Latest NewsParayathe VayyaNews StoryNerkazhchakalWriters' CornerSpecials

ഇതിനേക്കാള്‍ നല്ലൊരു കോടതി പരാമര്‍ശം സ്വപ്നങ്ങളില്‍ മാത്രം

തോമസ് ചാണ്ടി വിഷയത്തിൽ തെക്ക്-വടക്ക് നിന്ന് സിപിഐയും സിപിഎമ്മും തമ്മിലടിക്കുകയാണ്. ഈ അവസരത്തില്‍ ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ് ഹൈക്കോടതി. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു ഹർജിക്ക് നിലനില്‍പ്പുണ്ടോയെന്ന് ചോദിച്ച കോടതി ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങൾ പരിഗണിക്കാമെന്നും പറഞ്ഞു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണെന്നും ഒരു വ്യക്തിക്ക് മാത്രം നല്കാന്‍ കഴിയുന്ന ഹര്‍ജി എങ്ങനെ മന്ത്രി നല്‍കിയെന്നും കോടതി വിമര്‍ശിച്ചു അതിനാല്‍ ​ തോമസ് ചാണ്ടി നൽകിയ ഹ‌ർജിയിൽ മന്ത്രി എന്ന നിലയിലാണ് ഹർജി നൽകുന്നതെന്ന് ആദ്യത്തെ വരിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുന്നതെന്നും കോടതി ചോദിച്ചു.

ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിർ കക്ഷിയാക്കിയാണ് മന്ത്രിയുടെ പരാതി. ഇത്തരമൊരു പരാതി മന്ത്രി ഫയൽ ചെയ്യുന്നത് അത്യപൂർവ്വ സംഭവമാണെന്നും, ഭരണ സംവിധാനങ്ങളെ എങ്ങനെയാണ് മന്ത്രി ചോദ്യം ചെയ്യുകയെന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖയാണ് ഹൈക്കോടതിയില്‍ ഹാജരായിരിക്കുന്നത്. എന്നാല്‍ ഹര്‍ജി അപൂര്‍ണ്ണമാണെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഇത് അനുചിതമെന്നും കോടതി പരാമര്‍ശിച്ചു.

മാര്‍ത്തണ്ഡം കായല്‍ കയ്യേറ്റം സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. ഇത് തെറ്റായ ഒരു കീഴ്വഴക്കമാണ്. കാരണം അന്വേഷണത്തിന് സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുകയും തുടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്താല്‍ തോമസ് ചാണ്ടിക്ക് റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാം. അങ്ങനെ അല്ലാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്രാരംഭ ദിശയില്‍ തന്നെ ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ നടപടിയാണെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിക്ക് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ തോമസ് ചാണ്ടി സ്വന്തം നിലക്കാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മന്ത്രിക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് കോടതി പരാമര്‍ശിച്ചു. സര്‍ക്കാരിനെതിരെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. അതുകൊണ്ട് മന്ത്രിയെ അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യമെന്ന് കോടതി വിലയിരുത്തി. അതേസമയം തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നിലം നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ തന്റെ പേര് വലിചിഴച്ചതാണെന്നും കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. കമ്പനി തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കേണ്ടത് തന്നെയല്ലെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ കോടതിയില്‍ വാദിച്ചു.

മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന ഹൈക്കോടതിയുടെ വിമര്‍ശനം തുടക്കത്തില്‍ തന്നെ തോമസ് ചാണ്ടിക്ക് കല്ലുകടിയായിരിക്കുകയാണ്. എല്‍ഡിഎഫിലെ പ്രമുഖ കക്ഷികളുടെ വിമര്‍ശനത്തിന് വിധേയമായിട്ടും മന്ത്രിസ്ഥാനം രാജിവെക്കാതെ മുന്നോട്ടു പോകുന്ന തോമസ് ചാണ്ടി ഹൈക്കോടതിയിലെ കേസില്‍ വിധി വരുന്നത് കാത്തിരിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ തന്നെ പടല പിണക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലൈംഗിക ആരോപണത്തില്‍ എ കെ ശശീന്ദ്രനെ പുറത്താക്കിയ മന്ത്രിസഭ ഗുരുതര ചട്ടലംഘനം നടത്തിയ തോമസ്‌ ചാണ്ടിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന സംശയം അണികള്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങി.

തോമസ് ചാണ്ടിയെ എന്‍സിപി കൈവിടുന്ന ലക്ഷണമാണ് കാണുന്നത്. ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ചാണ്ടിക്കെതിരായ ആരോപണം ഗൗരവമുള്ളതെന്നും ഭാരവാഹി യോഗം വിലയിരുത്തി. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പരാമര്‍ശം വന്ന ശേഷം പ്രതികരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. കേസ് പരിഗണിക്കുമ്പോള്‍ പല അഭിപ്രായങ്ങളും കോടതി പറയാറുണ്ട്. അതിന് കോടതിക്ക് സ്വാതന്ത്ര്യമുണ്ട്. കോടതി വിധി വരുമ്പോള്‍ രാജിക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ലയെന്നും മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി കടിച്ചുതൂങ്ങുകയാണെന്നത് മാധ്യമസൃഷ്ടിയാണെന്നും പീതാംബരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കൂടാതെ അദ്ദേഹം രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലയെന്നും ചൂണ്ടിക്കാട്ടി. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് അധികാരത്തിന്റെ കസേര വിട്ടു കൊടുക്കാന്‍ തയ്യാറാക്കാത്ത ഈ ദുര്ഭരണാധികാരികള്‍ വീണ്ടും നമ്മുടെ മുന്‍പില്‍ ഒരു ചളിപ്പും ഉളുപ്പുമില്ലാതെ തൊഴുതുപിടിച്ച കയ്യും ചുണ്ടിലെ വിരിഞ്ഞ ചിരിയുമായി കടന്നു വരുമെന്ന് തന്നെയാണ്. അല്ലെങ്കില്‍ വെല്ലുവിളികളും പ്രതിഷേധങ്ങളും വേണ്ടെന്നു വച്ച് മാനമുള്ള ഒരുവന്‍ ഈ അധികാര സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചു തന്റെ തെറ്റ് തിരുത്തില്ലേ?

രശ്മിഅനില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button