Uncategorized

ജഡ്ജിയുടെ കാറുമായി ഉരസി :ഇക്കാര്യം ചോദ്യം ചെയ്തതിന് യുവാവിനേയും കുടുംബത്തേയും പൊലീസ് ആറ് മണിക്കൂര്‍ വട്ടംകറക്കി

പാലക്കാട്: ജഡ്ജിയുടെ വാഹനം കാറില്‍ ഉരസിയതിനെ ചോദ്യംചെയ്തതിന് വിവിധ സ്റ്റേഷനുകളിലായി ആറുമണിക്കൂര്‍ തടഞ്ഞുവെക്കപ്പെട്ട മംഗലംഡാമിലെ കുടുംബം നിയമനടപടിക്ക്. പുതുപ്പറമ്പില്‍ നിധിനും കുടുംബത്തിനുമാണ് ഞായറാഴ്ച അങ്കമാലി കൊരട്ടിക്ക് അടുത്തുവെച്ച് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ സ്വമേധയാ കേസെടുത്തതായും ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും നിധിന്‍ പറഞ്ഞു.

രണ്ടുവയസ്സുകാരി മകള്‍, വൃക്കരോഗിയായ അച്ഛന്‍, അമ്മ, ഭാര്യ, സഹോദരി തുടങ്ങിയവരോടൊപ്പം പാലക്കാട്ടുനിന്ന് ആലുവയ്ക്കു പോകുന്നതിനിടെയാണ് സംഭവം. ഇവരുടെ കാര്‍ മറികടന്ന ജഡ്ജിയുെട വാഹനം കാറിലുരസുകയും നിര്‍ത്താതെ പോവുകയുമായിരുന്നുവെന്ന് നിധിന്‍ ആരോപിക്കുന്നു. അപകടമുണ്ടാക്കിയ എറണാകുളം രജിസ്‌ട്രേഷനുള്ള കാറില്‍ ജില്ലാ ജഡ്ജി എന്ന ബോര്‍ഡ് ഉണ്ടായിരുന്നു. തൊട്ടടുത്ത ട്രാഫിക് സിഗ്‌നലില്‍ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്തിയപ്പോള്‍ താന്‍ നിയമലംഘനം ചോദ്യം ചെയ്തു. സംഭവം നടക്കുമ്പോള്‍ കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ പുറത്തിറങ്ങുകയോ ഒന്നും അന്വേഷിക്കുകയോ ഉണ്ടായില്ല. ഹൈവേപോലീസ് വന്നിട്ടു തര്‍ക്കം തീര്‍ക്കാം എന്നു പറഞ്ഞെങ്കിലും ഡ്രൈവര്‍ കാറുമായി കടക്കുകയായിരുന്നെന്നും നിധിന്‍ ആരോപിച്ചു.

ആലുവ തോട്ടയ്ക്കാട്ടുകരയില്‍ എത്തിയപ്പോള്‍ നിധിന്റെ കാര്‍ ആലുവ ട്രാഫിക് പോലീസ് തടഞ്ഞു. യാത്രക്കാരടക്കം കാര്‍ ആലുവ ട്രാഫിക് സ്റ്റേഷനിലെത്തിച്ചു. വാഹനത്തിന്റെ രേഖകളുടെ പകര്‍പ്പ് വാങ്ങിയശേഷം ചാലക്കുടിക്ക് അയച്ചു. ഏറെ നേരം കാത്തിരുന്നിട്ടും സി.ഐ.യെ കാണാനായില്ല. പിന്നീട് എസ്.ഐ.യെ കണ്ടാല്‍ മതിയെന്നു നിര്‍ദേശം കിട്ടിയെങ്കിലും എസ്.ഐ.യും സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടരയോടെ ഒരു എ.എസ്.ഐ. എത്തി കൊരട്ടി സ്റ്റേഷനിലേക്കു പോകാന്‍ നിര്‍ദേശിച്ചു. കൊരട്ടി സ്റ്റേഷനില്‍ വൈകിട്ട് അഞ്ചു മണിവരെ നിര്‍ത്തിയശേഷമാണു വിട്ടയച്ചത്. ജഡ്ജിയോട് മോശമായി പെരുമാറിയെന്നാണ് തടഞ്ഞുവെച്ചതിന് കാരണം പറഞ്ഞതെന്ന് നിധിന്‍ പറഞ്ഞു. രേഖാമൂലം പരാതിയില്ലെന്നും ഇക്കാരണത്താല്‍ താക്കീത് നല്‍കി വിട്ടയക്കുന്നുവെന്നാണ് പോലീസ് പറഞ്ഞതെന്നും നിധിന്‍ ആരോപിച്ചു.

ഡ്രൈവറുടെ നിയമലംഘനത്തിന് യാത്രക്കാരായ സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ സ്റ്റേഷനില്‍ കൊണ്ടുപോകരുതെന്നും കുടുംബമായി സഞ്ചരിക്കുന്ന വാഹനം പെറ്റിക്കേസില്‍ പെട്ടാല്‍ തടഞ്ഞുവയ്ക്കരുതെന്നും ഡി.ജി.പി.യുടെ നിര്‍ദേശമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ഞായറാഴ്ചത്തെ നടപടിയെന്ന് നിധിന്‍ പരാതിപ്പെട്ടു.

എന്നാല്‍, കാര്‍യാത്രക്കാരെ ബുദ്ധിമുട്ടിച്ചില്ലെന്ന് കൊരട്ടി പോലീസ് പറഞ്ഞു. രണ്ട് കാറുകളുടെയും വശത്തുള്ള കണ്ണാടികള്‍ ചിറങ്ങരയില്‍ വെച്ച് ഉരസിയിരുന്നു. പിന്നീട് സിഗ്‌നലില്‍ കാര്‍നിന്നപ്പോള്‍ നിധിനും ജഡ്ജിയുടെ കാര്‍ ഡ്രൈവറുമായി തര്‍ക്കമുണ്ടായി. ഇരുവരും എറണാകുളം ഭാഗത്തേക്ക് പോവുകയും ചെയ്തു.

നിധിന്‍ പരാതിയുമായി ആലുവ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവം നടന്നത് കൊരട്ടിയാലായതിനാല്‍ അവിടെയോ ചാലക്കുടിയിലോ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. ചാലക്കുടി സര്‍ക്കിളിനെ കാണാനും പറഞ്ഞു. പിന്നീട് കൊരട്ടി സ്റ്റേഷനിലുമെത്തി. അവിടത്തെ എസ്.ഐ. ജഡ്ജിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് പരാതി ഇല്ലെന്നറിയിച്ചു. തുടര്‍ന്ന് യാത്രക്കാരെ വിട്ടയച്ചെന്നും ഒരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button