filmindepthliteratureworldnews

24 കലാകാരന്മാരുടെ സ്മരണകളുമായി ‘പിന്‍നിലാവ്’ പ്രകാശനം

 

ഡിസംബര്‍ 9 മുതല്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കി കടന്നുപോയ കലാകാരന്മാരെ അനുസ്മരിക്കും. ചലച്ചിത്ര പ്രതിഭകളായ കല്പന, കലാഭവന്‍ മണി, ടി.എ റസാഖ് എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകളടങ്ങുന്ന മൂന്ന് പുസ്തകങ്ങളും 24 കലാകാരന്മാരുടെ സ്മരണകളടങ്ങുന്ന ‘പിന്‍നിലാവ്’ എന്ന പുസ്തകവും ചടങ്ങുകളില്‍ പ്രകാശിപ്പിക്കും.

ഡിസംബര്‍ 11 ന് വൈകുന്നേരം 6.30 ന് ശ്രീ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉര്‍വ്വശി, ജോണ്‍പോള്‍, ഐ.വി. ശശി, കെ.പി.എ.സി ലളിത, സിദ്ധാര്‍ഥ് ഭരതന്‍, ഷാജി കൈലാസ്, രാഘവന്‍, ബി. ഉണ്ണികൃഷ്ണന്‍, മണിയന്‍പിള്ള രാജു, ടി.വി ചന്ദ്രന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കല്പനയെക്കുറിച്ചുള്ള പുസ്തകം തിരക്കഥാകൃത്ത് ദീദി ദാമോദരനും ടി.എ റസാഖിന്റെ കലാജീവിതം സംവിധായകനായ കെ.ബി വേണുവും കലാഭവന്‍ മണിയെക്കുറിച്ചുള്ള പുസ്തകം ചലച്ചിത്ര നിരൂപകന്‍ മധു ജനാര്‍ദ്ദനനുമാണ് തയ്യാറാക്കിയത്.

ജോണ്‍പോള്‍, ഭാഗ്യലക്ഷ്മി, രാമചന്ദ്ര ബാബു, ചെലവൂര്‍ വേണു, ശ്രീബാല കെ. മേനോന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകമാണ് പിന്‍നിലാവ്.

2015 സെപ്റ്റംബര്‍ 1 മുതല്‍ 2016 ഓഗസ്റ്റ് 31 വരെയുള്ള മലയാള ചിത്രങ്ങളുടെ കാറ്റലോഗും മേളയുടെ ഭാഗമായി പ്രകാശിപ്പിക്കും. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായ ചെക്ക് സംവിധായകന്‍ ജെറി മന്‍സിലിന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള പുസ്തകം ഡിസംബര്‍ 10 ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രകാശിപ്പിക്കും.

shortlink

Post Your Comments

Related Articles


Back to top button