ഈദ് അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ 665 ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് നടത്തും

ഷാര്‍ജ : ഷാര്‍ജയില്‍ ഈദ് അവധി ദിനങ്ങളില്‍ 665 ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അവധി ദിനങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധിച്ച തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം. 665 ബസുകള്‍ അവധിദിനങ്ങളില്‍ 1000 പ്രതിദിന സര്‍വീസ് നടത്തും. അവധി ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്റര്‍സിറ്റി ബസുകളില്‍ ഏകദേശം 40,000 ത്തോളം പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ കണക്കുകൂട്ടല്‍.

ജുബൈലില്‍ സ്‌പെഷ്യല്‍ ബസ് സ്‌റ്റേഷന്‍ വ്യാഴാഴ്ച ആരംഭിയ്ക്കും. ജൂണ്‍ 17 വരെയാണ് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുക. അഞ്ച് മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയുള്ള ഇടവേളകളിലാണ് സര്‍വീസ് നടത്തുക. കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് 70തിലധികം ജീവനക്കാരെ അധികം നിയമിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രീ-പെയ്ഡ് ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നത് ട്രാഫിക് പൊലീസ് പട്രോളിംഗ് നടത്തും.

ചൂട് ഉയര്‍ന്നതിനാല്‍ ബസ് സ്റ്റേഷനുകളില്‍ 15,000 കുപ്പി വെള്ളം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.