Latest NewsNewsInternational

ഓഖിയുടെ നടുക്കം മാറും മുന്‍പ് ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പെ ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 14നാണ് നടക്കുന്നത്. ജനവാസമുള്ള പത്ത് ദ്വീപുകളിലെ പഞ്ചായത്തുകളിലെ 88 സീറ്റുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമാകുകയും തെരഞ്ഞടുപ്പ് നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ തിയതി മാറ്റം ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുക്കുകയായിരുന്നു.

കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് പ്രധാന മത്സരം. സി.പി.ഐ, സി.പി.എം, ബി.ജെ.പി, ജനതാദള്‍ (യുനൈറ്റഡ്) എന്നീ രാഷ്ട്രീയ കക്ഷികളും ദ്വീപുരാഷ്ട്രീയത്തില്‍ ശക്തി തെളിയിക്കാന്‍ രംഗത്തുണ്ട്. ഒന്നരവര്‍ഷം മുന്‍പ് നഷ്ടമായ ജില്ലാപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍.സി.പി. ഭരണനേട്ടങ്ങള്‍ നിരത്തി ലോക്സഭാംഗം മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ എന്‍.സി.പി വോട്ട് തേടുമ്പോള്‍ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ എം.പി ഹംദുല്ല സഈദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന് തയാറെടുക്കുകയാണ്.

12 ഗ്രാമപഞ്ചായത്ത് ഡിവിഷനും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനും വീതമുള്ള ആന്ത്രോത്തും കവരത്തിയുമാണ് വോട്ടര്‍മാര്‍ കൂടുതലുള്ള ദ്വീപുകള്‍. ഓഖി കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ച മിനിക്കോയ് ദ്വീപില്‍ 11 ഗ്രാമപഞ്ചായത്ത് ഡിവിഷനുകളും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണ് ഉള്ളത്. ഏറ്റവും ചെറിയ ദ്വീപായ ബിത്രയില്‍ മൂന്ന് ഗ്രാമപഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാപഞ്ചായത്ത് ഡിവിഷനുകളുമാണ് ഉള്ളത്. പത്ത് ദ്വീപുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 26 ജില്ലാപഞ്ചായത്ത് അംഗങ്ങളും പത്ത് ദ്വീപുകളിലെ പഞ്ചായത്ത് ചെയര്‍പേഴ്സന്‍മാരും അടങ്ങുന്നതാണ് ദ്വീപിന്റെ പ്രധാന തദ്ദേശ ഭരണസംവിധാനമായ ജില്ലാപഞ്ചായത്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button