Latest NewsIndiaPrathikarana Vedhi

രാഹുൽ ഗാന്ധി അഭിനവ എട്ടുകാലി മമ്മൂഞ്ഞ് ആകുമ്പോൾ ഗുജറാത്തിൽ നടത്തുന്ന പ്രചാരണങ്ങൾ തിരിഞ്ഞുകുത്തുന്നു ; മോഡി എത്തുംമുന്‍പേ ബിജെപി വളരെ മുന്നിലെന്ന സർവ്വേകൾ വിലയിരുത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് പറയുന്നത്

എട്ടുകാലി മമ്മൂഞ്ഞിനെക്കുറിച്ച് കേട്ടിരിക്കുമല്ലോ.  മലയാള സാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ  വിഖ്യാത കഥാപാത്രമാണിത് . വഴിയേ പോകുന്നതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മമ്മൂഞ് .  ഇപ്പോൾ ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന പ്രസ്താവനകളും  (അദ്ദേഹം പല കാര്യങ്ങളിലും  എടുക്കുന്ന)  നിലപാടുകളും കാണുമ്പോൾ ഓർമ്മയിൽ വരുന്നത് ആ ബഷീർ കഥാപാത്രത്തെയാണ്. എത്രമാത്രം രാഹുൽ അവിടെ പരിഹാസ്യനാവുന്നു എന്നത് കാണാതെ പോകാനാവുമോ….. എന്തെല്ലാം വേഷങ്ങളാണ് അവിടെ അദ്ദേഹം കെട്ടിയാടുന്നത് ….. യുപിയിലും ബീഹാറിലുമൊക്കെ ഇസ്ലാമിക സമുദായക്കാരുടെ വോട്ടിനായി തലയിൽ തൊപ്പിയുംവെച്ച് നടന്നിരുന്ന രാഹുലാണിപ്പോൾ ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നതും കൊട്ടിപ്പാടുന്നതും. അതുമാത്രമല്ല, ആ തിരുനെറ്റിയിൽ കാണുന്ന കുങ്കുമക്കുറിയോ ….. എന്താണൊരു വലുപ്പം. അയോധ്യയിലെ സന്യാസിമാർ പോലും ഇത്രവലിയ കുങ്കുമക്കുറികൾ ഇടാറുണ്ടാവില്ല.  പിന്നെ,  ആയിരം കോടിയുടെ ബജറ്റാണത്രെ ഇത്തവണ അദ്ദേഹത്തിന്റെ കക്ഷി ഗുജറാത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ടെലികോം വിപ്ലവത്തിന് തുടക്കമിട്ടയാളെ അമേരിക്കയിൽ നിന്നുമിറക്കിയാണ് പ്രചാരണപദ്ധതികൾ ആവിഷ്കരിച്ചത്.  ഇത് ദേശീയ രാഷ്ട്രീയത്തിൽ നിലനിൽപ്പിനായുള്ള പോരാട്ടമാണ് രാഹുലിനെ സംബന്ധിച്ചിടത്തോളം .  ഗുജറാത്ത് ജയിച്ചേ തീരൂ….. നാളെ പ്രധാനമന്ത്രി പദത്തിന് മാത്രമല്ല അതിനുമുന്പായി കോൺഗ്രസ് അധ്യക്ഷ പദത്തിലേറാനും  ഗു ജറാത്തിലെ വിജയം അദ്ദേഹത്തിന് അനിവാര്യമാണ്. എന്നാൽ എല്ലാം തിരിച്ചടിക്കുന്നു….. തൊടുന്നതൊന്നും നേരെയാവുന്നില്ല. ഭയപ്പാടുകൊണ്ടാണ് കോൺഗ്രസ് അധ്യക്ഷ പദം  ഏറ്റെടുക്കാൻ തീരുമാനിച്ചതിന് ശേഷം അത് മാറ്റിവെച്ചത് പോലും.  തോൽക്കുമെന്ന് കരുതുന്നത് കൊണ്ടുതന്നെയാണിത്.  നരേന്ദ്ര മോദിയും അമിത് ഷായുമൊക്കെ അവിടെ റാലികളിൽ പ്രസംഗിക്കാൻ തുടങ്ങുന്നതിന് മുൻപുതന്നെ രാഹുലിന് തോൽവി സമ്മതിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാവുന്നു എന്നർത്ഥം .

