literatureworldnewstopstories

ആരാണ് ഇവര്‍ക്ക് അതിന് അധികാരം കൊടുത്തത്? രോഷത്തോടെ ശാരദകുട്ടി ചോദിക്കുന്നു

മനുഷ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇതൊന്നു കേള്‍ക്കണം. ഇടപെടണം എന്ന കുറിപ്പോടെ വിമര്‍ശകയും അധ്യാപികയുമായ ഡോ എസ് ശാരദകുട്ടി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ മലപ്പുറത്തെ ഒരു സ്കൂളില്‍ നടക്കുന്ന വിവേചനത്തെ തുറന്നു കാണിക്കുന്നു. സ്കൂള്‍ മേനേജ്മെന്റ് എങ്ങനെയാണ് കുട്ടികളെ മണ്ടന്‍ മിടുക്കന്‍ എന്നിങ്ങനെ തരം തിരിച്ചു ക്ലാസ് റൂമുകള്‍ ഉണ്ടാക്കുന്നത്‌. വിഷയത്തിന്റെ അല്ലെങ്കില്‍ കുട്ടികളുടെ എണ്ണം കൂടിയതിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്കൂളുകളും നിശ്ചിത കുട്ടികളെ ഒരു ക്ലാസ്സ്‌ റൂമില്‍ ഉള്പ്പെടുത്തുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അതിനു മാറ്റം വന്നു വെന്നും പഠനത്തിന്റെ അടിസ്ഥാനത്തില്‍ മണ്ടന്‍, മിടുക്കന്‍ എന്നിങ്ങനെ വേര്‍തിരിച്ചു ക്ലാസ് മുറികള്‍ രൂപപ്പെട്ടുവെന്നും ശാരദകുട്ടി പറയുന്നു. മലപ്പുറത്തെ ഒരു സ്കൂളില്‍ നടക്കുന്ന ഈ രീതി കേരളത്തിലെ മിക്ക സ്കൂളുകളില്‍ നടക്കുന്നുണ്ട്.

നാളെ, ജാതി തിരിച്ചും നിറം തിരിച്ചും ഇരുത്തി തുടങ്ങിയേക്കും.ഒരു കുട്ടിയെ മണ്ടന്‍ എന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ആരാണ് ഇവര്‍ക്ക് അതിന് അധികാരം കൊടുത്തത്? രോഷത്തോടെ ശാരദകുട്ടി ചോദിക്കുന്നു

