ഹാദിയയെ കാണാന്‍ എത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ പിതാവ് മടക്കി അയച്ചു

വൈക്കം: അഖില ഹാദിയയെ കാണാൻ വീണ്ടും ഇന്നലെ ഉച്ചക്ക് വൈക്കത്തെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയെ അഖിലയുടെ പിതാവ് അശോകൻ മടക്കി അയച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അധ്യക്ഷഎം സി ജോസഫൈന്‍ , അംഗം എം.എസ്.താര, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവരെത്തിയത്. ഒദ്യോഗിക വാഹനം ഉപേക്ഷിച്ച്‌ മറ്റൊരു കാറിലായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍ എത്തിയത്.

ഹാദിയയുടെ പിതാവ് കെ.യു.അശോകന്റെ സഹോദരി ഗിരിജയുടെ വീട്ടിലെത്തിയാണ് അധ്യക്ഷ അശോകനുമായി സംസാരിച്ചത്. ഹാദിയയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അശോകന്‍ അനുമതി നല്‍കിയില്ല. ഷെഫിൻ ജഹാൻ ആവശ്യപ്പെട്ട അതെ കാര്യം വനിതാ കമ്മീഷൻ അധ്യക്ഷയും അശോകിനോട് ആവശ്യപ്പെട്ടു. 27ന് സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്ര വിമാനത്തിലാക്കണമെന്നും അതിന്റെ ചെലവ് വഹിക്കാമെന്നും കമ്മിഷന്‍ അധ്യക്ഷ അശോകനോട് പറഞ്ഞു.

അതേസമയം യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷന്‍ യാത്രാച്ചെലവ് നല്‍കേണ്ടതില്ലെന്നും അശോകന്‍ വ്യക്തമാക്കി. ഹാദിയയുടെ കാര്യത്തില്‍ മാത്രം സംസ്ഥാന വനിതാ കമ്മിഷന് എന്താണ് ഇത്ര താല്‍പര്യമെന്നും എന്‍ഐഎ അന്വേഷണം വനിതാ കമ്മിഷന്റെ ഓഫിസില്‍ നിന്നു തുടങ്ങണോ എന്ന സംശയമാണ് ഉള്ളതെന്നും അശോകൻ പ്രതികരിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന അഖിലയുടെ കാര്യത്തില്‍ ജോസഫൈന് എന്തിന് അമിത ആശങ്കയെന്നും അശോകന്‍ ചോദിച്ചു.