തിരഞ്ഞെടുപ്പാവുമ്പോൾ  ജയിക്കാനായി  കുറെയൊക്കെ അസത്യവും മറ്റും പലരും പറയാറുണ്ട്  എന്നതൊക്കെ ശരിതന്നെ.  എന്നാൽ സാധാരണ അതൊക്കെ രാഷ്ട്രീയക്കാർ  അവസാന ഘട്ടത്തിലെ പ്രയോഗിക്കാറുള്ളൂ.   ഇവിടെ പക്ഷെ അതല്ല കാണുന്നത്.  ഒന്നാമത്തെ ദിവസം മുതൽ കുപ്രചാരണത്തിന് കോൺഗ്രസ് മിനക്കെടുന്നു.  ഗുജറാത്തിലെ സമ്മതിദായകർ വെറും മണ്ടന്മാരാണ് എന്ന മട്ടിലാണ്  രാഹുൽ ഗാന്ധിയുടെ പുറപ്പാട്.  ശരിയാണ്,  പൊതുവെ വ്യാപാരാധിഷ്ഠിതമായ സംസ്ഥാനത്ത് ജിഎസ്‌ടി നടപ്പാക്കിയത് കുറെ വ്യാപാരികളിൽ പ്രയാസമുണ്ടാക്കിയിട്ടുണ്ട് .   എന്നാൽ  വോട്ടിനുവേണ്ടി ജിഎസ്‌ടി നടപ്പാക്കുന്നത് മാറ്റിവെക്കാൻ നരേന്ദ്ര മോഡി സർക്കാർ തയ്യാറായിരുന്നില്ല. കച്ചവടം നടത്തുന്നവർ,  വ്യവസായികൾ തുടങ്ങിയവർ ഒക്കെത്തന്നെ രാജ്യത്ത് നിലവിലുള്ള നികുതി നല്കിയേതീരൂ എന്നതാണ് മോഡി സർക്കാരിന്റെ നിലപാട്.  രാജ്യതാല്പര്യം വേറെ വോട്ട് വേറെ എന്നത് തുറന്നുപറഞ്ഞത് മോദിതന്നെയാണ്.  ഏതൊരു സർക്കാരും സ്വീകരിക്കുന്ന,   അല്ലെങ്കിൽ സ്വീകരിക്കേണ്ടുന്ന സമീപനം അതുതന്നെയാണ്.  പക്ഷെ ഇവിടെ  ജിഎസ്‌ടിയെ തെരുവിൽ എതിർത്താൽ കുറെ വോട്ടുകിട്ടുമെന്നും അത് നല്ല തന്ത്രമാണ് എന്നും കോൺഗ്രസുകാർ കരുതി.  പക്ഷെ അതെ  ജിഎസ്‌ടി നടപ്പിലാക്കുന്നതിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട്  ജനങ്ങൾ മറക്കുമെന്നാവണം ഇവർ കരുതിയത്. യഥാർഥത്തിൽ  കോൺഗ്രസും രാഹുലും ജനങ്ങളെ കബളിപ്പിക്കുകയല്ലേ ചെയ്യുന്നത് ………..  വഞ്ചിക്കുകയല്ലേ ചെയ്യുന്നത്.  അതിന്റെ വിശദാംശങ്ങളിലേക്ക്  വരാം.  എന്നാൽ ഒന്ന് പറയാതെ മുന്നോട്ട് പോകാനാവില്ല….. ഇത്തരത്തിലുള്ള ചെപ്പടിക്കളികൾക്ക്  ഗുജറാത്തിൽ തീരെ വേരോട്ടം ലഭിക്കാൻ പോകുന്നില്ല.

