പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി സദ്യ ഉണ്ണുന്ന ചിത്രം മോര്‍ഫ് ചെയ്തതിനു പിന്നില്‍ : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി സദ്യ ഉണ്ണുന്ന ചിത്രം മോര്‍ഫ് ചെയ്തതിനു പിന്നില്‍ ആരെന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്ത്. ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്തുനിന്നെന്നു സൂചന. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരെ മുഴുവന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ മാസം 30ന് പിണറായിയില്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത ഫോട്ടോയാണ് മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കപ്പെട്ടത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന് സ്റ്റേഷനില്‍വച്ച് മുഖ്യമന്ത്രി ജനറല്‍ ഡയറിയില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തുന്ന ചിത്രം, ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണു കേസ്.

ഫോട്ടോ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിന് മൂന്നുപേരെ കഴിഞ്ഞദിവസം പിണറായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.