Latest NewsEditorialSpecials

ത്രികോണ ചുഴിയില്‍ കാലിടറുന്നത് ആര്‍ക്ക്? ജയലളിതയുടെ വിജയമണ്ഡലം ഇനി ആര്‍ക്കൊപ്പം എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി

ഓഖി അടിച്ച അലയൊലികള്‍ തീരത്ത് ശാന്തമാകുന്നതേയുള്ളൂ. അതിനു മുന്‍പേ കരയില്‍ ശക്തമാകുകയാണ് രാഷ്ട്രീയ അലയടികള്‍. ചെന്നൈ ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ശക്തമായ ത്രികോണ മത്സരവുമായി അണ്ണാ ഡിഎംകെയും വിമതനും ഡിഎംകെയും രംഗത്ത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ രംഗം കൊഴുപ്പിക്കാൻ ബിജെപിയും സ്വതന്ത്രറുമുണ്ട്. 21നാണു തിരഞ്ഞെടുപ്പ്. ജയലളിതയ്ക്കൊപ്പം നിന്ന ജനങ്ങള്‍ ഇനി ആര്‍ക്കൊപ്പമെന്നു 24നു അറിയാം.

രണ്ടു തവണ വീതം കോൺഗ്രസിനെയും ഡിഎംകെയെയും തുണച്ചിട്ടുണ്ടെങ്കിലും പൊതുവില്‍ അണ്ണാ ഡിഎംകെയോടു കൂറുള്ള മണ്ഡലമാണ് ആർകെ നഗർ. മണ്ഡലം നിലവിൽ വന്ന ശേഷം ഏഴു തവണ പാർട്ടി സ്ഥാനാർഥികളാണു ജയിച്ചത്. അതില്‍ രണ്ടു തവണ ജയലളിതയെ വോട്ടര്‍മാര്‍ പിന്തുണച്ചു. നാല്പതിനായിരത്തോളം ഭൂരിപക്ഷം നേടിയാണ്‌ 2016ലെ തെരഞ്ഞെടുപ്പില്‍ ജയലളിത വിജയിച്ചത്. കൂടാതെ ഭരണ അനുകൂല വികാരങ്ങള്‍ ഓരോ ഉപതെരഞ്ഞെടുപ്പിലും പ്രകടമാകാറുണ്ട്. അങ്ങനെ ആണെങ്കില്‍ അണ്ണാ ഡിഎംകെയ്ക്ക് അനുകൂലമാണ് കാര്യങ്ങള്‍ എന്ന് ചിന്തിക്കം. പക്ഷേ അവിടെയും ചില കല്ലുകടികള്‍ ഉണ്ട്. പനീർസെൽവം – പളനി സാമി ലയനം, തിരഞ്ഞെടുപ്പു കളം നിറയുന്ന ദിനകരൻ, ഭരണ പക്ഷവും സർക്കാരും പരാജയമാണെന്ന ബോധം തുടങ്ങിയ ചില വിഷയങ്ങള്‍ അണ്ണാ ഡിഎംകെയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

കൃത്യം ആറു മാസം മുൻപു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കേണ്ടതായിരുന്നു. എന്നാല്‍ അന്ന് അത് അഴിമതിയുടെ പേരില്‍ അത് തടസ്സപ്പെട്ടു. വോട്ടർമാർക്കു വൻതോതിൽ പണം നൽകിയതായി കണ്ടെത്തിയതിനെത്തുടർന്നു വോട്ടെടുപ്പിന്റെ രണ്ടു ദിവസം മുൻപു തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. പിന്നെ ഇപ്പോഴത്തെ മറ്റൊരു രസാവഹമായ കാഴ്ച അന്നത്തെ ബന്ധുക്കൾ, ഇന്നു ശത്രുക്കളാണ്. അതാണ്‌ രാഷ്ട്രീയത്തിന്റെ പ്രത്യേകതയും. ഏപ്രിലിൽ അണ്ണാ ഡിഎംകെ പനീർസെൽവം വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്ന ഇ. മധുസൂദനൻ ഇന്നു പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാണ്. കൂടാതെ അണ്ണാ ഡിഎംകെ സർക്കാർ പക്ഷത്തിനു വേണ്ടി അന്ന് രംഗത്തുണ്ടായിരുന്ന ടി.ടി.വി ദിനകരൻ ഇന്നു വിമത വേഷത്തിലാണ്. ആദ്യം തിരഞ്ഞെടുപ്പ് തീരുമാനിച്ചപ്പോള്‍ ദിനകരനു വേണ്ടി കൈമെയ് മറന്നു കളത്തിലിറങ്ങിയ മുഖ്യമന്ത്രി പളനി സ്വാമി ഇപ്പോള്‍ ദിനകരനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടുകയാണ്.

