ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി കേരളത്തിലോ ?

murder

ഷാർജയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഭർത്താവ് കേരളത്തിൽ ഉണ്ടെന്ന് സൂചന. യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ വീട്ടില്‍ കുഴിച്ചു മൂടിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്. മരിച്ച മുപ്പത്തിയാറുകാരിയുടെ മലയാളിയായ ഭര്‍ത്താവ് ഇവരെ കൊന്ന് കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം.

സഹോദരിയെ കാണാനില്ലെന്നുപറഞ്ഞു യുവതിയുടെ സഹോദരന്‍ ഷാര്‍ജയിലെത്തി പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വീടിനുള്ളില്‍ ഒരു ഭാഗത്ത് ടൈലുകള്‍ ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം ഫൊറന്‍സിക് നടപടികള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതിക്ക് രണ്ടു ഭാര്യമാരുണ്ടെന്നും കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു. പ്രതി നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് വീട് വാടകയ്ക്ക് എന്ന ബോർഡ് വീടിനു മുമ്പിൽ സ്ഥാപിച്ചിരുന്നു. രണ്ട് കുട്ടികളെയും കൂട്ടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.