Latest NewsNewsInternational

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാങ്കല്‍പിക കറന്‍സിയോ : സാങ്കല്‍പ്പിക കറന്‍സി ഇറക്കാനുള്ള തീരുമാനവുമായി രാഷ്ട്രതലവന്‍

കരാക്കസ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാങ്കല്‍പ്പിക കറന്‍സിയുമായി വെനിസ്വേല. അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കാന്‍ രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. പെട്രോ എന്ന പുതിയ ഡിജിറ്റല്‍ കറന്‍സിയാണ് രാജ്യത്ത് കൊണ്ടുവരാന്‍ പോകുന്നതെന്ന് മഡുറോ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. വെനസ്വേലയിലെ ക്രൂഡ് ഓയില്‍, സ്വര്‍ണം, ധാതുക്കള്‍ എന്നിവയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ കറന്‍സിയാകും പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതെന്നും മഡുറോ പ്രഖ്യാപിച്ചു.

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ വെനസ്വേലയെ കരകയറ്റാനുള്ള നീക്കമായാണ് ഡിജിറ്റല്‍ കറന്‍സി നീക്കത്തിന് പിന്നിലെന്നാണ് വിവരം. എന്നാല്‍ എന്നുമുതലാണ് പെട്രോ നടപ്പിലാക്കുന്നതെന്നോ, എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്, എപ്രകാരമാണ് മൂല്യം കണക്കാക്കുന്നത് തുടങ്ങിയ വിവരങ്ങളൊന്നും മഡുറോ വ്യക്തമാക്കിയിട്ടില്ല. ഡോളറുമായി ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് വെനസ്വേലന്‍ കറന്‍സിയായ ബൊളിവര്‍ ഇപ്പോള്‍.

പെട്രോ നടപ്പിലാക്കുന്ന പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.
ക്രിപ്‌റ്റോളജി സങ്കേതത്തില്‍ സൃഷ്ടിക്കുന്നതിനാല്‍ ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് വിധേയമാകില്ല. മറ്റ് രാജ്യങ്ങള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനത്തില്‍ കൈകടത്താനും സാധിക്കില്ല. ഏറെ പ്രചാരത്തിലുള്ള ബിറ്റ് കോയിന്‍ ഉദാഹരണം. നടപ്പിലായാല്‍ ക്രിപ്‌റ്റോളജി അധിഷ്ടിതമായ ഡിജിറ്റല്‍ കറന്‍സി സ്വന്തമായി സൃഷ്ടിച്ച് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന ഖ്യാതി വെനസ്വേലയ്ക്ക് സ്വന്തമാകും.

നിലവില്‍ 12000 കോടി ഡോളറിന്റെ കടത്തിലാണ് വെനസ്വേല മുന്നോട്ടുപോകുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് ബദലായി പ്രവര്‍ത്തിക്കുന്നതിനാല്‍ പെട്രോ നടപ്പിലാകുന്നതോടെ സാങ്കേതികമായി പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ലോകരാജ്യങ്ങള്‍ വെനസ്വേലയെ വിശ്വാസത്തിലെടുക്കാത്തതിനാല്‍ പെട്രോയുടെ ഭാവി എപ്രകാരമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. മാത്രമല്ല ക്രൂഡ് ഓയില്‍, സ്വര്‍ണം, തുടങ്ങി ഭാവിയില്‍ തീര്‍ന്നുപോയേക്കാവുന്ന ആസ്തികളുടെ അടിസ്ഥാനത്തില്‍ കറന്‍സി കൊണ്ടുവരുമ്പോള്‍ അതിനെ എങ്ങനെ ജനങ്ങള്‍ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതേസമയം റഷ്യയും ക്രിപ്‌റ്റോളജി ആടിസ്ഥാനമാക്കിയ ക്രിപ്‌റ്റോ റൂബിള്‍ എന്ന ഡിജിറ്റല്‍ കറന്‍സി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button