ജിഎസ്‌ടി യെക്കുറിച്ചാണല്ലോ  പറഞ്ഞുവന്നത്. കുറച്ച് ചരിത്രം കൂടി നോക്കുക.  ആ നിയമനിർമ്മാണം ആലോചിച്ചത്  വാജ്‌പേയി  സർക്കാരിന്റെ കാലഘട്ടത്തിലാണ്. അവർക്ക് ഒന്നും ചെയ്യാനായില്ല.  പിന്നീട്‌ യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലത്ത് അതിനെക്കുറിച്ച് ചർച്ചകൾ കേട്ടിരുന്നുവെങ്കിലും അഴിമതിക്കഥകളിൽ പെട്ട അവർക്ക്  അതുമായി മുന്നോട്ട് പോകാനായില്ല. നരേന്ദ്ര മോദിക്ക് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സംസ്ഥാനങ്ങൾക്ക് പലകാര്യത്തിലും ഭിന്നത ഉണ്ട് എന്നതും അദ്ദേഹത്തിനറിയാമായിരുന്നു.  അതുകൊണ്ടുതന്നെ എല്ലാവരുമായും ദീർഘമായ,  വിശദമായ കൂടിയാലോചനകൾ നടത്താൻ തീരുമാനിച്ചു ; രാഷ്ട്രീയകക്ഷികൾ  എന്ന നിലക്ക്, നേതാക്കൾക്കിടയിൽ, ഉദ്യോഗസ്ഥ തലത്തിൽ, സംസ്ഥാന ഭരണകൂടങ്ങളുമായി ………… അങിനെ അതൊരു വലിയ ചർച്ചാ  പരിപാടിയായി മാറി. അങ്ങിനെ യാണ് എല്ലാവരെയും വിശ്വാസത്തിലെടുക്കാൻ കേന്ദ്ര സർക്കാരിനായത്.  എല്ലാവശവും സർക്കാർ പരിശോധിച്ചു  എന്നതാണ്  വസ്തുത. അങ്ങിനെ സമവായതോടെ ജിഎസ്‌ടി ബിൽ  പാർലമെന്റിൽ അവതരിപ്പിച്ചു. ലോകസഭാ അത് പാസാക്കി; രാജ്യസഭയിൽ പ്രതിപക്ഷ സഹകരണമില്ലാതെ  ആ ഭരണഘടനാ ഭേദഗതി പാസാവില്ലായിരുന്നു. കോൺഗ്രസും സിപിഎമ്മുമൊക്കെ അതിനെ പിന്തുണച്ചു. കോൺഗ്രസും സിപിഎമ്മും ഉൾപ്പെട്ട പ്രതിപക്ഷം  എന്തിനെയും രാജ്യസഭയിലെതിർക്കുകയും ഒന്നും സർക്കാരിന് ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്തിരുന്ന  കാലഘട്ടത്തിലാണ് ഇതുണ്ടായത്. അതായത് ജിഎസ്ടിയെ പിന്തുണക്കാതിരിക്കാൻ അവർക്കാവാതെ വന്നിരുന്നു. സൂചിപ്പിച്ചത്,  ഇന്നിപ്പോൾ രാഹുൽ ഗുജറാത്തിൽ നടന്ന് എതിർക്കുന്ന ജിഎസ്‌ടി ഉണ്ടായത് കോൺഗ്രസ് പിന്തുണയോടെയാണ് എന്നതാണ്.

കഴിഞ്ഞില്ല, ജിഎസ്‌ടി നിയമം  ഭരണഘടനാ ഭേദഗതിയാണ് എന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ട് മൂന്നിൽ രണ്ട് സംസ്ഥാന നിയമസഭകൾ അത് അംഗീകരിക്കേണ്ടതുണ്ടായിരുന്നു. കോൺഗ്രസും സിപിഎമ്മും മറ്റും ഭരിക്കുന്ന സംസ്ഥാന നിയമസഭകൾ ഈ ഭരണഘടനാ ഭേദഗതിക്ക് പച്ചക്കൊടികാട്ടിയതാണ്…… കോൺഗ്രസ് ഭരിക്കുന്ന ഹിമാചലും   കർണാടകവും അടക്കം.  അന്നൊന്നും രാഹുലോ കോൺഗ്രസോ എന്തുകൊണ്ടാണ് ജിഎസ്‌റ്റിയിൽ ‘അപകടവും ജനദ്രോഹവും വഞ്ചനയും’  കാണാതിരുന്നത്?.   ഇന്നിപ്പോൾ അതിനെക്കുറിച്ച്  പറയുന്നതൊക്കെ വെറും തട്ടിപ്പാണ് എന്നതല്ലേ കാണിക്കുന്നത്.  