മതനിന്ദ : ഷാര്‍ജയില്‍ മൂന്നുപേര്‍ വിചാരണ നേരിടുന്നു

sharjah court

ഷാര്‍ജ•മതനിന്ദ നടത്തിയ കേസില്‍ ഒരു വിവാഹ മോചിതനും അയാളുടെ രണ്ട് സഹോദരന്മാരും ഉള്‍പ്പടെ മൂന്ന് അറബ് വംശജരുടെ വിചാരണ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. ഒന്നാം പ്രതിയുടെ ആദ്യ ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ മതനിന്ദ നടത്തിയെന്നാണ് ആരോപണം.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍, പ്രതികള്‍ ദൈവത്തിനെതിരെയും മതത്തിനെരെയും അസഭ്യ വാക്കുകള്‍ പ്രയോഗിച്ചതായി കോടതി കണ്ടെത്തി.

എന്നാല്‍ കുറ്റം നിഷേധിച്ച പ്രതികള്‍ തങ്ങള്‍ നിരപരാധികള്‍ ആണെന്ന് വാദിച്ചു.

ഒന്നാം പ്രതിയുടെ മുന്‍ഭാര്യ ബുഹൈറ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഈ സ്ത്രീയോടൊപ്പം അതേ കെട്ടിടത്തില്‍ താമസിക്കുന്ന ദൃക്സാക്ഷിയുടെ മൊഴിയും കോടതി രേഖപ്പെടുത്തി. സംഭവം ദിവസം സ്ത്രീയുടെ മുന്‍ ഭര്‍ത്താവില്‍ നിന്ന് ഫോണ്‍ വിളി ലഭിച്ചതായി യുവതി കോടതിയോട് പറഞ്ഞു. ഇവര്‍ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ച്‌ നാടുകടത്തുമെന്ന് ഒന്നാം പ്രതിയും സഹോദരന്മാരും ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷിയായ യുവതി മൊഴി നല്‍കി.

ഫോണ്‍ കോള്‍ സ്പീക്കറില്‍ ആയിരുന്നുവെന്നും സ്ത്രീയുടെ മുന്‍ ഭര്‍ത്താവ് ദൈവനിന്ദയും മതനിന്ദയും നടത്തുന്നത് താന്‍ വ്യക്തമായി കേട്ടതായും യുവതി കൂട്ടിച്ചേര്‍ത്തു.

ഇയാളെ താന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും ദൃക്സാക്ഷി കോടതിയോട് പറഞ്ഞു. പ്രതികളും സ്ത്രീയും തമ്മില്‍ കടബാധ്യതകളേയും കുട്ടികളെ പരിപാലിക്കുന്നതിനെ ചൊല്ലിയും തര്‍ക്കിച്ചിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു.

SHARE