കൂടാതെ ഈ തിരഞെടുപ്പില്‍ ബിജെപിയാണ്‌ പലരുടെയും എതിര്‍കക്ഷികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർകെ നഗർ മണ്ഡലത്തിൽ ബിജെപിക്കു ലഭിച്ചതു മൂവായിരത്തിൽ താഴെ വോട്ടുകളാണ്. എന്നിട്ടും ഇവര്‍ ബിജെപിയെ ഭയക്കുന്നു. കരു നാഗരാജനാണ് ബിജെപി സ്ഥാനാര്‍ഥി. അണ്ണാ ഡിഎംകെ സർക്കാരിനെ മുന്നിൽ നിർത്തി കേന്ദ്ര സർക്കാർ വഴി ബിജെപി സംസ്ഥാനത്തു വേരുറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ചിന്തയാണ് പ്രതിപക്ഷത്തിന്റെ ബിജെപി ആശങ്കയ്ക്ക് കാരണം. സിപിഎം, സിപിഐ, വിസികെ, വൈകോയുടെ എംഡിഎംകെ എന്നിവ ഡിഎംകെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ശക്തി പ്രാപിക്കാന്‍ കരുണാനിധി മകന്‍ സ്റ്റാലിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ ചില മുറുമുറുപ്പുകള്‍ ഉയരുന്നുമുണ്ട്. കൂടാതെ തിരഞ്ഞെടുപ്പു നടക്കുന്ന 21നാണു 2ജി കേസിൽ ഡൽഹി കോടതി വിധി പറയുന്നത്. മുൻ മന്ത്രി എ. രാജ, കരുണാനിധിയുടെ മകൾ കനിമൊഴി എംപി എന്നിവർ പ്രതിസ്ഥാനത്തു നിൽക്കുന്ന കേസിലെ വിധി പാരയാകുമോയെന്ന ആശങ്കയും പാര്‍ട്ടിയില്‍ ശക്തമാകുന്നു. കാര്യങ്ങള്‍ വിജയത്തില്‍ എത്തിയില്ലെങ്കില്‍ സ്റ്റാലിന്റെ നേതൃ പാടവം തന്നെ ചോദ്യം ചെയ്യപ്പെടും.

സിനിമാ സംഘടനകളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ നടൻ വിശാലും രജനി കാന്തും കമല്‍ഹാസനും തിരഞ്ഞെടുപ്പില്‍ ചൂടുള്ള വാര്‍ത്തയായിരുന്നു. വിശാലിന്റെ പത്രിക തള്ളിയതോടെ വിവാദങ്ങള്‍ ഉയരുകയും ചെയ്തു. എന്ത് തന്നെ ആയാലും വാദപ്രതിവാദങ്ങള്‍ ശക്തമാകുന്ന തമിഴ് നാട് രാഷ്ട്രീയത്തെ മറ്റുള്ളവര്‍ സശ്രദ്ധം വീക്ഷിക്കുകയാണ്. ജയലളിതയുടെ വിജയമണ്ഡലം ഇനി ആര്‍ക്കൊപ്പം എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button