ഇനിയുമുണ്ട്.  ജിഎസ്‌ടി നിരക്കുകൾ,  അതിന്റെ നടത്തിപ്പ് തുടങ്ങിയതൊക്കെ തീരുമാനിക്കുന്നത്  ജിഎസ്‌ടി കൗൺസിലാണ്‌…… അതിൽ എല്ലാ സംസ്ഥാനങ്ങളിലെയും  ധനകാര്യ മന്ത്രിമാരുമുണ്ട്.  അവർ ഇതുവരെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തത്.  അതായത് ജിഎസ്‌ടി  സംബന്ധിച്ച എന്തൊക്കെ തീരുമാനം ഇതുവരെ ഉണ്ടായിട്ടുണ്ടോ അതിലെല്ലാം കോൺഗ്രസ് പിന്തുണയുണ്ടായിട്ടുണ്ട്.  ഇതൊക്കെ അറിയാത്തയാളാണോ രാഹുൽ എന്നതറിയില്ല….. പക്ഷെ അദ്ദേഹം അജ്ഞത നടിക്കുന്നു. ജനങ്ങൾ പക്ഷെ വിവരമില്ലാത്തവരല്ല. അതുകൊണ്ടുകൂടിയയാണല്ലോ ജിഎസ്‌ടി ക്കെതിരെ സമരം നടന്ന സൂറത്തിൽ എത്തിയ രാഹുൽ അടക്കമുള്ള  കോൺഗ്രസ് നേതാക്കളെ ” മോഡി മോഡി മോഡി……….” വിളികളാൽ ജനങ്ങൾ സ്വീകരിച്ചത്. അവിടെയൊക്കെ ജനങ്ങൾ സത്യം തിരിച്ചറിയുന്നുണ്ട് എന്നതല്ലേ മനസിലാക്കേണ്ടത് . ഇതൊക്കെക്കഴിഞ്  കുറെയേറെ ഇനങ്ങളുടെ നികുതി കുറക്കാൻ ജിഎസ്‌ടി  കൗൺസിൽ അടുത്തടെ നടന്ന ഗൗഹാത്തി യോഗത്തിൽ തീരുമാനിച്ചപ്പോൾ അതിന് താനും കോൺഗ്രസുമാണ് കാരണക്കാർ എന്ന് വിളിച്ചുകൂവുകയും ചെയ്തു.  എന്താണ് ഒരു സ്ഥിതി….. ഇതിനെയല്ലേ മലയാളികൾ എട്ടുകാലി മമ്മൂഞ്ഞുമായി താരതമ്യം ചെയ്യുന്നത്.

രാഹുൽ ഗാന്ധി മണ്ടത്തരവും അസത്യവുമൊക്കെ പറയുന്നത് മനസിലാക്കാം; ഒരു വലിയ തട്ടിപ്പ് കേസിൽ, നാഷണൽ ഹെറാൾഡ് കേസിൽ, ജാമ്യമെടുത്ത് നടക്കുന്നയാളാണ്‌ അദ്ദേഹം. പക്ഷെ മൻമോഹൻ സിങ് എന്ന നമ്മുടെ മുൻ പ്രധാനമന്ത്രി ഈ നിലവാരത്തിലേക്ക് തരം താഴാമോ….. പാടില്ലതന്നെ. ഗുജറാത്തിൽ അടുത്തദിവസം മൻമോഹൻ നടത്തിയ പ്രസംഗമൊന്നു വായിച്ചുനോക്കൂ ; എത്രത്തോളം ചരിത്ര വഞ്ചനകൾ അതിലുണ്ട് എന്ന് ഓരോരുത്തർക്കുമറിയാനാവും. ജിഎസ്റ്റിയേ അദ്ദേഹം എങ്ങിനെയാണ് എതിർക്കുന്നത്….. എന്താണ് അദ്ദേഹം ജിഎസ്ടിയെക്കുറിച്ച് ഇതുവരെ പറഞ്ഞിരുന്നത്……. നോട്ട് നിരോധനത്തെ കള്ളപ്പണത്തിന്റെ ദല്ലാൾമാർ  എതിർത്തത് നാം കണ്ടു; അതിനൊപ്പം  വികാരാധീനനായി ഇറങ്ങിപ്പുറപ്പെട്ടതും ഇതേ മുൻ പ്രധാനമന്ത്രി തന്നെയാണ്.  കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇവിടെയൊക്കെ തെളിയുന്നത്. ഇത് ആദ്യസംഭവമല്ല; യുപി തിരഞ്ഞെടുപ്പിൽ ഇതൊക്കെയല്ലേ കോൺഗ്രസും കൂട്ടാളികളും പയറ്റിയത്. എന്നിട്ട് എന്താണ് സംഭവിച്ചത്. ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. എന്നിട്ടും മനസിലാവുന്നില്ല അവർക്ക്.

