KeralaLatest NewsNewsNews Story

കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച വീരപഴശ്ശി നിനവില്‍ വരുമ്പോള്‍…

സാമ്രാജ്യത്വശക്തികളെ വിറകൊള്ളിച്ച കേരളവര്‍മ പഴശ്ശിരാജയുടെ 213-ാം രക്തസാക്ഷിത്വദിനമാണ് നവംബര്‍ 30 .‘ഇംഗ്ലീഷുകാരന്റെ അധികാര സ്രോതസ്സ് എത്രമാത്രം യുദ്ധപ്രമത്തവും വംശനികൃഷ്ടമാണെങ്കില്‍ പോലും ഞാന്‍ പതറുകയില്ല. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അവര്‍ക്കെതിരെ പോരാടും മണത്തണയിലെ പുണ്യക്ഷേത്രത്തിലെ ദൈവങ്ങളെ നിന്ദിച്ച വൈദേശികന് ഞാന്‍ മറുപടി കൊടുക്കും. ജനങ്ങള്‍ ധര്‍മ്മത്തിന്റെ പക്ഷത്തു നിലകൊളളും’. വീര പഴശ്ശിയുടെ വാക്കുകൾ. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ പോരാടി രക്തസാക്ഷിയായ അദ്ദേഹം സ്വാതന്ത്യ്രത്തിന്റെയും സ്വയംനിര്‍ണയാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണ്.

വിദേശാധിപത്യത്തിന്റെ കാലൊച്ചകള്‍ കേട്ടുതുടങ്ങിയ നാളുകളാണ് കേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകാലം. നാട്ടുരാജാക്കന്മാര്‍ പരസ്പരം പോരടിക്കുകയായിരുന്നു. മൈസൂര്‍ രാജാക്കന്മാരായ ഹൈദരാലിയുടെയും ടിപ്പുവിന്റെയും ആക്രമണങ്ങളില്‍ ദുരിതമനുഭവിച്ച മലബാറിലെ രാജാക്കന്മാര്‍ ഇംഗ്ളീഷുകാരെയാണ് സഹായിച്ചത്. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലിയുടെ അധികാരാശ്വമേധങ്ങള്‍ക്കു മുമ്പില്‍ വിറങ്ങലിച്ച കോട്ടയം രാജ്യത്ത് യുവസഹജമായ വീര്യപ്രതിരോധം സൃഷ്ടിച്ചു കൊണ്ടാണ് കേരളവര്‍മ്മ ധര്‍മ്മസംസ്ഥാപനത്തിന്റെ സുവര്‍ണവാതായനങ്ങള്‍ തുറന്ന് ചരിത്രത്തിലേക്കും കടന്നു വന്നത്.

കോട്ടയം കോവിലകത്ത് 1755ലായിരുന്നു പഴശ്ശിയുടെ ജനനം. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ പോരാടി രക്തസാക്ഷിയായ അദ്ദേഹം സ്വാതന്ത്യ്രത്തിന്റെയും സ്വയംനിര്‍ണയാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണ്. 1795ല്‍ കോട്ടയത്തെ നികുതിപിരിവ് അവസാനിപ്പിച്ച് പഴശ്ശി ഇംഗ്ളീഷുകാരെ വെല്ലുവിളിച്ചു. തുടര്‍ന്ന് പലയിടത്തായി പഴശ്ശിപ്പട ഇംഗ്ളീഷുകാരുമായി ഏറ്റുമുട്ടി. കൊള്ളനികുതി കൊടുക്കരുതെന്ന് ഒരു വിളംബരത്തിലൂടെ കേരളവര്‍മ കോട്ടയത്തെ കൃഷിക്കാരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിയും പഴശ്ശിരാജാവും തമ്മിലുള്ള ബന്ധം പൂര്‍ണമായും അറ്റു.

കോട്ടയം രാജാക്കന്മാര്‍ കുടുംബസമേതം തിരുവിതാംകൂറിലേക്ക് ഓടിപ്പോയപ്പോള്‍, ജനങ്ങള്‍ക്കൊപ്പം ധീരതയോടെ നിന്നതിനാലാണ് കേരളവര്‍മ പഴശ്ശിരാജ ജനമനസ്സുകളില്‍ ജീവിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. 1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട്. പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു.

ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലെ ഒരു ധീരൻ ഒരിക്കലും അനുവദിക്കില്ല. പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി ‘ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്’ എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണെന്നും ഇതിൽ നിന്ന് പഴശ്ശി സ്വയം ജീവനൊടുക്കിയതാണെന്നുമാണ് ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ തോമസ് എച്ച് ബേബർ|ടി എച്ച് ബേബരിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആര്‍ത്തലച്ചുവന്ന ബ്രിട്ടീഷ് സേനക്ക് മുമ്പില്‍ അടിമത്തത്തിന്റെ മ്ലേച്ഛതകള്‍ ഇറക്കിവെച്ച് പോരാടിയ പഴശ്ശി രാജാവ് വജ്രമോതിരം വിഴുങ്ങി ആത്മഹത്യചെയ്തു എന്ന ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

പഴശ്ശി കോവിലകത്തെ ഇപ്പോഴത്തെ അവകാശി പി.കെ. ശങ്കരവര്‍മ്മ രാജയാണ്, പഴശ്ശി രാജാവിന്റെ മരണം നടന്ന് നിരവധി തലമുറകള്‍ക്ക് ശേഷം കോവിലകത്തുണ്ടായ ഏക ആണ്‍തരിയാണ് ശങ്കരവര്‍മ്മ രാജ. നവംബര്‍ 30 പഴശ്ശി രാജാവ് വീരമൃത്യു വരിച്ച ദിനമായി സ്മരണോജ്വലമാകുമ്പോള്‍ സാമ്രാജ്യത്വ ദുരയുടെ ദൂരവ്യാപക ഫലങ്ങള്‍ അനുഭവിക്കുന്ന ലോകവും, ആര്‍ഷസംസ്‌കാര സമജ്വലഭാവത്തിന്റെ മൂര്‍ത്തിയായി വിളങ്ങിയ പഴശ്ശിയുടെ ഓര്‍മ്മയില്‍ പഴശ്ശി കോവിലകവും ശിരസ്സ് നമിക്കുന്നുണ്ടാകാം!

shortlink

Related Articles

Post Your Comments

Related Articles


Back to top button