ചുവിടുന്നത്. അവര്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നത് ആര്‍ക്കു വേണ്ടി? സാമ്പത്തികമേഖലയിലെ പരിഷ്‌കരണമെന്ന നിലയില്‍ ചില താല്‍ക്കാലിക പ്രശ്‌നങ്ങള്‍ ഡീമോണറ്റൈസേഷന്‍ സൃഷ്ടിച്ചുവെങ്കിലും സമീപഭാവിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിർണായകമാകുന്ന പരിഷ്ക്കരണ നടപടികളിലൊന്നാണിത്.

നോട്ടു നിരോധനത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുകള്‍ സാധാരണക്കാരനുണ്ടായി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു ചോദ്യം മാത്രം. ഇത്രയും ശക്തമായ ഒരു തീരുമാനം ഇതിനു മുന്പ് എടുക്കാന്‍ ഒരു പ്രധാനമന്ത്രിയ്ക്കും കഴിഞ്ഞിട്ടില്ല എന്തുകൊണ്ട്? ഈ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഒന്ന് ചിന്തിക്കൂ.. രാജ്യത്തിന്റെ ഒരു വര്‍ഷത്തെ സാമ്പത്തിക കണക്കില്‍ വന്ന ചെറിയ ഒരു കുറവാണോ ഇത് വിമര്‍ശിക്കപ്പെടാന്‍ കാരണം? എങ്കില്‍ നിങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയിലെ പല കാര്യങ്ങളും മനപൂര്‍വ്വം വിസ്മരിക്കുന്നുവെന്നു പറയേണ്ടി വരും. ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് അപ്പുറത്ത് ഒരു രാജ്യത്തിന്റെ ധാര്‍മ്മിക അടിത്തറയില്‍ ഈ തീരുമാനം ഉണ്ടാക്കിയ ചലനങ്ങള്‍ ചര്ച്ചചെയ്യേണ്ടതുണ്ട്. കാശ്മീര്‍ വിഘടനവാദികള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും ഈ തീരുമാനം തിരിച്ചടിയായിട്ടുണ്ടെന്നത് സത്യം. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥിതിയില്‍ നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനം നോട്ടു നിരോധനത്തിലൂടെ വര്‍ദ്ധിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം നികുതിയൊടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന കണക്കുകള്‍ അതു കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സാമ്പത്തിക രംഗത്തുള്ളവര്‍ കാണുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി നികുതിയൊടുക്കിയവര്‍ 25.1% മായിരുന്നെങ്കില്‍ നോട്ട് അസാധുവാക്കലിനു ശേഷം പുതിയ നികുതിദായകരുടെ എണ്ണത്തില്‍ 45.3% വര്ദ്ധനവുണ്ടായെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു

കൂടാതെ 13,716 കോടി രൂപയുടെ കണക്കില്‍പെടാത്ത വരുമാനമാണ് പിടിച്ചെടുത്തത്. ശ്രദ്ധേയമായ മറ്റൊരു വസ്തുത പലിശയിനത്തില്‍ വന്ന മാറ്റമാണ്. നോട്ടു നിരോധനത്തിലൂടെ നിക്ഷേപ രംഗത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടായതുകൊണ്ട് വായ്പകളുടെ പലിശയില്‍ കുറവ് വന്നു. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിനിടെ 36.5 കോടിയുടെ അസാധു നോട്ടുകള്‍ കശ്മീരില്‍നിന്ന് പിടിച്ചെടുത്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ദിവസം നടത്തിയത്. 36,34,78,500 രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തുവെന്നും ഒന്‍പത് പേരെ അറസ്റ്റ് ചെയ്തുവെന്നും ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു.

ഇന്ത്യ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടിലേയ്ക്ക് മാറിയതും നോട്ടു നിരോധനത്തിന് ശേഷമാണ്. കൂടാതെ ഒട്ടനികുതി സമ്പ്രദായവും ഇന്ത്യ നടപ്പിലാക്കി. ഇതോടു കൂടി നികുതി വെട്ടിപ്പിനു തടയിടാന്‍ കഴിഞ്ഞു. കൂടാതെ എളുപ്പത്തില്‍ വ്യവസായം തുടങ്ങുന്ന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. വായ്പാ ലഭ്യതയിലും നിക്ഷേപ സംരക്ഷണ സംരംഭങ്ങളിലും ഇന്ത്യ മുന്നേറ്റമുണ്ടാക്കിയതായി ലോകബാങ്ക് നിരീക്ഷിച്ചതും നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ്. ഡിജിറ്റലൈസേഷൻ വളരെ വേഗത്തിൽ നടപ്പാക്കാനും ബാങ്കിലേക്കു വൻ നിക്ഷേപങ്ങൾ എത്താനും സഹായകമായത് നോട്ട് നിരോധനമാണെന്ന് പ്രമുഖ ബാങ്ക് മേധാവികള്‍ പറയുന്നു. സാമ്പത്തിക നിക്ഷേപങ്ങളെ ചിട്ടപ്പെടുത്താനും രേഖകളിൽ കൊണ്ടുവരാനും സഹായിച്ച തീരുമാനമാണു നോട്ട് നിരോധനം.

99% അസാധു നോട്ടുകളും തിരിച്ചെത്തിയെങ്കില്‍ പിന്നെ കള്ളപ്പണമെവിടെ എന്നതാണ് മറ്റൊരു വിമര്‍ശനം? കള്ളനോട്ടും കള്ളപ്പണവും രണ്ടാണെന്നുപോലും തിരിച്ചറിയാത്തവരാണ് ഇത്തരം വിമര്‍ശനങ്ങളുമായി രംഗത്ത് എത്തുന്നത്. നോട്ടു നിരോധനം ശരിയാണെന്നും പക്ഷെ നടപ്പിലാക്കിയത്തില്‍ ചില അപാകതകള്‍ ഉണ്ടെന്നും അഭിപ്രായപ്പെടുന്നുവെങ്കിലും രാജ്യത്തിന്റെ ചരിത്രപരമായ ഈ തീരുമാനത്തെ 87% ആളുകളും ശരി വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് തന്നെയല്ലേ ആ തീരുമാനത്തെ വിജയമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button