ഇതൊക്കെ ഗുജറാത്തിൽ ഉണ്ടാക്കുന്ന താല്പര്യം എന്താണ്…… രാഹുലിന്റെ റാലികളിൽ ആളില്ല. റോഡരികിൽ നിൽക്കുന്നവരെകണ്ട്‌  തൃപ്തിയടയുന്ന കാഴ്ചയാണ് പലപ്പോഴും.   മഹാസമ്മേളങ്ങളിൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് കാണാം.  ഇതിനകം കുറെ പ്രീ -പോൾ സർവേകൾ വന്നിട്ടുണ്ട്. ഒന്നിൽപോലും  ബിജെപി കരസ്ഥമാകുന്നതിന്റെ പകുതി സീറ്റ് രാഹുലിന്റെ കക്ഷി നേടുമെന്ന് പറയുന്നില്ല. അപ്പോഴും സർവേക്കാർ അവിടത്തെ  ശങ്കർ സിങ് വഗേലയെ മറക്കുന്നു. കോൺഗ്രസ് വോട്ടിലേക്ക് വഗേല എത്രത്തോളം ഇറങ്ങിച്ചെല്ലുമെന്ന് കണ്ടറിയണം.ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഗുജറാത്തികൾക്ക് ഒരു ആശങ്കയുമില്ല സംശയവുമില്ല…. അവർ പറയും ഞങ്ങൾ മോദിക്കൊപ്പമാണ് എന്ന്. അവിടത്തെ മുസ്ലിം സമുദായവും ഏറെക്കുറെ മോദിക്കൊപ്പമാണ്. തങ്ങൾ ബിജെപി ഭരണത്തിലുളളത്ര സുരക്ഷിതരായിരുന്നില്ല കോൺഗ്രസ് ഭരണകാലത്ത് എന്നും അവർ പരസ്യമായി  സമ്മതിക്കുന്നുണ്ട്. ഗുജറാത്തി ചാനലുകൾ കണ്ടാൽ അത് ബോധ്യപ്പെടും. പിന്നെ ഞാൻ മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്നു……. മോഡി-അമിത് ഷാ തുടങ്ങിയവർ ഇനിയും അവിടേക്ക് പ്രചാരണത്തിനെത്തിയിട്ടില്ല.  ഏതാണ്ടൊരു  ‘കാർപ്പറ്റ് ബോംബിങ്ങി’നാണ്  മോഡി-അമിത് ഷാ – ബിജെപി നേതാക്കൾ എന്നിവർ പദ്ധതിയിട്ടിരിക്കുന്നത്.  അത് തുടങ്ങുമ്പോഴേക്ക്  രാഹുലും കോൺഗ്രസും മത്സര രംഗത്തുനിന്ന് തൂത്തെറിയപ്പെടും.  അതിനുമുൻപേ തന്നെ അവർ രാഷ്ട്രീയമായി  ഒറ്റപ്പെടുന്നതും കാണാം എന്നത് വേറെ കാര്യം.

ഗുജറാത്തിലെ ചെറു നഗരങ്ങളിൽ ഇപ്പോൾ ‘സീ ന്യൂസ് ‘  പൊതുചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്.  അതിൽ കഴിഞ്ഞദിവസം  ഉയർന്നുവന്നത്  കേരളത്തിൽ കണ്ണൂരിൽ കോൺഗ്രസുകാർ പശുവിനെ തെരുവിലിട്ട് വെട്ടിക്കൊന്നതാണ്…… …. കേരളവും ഗുജറാത്തിൽചർച്ചാവിഷമാവുന്നുണ്ട്  എന്നർത്ഥം. ആ ഗോഹത്യ അവിടത്തെ   ചർച്ചക്കിടെയുണ്ടാക്കിയ ചലനങ്ങൾ പറയുകവയ്യ.   ഒരു ഉദാഹരണം സൂചിപ്പിച്ചുവെന്ന് മാത്രം. ഹർദിക് പട്ടേൽ പെട്ടിരിക്കുന്നു പ്രതിസന്ധി മറ്റൊന്ന്.    ഇതുപോലെ എന്തെല്ലാം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഏറ്റവുമൊടുവിൽ പുറത്തുവന്ന ഒരു പ്രീ -പോൾ  സർവേ കൂടി സൂചിപ്പിക്കാം.  ‘ദൈനിക് ഭാസ്കർ’ എന്ന പ്രധാനപ്പെട്ട പത്രം പറയുന്നത് ബിജെപിക്ക്  ഇത്തവണ  62. 32  ശതമാനം വോട്ട് കിട്ടുമെന്നാണ്; കോൺഗ്രസിന് കിട്ടുന്നത്  30. 76 ശതമാനമാണ്.  അത് ഏറ്റവും പുതിയ സർവേയാണ്….. അപ്പോഴും ഓർക്കുക, മോദിയും മറ്റും പ്രചാരണം തുടങ്ങുന്നതിന് മുൻപത്തെ അവസ്ഥയാണ് ഇതൊക്കെ. എങ്കിൽ 2014 ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ അതിശയിക്കാനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button