ശാരദകുട്ടിയുടെ പോസ്റ്റ്‌ പൂര്‍ണ്ണ രൂപം:
ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ ദയവു ചെയ്ത് ഇത് ഷെയര്‍ ചെയ്ത്,അവരുടെ കുട്ടികളോ അവരുടെ സുഹൃത്തുക്കളുടെ കുട്ടികളോ പഠിക്കുന്ന സ്കൂളില്‍ ഞാന്‍ താഴെ പറയുന്ന ഈ സംഭവം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. മനുഷ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇതൊന്നു കേള്‍ക്കണം. ഇടപെടണം. മലപ്പുറത്ത് ഒരു അംഗീകൃത ഹയര്‍ സെക്കണ്ടറിസ്കൂളില്‍ ഇങ്ങനെ നടക്കുന്നു എന്ന് എനിക്ക് അറിയാം. എന്‍റെ അറിവിന്‌ അടിസ്ഥാനം കേട്ടുകേഴ്വിയാണ്.(Hear say) അത് തെളിവാവില്ല. അത് കൊണ്ട് തന്നെ സ്കൂളിന്‍റെ പേര് വെളിപ്പെടുത്തുവാന്‍ കഴിയില്ല. ആര്‍ക്കും മനപ്പൂര്‍വ്വം യശോഹത്യ വരുത്താന്‍ ആഗ്രഹമില്ല. നേരിട്ട് അന്വേഷിക്കുവാന്‍ ജനാധിപത്യവിശ്വാസികളും വിദ്യാഭ്യാസത്തില്‍ താത്പര്യമുള്ള ആളുകളും സഹകരിക്കണം.
മലപ്പുറം ജില്ലയിലെ ഒരു Aided ഹയര്‍ സെക്കണ്ടറി സ്കൂളില്‍ റിസള്‍ട്ട് മെച്ചമാക്കുന്നതിന്റെ ഭാഗമായി കുട്ടികളെ Aപ്ലസ് കിട്ടാന്‍ സാധ്യതയുള്ളവര്‍, ശരാശരി വിദ്യാര്‍ഥികള്‍, മണ്ടന്മാര്‍ എന്ന് മൂന്നു വിഭാഗമായി തിരിച്ചു പ്രത്യേകം ക്ലാസ് മുറികളില്‍ ഇരുത്തി ക്ലാസ് സമയത്ത് പഠിപ്പിക്കുകയാണ് എന്ന് അറിയാന്‍ കഴിഞ്ഞു. മണ്ടന്മാര്‍ /മണ്ടികള്‍/മിടുക്കന്മാര്‍/മിടുക്കികള്‍ എന്ന് ടീച്ചര്‍മാര്‍ കണ്ടെത്തിയവര്‍ക്ക് പ്രത്യേകം ക്ലാസ് മുറി !!! നാളെ, ജാതി തിരിച്ചും നിറം തിരിച്ചും ഇരുത്തി തുടങ്ങിയേക്കും.ഒരു കുട്ടിയെ മണ്ടന്‍ എന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ആരാണ് ഇവര്‍ക്ക് അതിന് അധികാരം കൊടുത്തത്?ആ സ്കൂളിന്‍റെ പ്രത്യേക അധ്യയനരീതിയുമായി ചേര്‍ന്ന് പോകാത്ത കുട്ടിയാണോ മണ്ടന്‍? ഏതു വിദ്യാഭ്യാസ ചട്ടം പ്രകാരമാണ് ഈ വേര്‍തിരിവ്? ഇനി അഥവാ മന്ത്രിയുടെയോ ഡി പി ഐ യുടെയോ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ടെയൊ പ്രത്യേക ഉത്തരവുണ്ടോ? മണ്ടന്‍മുറിയില്‍ ഉള്‍പ്പെട്ടു പോയ ഒരു കുട്ടിയുടെയും ആ കുട്ടിയുടെ രക്ഷിതാവിന്റെയും മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കാവുന്നതാണ്.

ചുറ്റും നടക്കുന്ന കാര്യങ്ങള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. കൂട്ട ആത്മഹത്യകള്‍ കേള്‍ക്കേണ്ടി വരുന്നതിനു മുന്‍പ് ഈ മനുഷ്യാവകശലംഘനത്തിനെതിരെ നടപടി ഉണ്ടാവണം.ഇതിന്റെ നിജസ്ഥിതി അറിയുവാനും അങ്ങനെ ഉണ്ടെങ്കില്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് ഈ മനുഷ്യത്വരാഹിത്യം തിരുത്തിക്കാനും നമുക്ക് കഴിയണം. പ്രത്യേക മുറികളില്‍ ക്ലാസ് സമയത്ത് മാറ്റി ഇരുത്തുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണ്. അന്വേഷിക്കണം.ആ ജില്ലയില്‍ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഇടപെട്ട് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ക്ലാസ് സമയത്തിനു ശേഷം പ്രത്യേക പരിശീലനം ഏര്‍പ്പാടാക്കുകയും അങ്ങനെ അവരെ മുന്‍ നിരയിലേക്ക് കൊണ്ട് വരികയും ചെയ്യേണ്ടതിനു പകരം മണ്ടര്‍ എന്ന് ടീച്ചര്‍മാര്‍ക്ക് തോന്നുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് റൂം എന്ന സംവിധാനം പ്രാകൃത യുഗങ്ങളില്‍ പോലും കേട്ടുകേള്‍വി ഇല്ലാത്തതാണ്. ജനാധിപത്യം പുലരാന്‍ കാലം ജാഗ്രതയുള്ള ഒരു പൌരസമൂഹത്തെ ആവശ്യപ്പെടുന്നു.(ഊന്നല്‍ ഇതാണ്.ക്ലാസ് സമയത്ത് വ്യത്യസ്ത മുറികളില്‍ മണ്ടന്‍/മിടുക്കന്‍ വിഭജനം നടക്കുന്നു എങ്കില്‍ അത് എതിര്‍ക്കണം. ആ വേര്‍തിരിവ് ഇല്ലാതാക്കണം)

 

shortlink

Post Your Comments

Related Articles


Back to top button