മലയാള സാഹിത്യ സിനിമാ രംഗത്തെ ഗന്ധര്‍വ്വ സാന്നിദ്ധ്യം

നോവലും കഥകളും സിനിമയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നമുക്ക് കാട്ടിതന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളാണ് പി. പത്മരാജന്‍. മലയാള സാഹിത്യ സിനിമാ രംഗത്ത് ഗന്ധര്‍വ്വ സാന്നിദ്ധ്യമായി നിറഞ്ഞുനിന്ന പ്രതിഭയാണ് പി. പത്മരാജന്‍. മലയാള സിനിമയ്ക്കും കഥാ നോവല്‍ എന്നീ മേഖലയിലും ഭാവനയുടെ മാന്ത്രിക സ്പര്‍ശം നല്‍കിയ മഹാനായ ആ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇരുപത്തിയാറു വര്‍ഷങ്ങള്‍. പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന പ്രണയവും ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥകളോടു കിട പിടിക്കുവാന്‍ പിന്നെ വന്നവര്‍ക്ക് ആയില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്ക് ഉണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു.

1960 കളില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ സര്‍ഗ്ഗവിസ്മയങ്ങള്‍ അക്കാലത്തെ പുതുതലമുറയുടെ മാത്രമല്ല പിന്നീടുവന്ന ഒരോ പുതുതലമുറയുടേയും ആവേശമായിത്തീര്‍ന്നു. പ്രണയവും വിഷാദവും ക്രോധവും കാരുണ്യവും രതിയുമെല്ലാം പത്മരാജന്റെ കഥകളിലും നോവലുകളിലും പുതിയ മാനങ്ങള്‍ നേടുന്നതു കാണാനാകും. അദ്ദേഹത്തിന്റെ രചനകളെല്ലാം വായനക്കാരെ ഭാവതീവ്രമായ ഒരു ലോകത്തേക്ക് നയിക്കുന്നവയാണ്.

മലയാള സാഹിത്യരംഗത്ത് മറ്റൊരെഴുത്തുകാരനും കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലൂടെല്ലാം കടന്നു ചെന്ന് അനുഭവിച്ചറിഞ്ഞതും കേട്ട് പരിചയിച്ചതുമായ കഥകളാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ പടര്‍ന്ന് പന്തലിച്ചത്. ജീവിതത്തിന്റെ ദുരൂഹസന്ധികളില്‍ പീഡിപ്പിക്കപ്പെടുകയും ജന്മവാസനകളുടെ പ്രലോഭനങ്ങളില്‍പ്പെട്ടുഴലുകയും ചെയ്യുന്ന മനുഷ്യാത്മാവിന്റെ നിത്യ സങ്കടങ്ങളാണ് പത്മരാജന്റെ കഥകള്‍ക്കാധാരം.

മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന പി. പത്മരാജന്‍ 1945 മേയ് 23 ന് ആലപ്പുഴയിലെ ഹരിപ്പാട് ജനിച്ചു.

1975ല്‍ എഴുതിയ പ്രയാണം ആണ് അദ്ദേഹത്തിന്‍റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവര്‍ത്തി സിനിമയുടെ ചുക്കാന്‍ പിടിച്ച ഭരതന്‍പത്മരാജന്‍ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ സംവിധായകനായ പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു.

നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ആ ഗന്ധര്‍വ്വ കലാകാരന്‍ 1993 ജനുവരി 24ന് അന്തരിച്ചു. ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകള്‍ ആയി കണക്കാക്കപ്പെടുന്നു. 1991ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.

1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജനെ തേടിയെത്തി. വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ ശ്രദ്ധേയമാണ്.