അബുദാബിയില്‍ മദ്യവില്‍പന നടത്തിയ പ്രവാസികള്‍ കുടുങ്ങി; അപ്പീല്‍ യു.എ.ഇ പരമോന്നത കോടതിയും തള്ളി

അബുദാബി•ജോലി സ്ഥലത്ത് അനധികൃതമായി വ്യാജ മദ്യവില്പനയും മദ്യപാനവും നടത്തിയതിന് ആറുമാസം ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസി തൊഴിലാളികള്‍ നല്‍കിയ അപ്പീല്‍ യു.എ.ഇ പരമോന്നത കോടതി തള്ളി.

അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി കീഴ്ക്കോടതികളുടെ നേരത്തെയുള്ള വിധി ശരി വയ്ക്കുകയായിരുന്നു. വ്യാജ മദ്യവില്പനയും മദ്യപാനവും നടത്തിയതിന് രണ്ട് ഏഷ്യക്കരെയാണ് കോടതി ശിക്ഷിച്ചത്.

You may also like : സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ: യു.എ.ഇയില്‍ യുവതിയ്ക്ക് കടുത്ത ശിക്ഷ

വടക്കന്‍ എമിറേറ്റുകളില്‍ ഒന്നിലെ താമസസ്ഥലത്തിന് സമീപം അനധികൃത മദ്യവില്പനയും മദ്യപാനവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ ചില വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങിയ ശേഷം ലൈസന്‍സില്ലാതെ തൊഴിലാളികള്‍ക്ക് വില്പന നടത്തി വരികയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ഇവര്‍ മദ്യപിച്ചിരുന്നതായും പോലീസ് കണ്ടെത്തി. യു.എ.ഇ നിയമപ്രകാരം ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലൈസന്‍സ് നേടാതെ മദ്യപിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ചോദ്യം ചെയ്യലില്‍ തങ്ങളുടെ സ്വന്തം ഉപയോഗത്തിന് വേണ്ടി മദ്യം ഉണ്ടാക്കുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു.

അനധികൃതമായ മദ്യവില്പന, മദ്യം കൈവശം വയ്ക്കല്‍, ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂട്ടര്‍മാര്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത്.

2 വര്‍ഷം വീതം ജയിലും തുടര്‍ന്ന് നാടുകടത്തലുമാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ ആറുമാസമായി ഇളവ് ചെയ്ത് നല്‍കുകയായിരുന്നു.

തങ്ങളെ തെറ്റായി ശിക്ഷിക്കുകയായിരുന്നുവെന്ന് പരമോന്നത കോടതിയില്‍ വാദിച്ച പ്രതികള്‍ കുറ്റങ്ങള്‍ നിഷേധിക്കുകയും ചെയ്തു. കോടതി നടപടികള്‍ എല്ലാം അറബിക് ഭാഷയില്‍ ആയിരുന്നുവെന്നും തങ്ങള്‍ക്ക് പരിഭാഷകര്‍ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ നീതിപൂര്‍വമായ വിചാരണയല്ല തങ്ങള്‍ക്ക് ലഭിച്ചതെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ പ്രതികളുടെ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി ജഡ്ജി, പ്രോസിക്യൂട്ടര്‍ ഹാജരാക്കിയ തെളിവുകളുടെയും, പ്രതികളുടെ നേരെത്തെയുള്ള കുറ്റസമ്മതമൊഴിയുടെയും അടിസ്ഥാനത്തില്‍ അപ്പീല്‍ കോടതി വിധി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്തും.

SHARE