Latest NewsNewsBusiness

സംസ്ഥാനത്ത് ട്രഷറികളില്‍ നിയന്ത്രണം

 

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കവും സാങ്കേതികത്തകരാറും കാരണം ട്രഷറി ഇടപാടുകളില്‍ നിയന്ത്രണം. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മാറാവൂ എന്നാണ് ആഴ്ചകളായുള്ള നിബന്ധന. വന്‍തുകയ്ക്കുള്ള ബില്ലുകള്‍ ആവശ്യങ്ങളുടെ മുന്‍ഗണനയനുസരിച്ച് മാത്രമേ മാറാവൂ എന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ട്രഷറിയില്‍ സാര്‍വത്രികനിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ കാരണം ബുധനാഴ്ച വ്യക്തിഗത ഇനങ്ങള്‍ പോലും മാറാനായില്ല. പി.എഫില്‍നിന്ന് കുടിശ്ശിക പിന്‍വലിക്കുന്നതും തടസ്സപ്പെട്ടു. തകരാര്‍ ബുധനാഴ്ച വൈകീട്ടോടെ പരിഹരിച്ചതായി ട്രഷറി ഡയറക്ടര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അവസാനമാസങ്ങള്‍ക്ക് മുമ്പ്തന്നെ പദ്ധതിച്ചെലവ് കൂടിവരികയാണ്. അതിനാല്‍ സാമ്പത്തികവര്‍ഷത്തിന്റെ അവസാനം പദ്ധതിവിനിയോഗത്തിന് മുന്‍ഗണനനല്‍കി ട്രഷറിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ഇത്തവണ നേരത്തേ ബാധകമാക്കാനാണ് തീരുമാനം. പണം അനാവശ്യമായി പിന്‍വലിച്ച് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നത് തടയും. ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കാന്‍ ട്രഷറിയിലിപ്പോള്‍ സൗകര്യമുണ്ട്. ഇത് പ്രയോജനപ്പെടുത്തും.

ഡിസംബറില്‍ വരാനിരിക്കുന്ന വന്‍ചെലവുകള്‍ മുന്‍കൂട്ടി കണ്ട് ട്രഷറി ഇടപാടുകള്‍ ക്രമീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ക്രിസ്മസ് പ്രമാണിച്ച് ശമ്പവും പെന്‍ഷനും മുന്‍കൂര്‍ നല്‍കണം. ഇതിനുപുറമെ മൂന്ന് മാസത്തെ സാമൂഹികസുരക്ഷാപെന്‍ഷന്‍ നല്‍കണം. രണ്ടുശമ്പളത്തിനും പെന്‍ഷനുമായി 5000 കോടി രൂപയും സാമൂഹ്യസുരക്ഷാ പെന്‍ഷനായി 1550 കോടിയും വേണം. ഇതുകൂടാതെ പത്തുവര്‍ഷം മുമ്പെടുത്ത കടപ്പത്രങ്ങളുടെ പണം തിരിച്ചുകൊടുക്കേണ്ട സമയവുമാണിത്. ഇതിന് 800 കോടി രൂപ വേണം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവിടേണ്ടതുണ്ട്. ട്രഷറികളിലെ പണവിതരണത്തിന്റെ മുന്‍ഗണന പുനഃക്രമീകരിച്ചാലേ ധനസ്ഥിതി പരിപാലിക്കാനാവൂ എന്ന് ധനവകുപ്പ് പറയുന്നു. ഇതിനുള്ള ആലോചനകളിലാണ് വകുപ്പ്.

ഓണക്കാലത്തെ ചെലവുകള്‍ നേരിടാന്‍ 8500 കോടിരൂപ സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് കടമെടുത്തിരുന്നു. ഇനി ജനുവരിയിലേ കേന്ദ്രം അനുവദിച്ച കടത്തിന്റെ അടുത്ത ഗഡു എടുക്കാനാവൂ. കേന്ദ്രസര്‍ക്കാരിന്റെ നികുതിവിഹിതം മാസാദ്യം നല്‍കിയിരുന്നത് 15-ാം തീയതിലേക്ക് മാറ്റിയതും സര്‍ക്കാരിന് പ്രതിബന്ധമുണ്ടാക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button