കെ.സുധാകരനെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഉടന്‍ തീരുമാനിക്കും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാനത്ത് യുഡിഎഫിനിടയില്‍ തര്‍ക്കങ്ങള്‍ കത്തി നില്‍ക്കെ പാര്‍ട്ടിയില്‍ സമാധാന അന്തരീക്ഷം കൊണ്ടു വരാന്‍ കേന്ദ്ര നീക്കം. ഇതിനാല്‍ തന്നെ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് മികച്ച നേതൃത്വം വേണമെന്ന ചിന്തയും ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് തീരുമാനമുണ്ടായിരുന്നു. അതിന്റെ ഭാഗമായി കേന്ദ്ര നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

കൊച്ചിയില്‍ നിന്നും അദ്ദേഹം ഇന്ന് വൈകുന്നേരമോ നാളെ രാവിലയോ പുറപ്പെടുമെന്നാണ് സൂചന. ഇതിനിടയില്‍ സുധാകരന് അനുകൂലമായ ഫ്‌ലെക്‌സ് ബോര്‍ഡുകളും തലസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി .കെ.സുധാകരനെ നിയമിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വം സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സിലും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.