ഇവന്‍ മലയാളികള്‍ക്ക് അഭിമാനമെന്ന് സോഷ്യല്‍ മീഡിയ, ഓറഞ്ച് തൊപ്പി തിരികെ പിടിച്ച് സഞ്ജു

മുംബൈ: ഐപിഎല്ലിന്റെ 11-ാം സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍. തന്നെ ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ഓരോ മത്സരം കഴിയുമ്പോഴും സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകള്‍ക്ക് വ്യക്തമാക്കി കൊടുക്കുകയാണ്. ഈ സീസണില്‍ ഏറ്റവും അധികം റണ്‍ നേടുന്ന താരത്തിനുള്ള ഓറഞ്ച് തൊപ്പി ഇപ്പോള്‍ സഞ്ജുവിന്റെ തലയിലാണ്.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി മികവില്‍ രാജസ്ഥാന്‍ റോയല്‍സ് ജയിച്ചു. മുംബൈ മുന്നോട്ട് വെച്ച 168 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ശ്രേയാംസ്‌കുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷാനിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് 167 റണ്‍സെടുത്തത്. 47 ബോളില്‍ നിന്ന് യാദവ് 72 റണ്‍സെടുത്തപ്പോള്‍ 42 ബോളില്‍ നിന്ന് ഇഷാന്‍ കിഷന്‍ 58 റണ്‍സെടുത്തു. ജോഫ്ര ആര്‍ച്ചെറാണ് രാജസ്ഥാന്‍ നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, കൃഷ്ണപ്പ ഗൗതം എന്നിവരുടെ ബാറ്റിങ് മികവില്‍ ലക്ഷ്യം മറികടന്നു. 39 ബോളില്‍ നിന്ന് 52 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍ ടോപ്പ് സ്‌കോറര്‍. 11 ബോളില്‍ നിന്ന് 33 റണ്‍സെടുത്ത കൃഷ്ണപ്പയുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് മത്സരത്തില്‍ നിര്‍ണായകമായത്.

SHARE