literatureworldnewstopstories

രണ്ടാമത് കേരള സാഹിത്യോത്സവം ഇന്ന് മുതല്‍

രണ്ടാമത് കേരള സാഹിത്യോത്സവം ഇന്ന് മുതല്‍. ഡി.സി ബുക്സും സംസ്ഥാന ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ഇന്ന് വൈകുന്നേരം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സാഹിത്യസംവാദങ്ങളില്‍ ആറു വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുന്നൂറോളം എഴുത്തുകാര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രമുഖരുമായി ഫയര്‍സൈഡ് ചാറ്റ്, സാമൂഹികപ്രസക്തിയുള്ള ചലച്ചിത്രങ്ങളും ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രോത്സവം, പാചകോത്സവം, ഒ.വി. വിജയന്‍െറ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങിയവയാണ് സാഹിത്യോത്സവത്തില്‍ പ്രധാനമായും അരങ്ങേറുന്നത്.

ഞായറാഴ്ചയാണ് സാഹിത്യോത്സവം സമാപിക്കുക. സാഹിത്യോത്സവത്തിന്‍റെ മുന്നോടിയായി ബുധനാഴ്ച വൈകീട്ട് വിളംബരജാഥ സംഘടിപ്പിച്ചു. കോര്‍പറേഷന്‍ ഓഫിസ് പരിസരത്തെ സ്വാഗതസംഘം ഓഫിസില്‍നിന്നാരംഭിച്ച ജാഥ വേദിക്കു സമീപം സമാപിച്ചു. കെ.സച്ചിദാനന്ദന്‍, എ.കെ. അബ്ദുല്‍ ഹക്കീം, ദീദി ദാമോധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുടങ്ങുന്ന സ്റ്റുഡന്‍റ്സ് കെ.എല്‍.എഫ് ജില്ല കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ സദ്ഗുരു ജഗി വാസുദേവ് മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണാഫ്രിക്കന്‍ കവി ആരി സിതാസ്, പാകിസ്താനി നോവലിസ്റ്റ് ഖൈസ്ര ഷഹറാസ്, സ്ലൊവീനിയന്‍ എഴുത്തുകാരന്‍ എവാല്‍ദ് ഫ്ലിസാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമുഖരുമായി സംവദിക്കാന്‍ മുഖാമുഖം ഉണ്ടായിരിക്കും. സദ്ഗുരുവും ശശികുമാറും തമ്മിലുള്ള മുഖാമുഖവും, തുടര്‍ന്ന് സദ്ഗുരുവും മഞ്ജു വാര്യറും തമ്മിലുള്ള മുഖാമുഖവും അരങ്ങേറും.

shortlink

Post Your Comments

Related Articles


Back to top button