literatureworldshort story

പുഴയാഴങ്ങള്‍

പുഴയാഴങ്ങള്‍

ഹരി കൃഷ്ണന്‍ കര്‍ത്ത

 

പുഴ അവധൂതനോട്
“ഹേ, അവധൂതാ, നിനക്കായി ഞാന്‍ പിറന്നാള്‍ മംഗളങ്ങള്‍ നേരുന്നു”
അവധൂതന്‍ തന്‍റെ ഏകാന്തതയിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിറഞ്ഞ മദ്യക്കുപ്പിയും പ്ലാസ്റ്റിക് ചഷകങ്ങളും അടുത്തു തന്നെയുണ്ട്.
പുഴ ആവര്‍ത്തിച്ചു
“അല്ലയോ മിത്രമേ, നീ കേട്ടില്ലെന്നുണ്ടോ? ഞാന്‍ നിനക്കായി ജന്മദിന ആശംസകള്‍ നേരുന്നു”
അവധൂതന്‍ പുഴയെ നോക്കി. അയാളുടെ മുഖം വികാരരഹിതമാണ്.
“കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷങ്ങളായി നീയിതാവര്‍ത്തിക്കുന്നു. നിനക്കീ നന്ദികെട്ടവന്‍റെ നന്ദി”
അവധൂതന്ന്‍റെ വാക്കുകളില്‍ മനംനിറഞ്ഞെന്ന പോലെ പുഴ ചിരിച്ചൊഴുകി.
അവധൂതന്‍ മദ്യക്കുപ്പി തുറന്നു. കുപ്പിയും ചഷകങ്ങളുമായി പുഴയുടെ അരികിലേക്ക് വന്നു. ഒരു ചഷകത്തിലേക്ക് വിറയ്ക്കുന്ന കരങ്ങളോടെ മദ്യം പകര്‍ന്നു. മറ്റൊരു ചഷകത്തില്‍ പുഴയിലെ വെള്ളം മുക്കിയെടുത്ത്, മദ്യം പകര്‍ന്ന ചഷകത്തിലേക്കൊഴിച്ചു.
“നിന്‍റെ ചഷകത്തിലെ വിഷത്തേക്കാള്‍ ഘോരവിഷമാണ് അതിലേക്ക് നീ ഒഴിക്കുന്നത്”
“അറിയാം, എന്നിട്ടും ഈ നശിച്ച ജീവിതം ഒടുങ്ങുന്നില്ലല്ലോ”
“ജീവിതത്തെ നീ വെറുത്തുവെങ്കില്‍ ആത്മഹത്യ ചെയ്തു കൂടേ?”
“എന്തു ചെയ്യാം അതിനുള്ള ധൈര്യമില്ല. എത്രയോ തവണ നിന്‍റെ ആഴങ്ങളിലെ ഗര്‍ത്തങ്ങളിലേക്ക് സ്വയം അര്‍പ്പിക്കാനായി ഒരുങ്ങി വന്നതാണ് ഞാന്‍. പക്ഷെ മനസ്സിനുള്ളിലിരുന്ന്‍ ആരോ, എന്തോ അവസാന നിമിഷം പിറകോട്ട് വലിക്കുന്നു”
“നീ ഭീരുവാണ്”
പുഴയുടെ പരിഹാസം
പുഴയുടെ പരിഹാസത്തെ കൂസാതെ, നെറ്റിയിലെ ചന്ദനക്കുറി മായ്ച്ചു കളഞ്ഞു കൊണ്ട്, അവധൂതന്‍ ചഷകത്തിലെ മദ്യം അകത്താക്കി. അവധൂതന്‍റെ അടുത്ത ഉദ്യമത്തില്‍ പുഴയും മദ്യത്തിന്‍റെ രുചിയറിഞ്ഞു.
“ഉം, നിന്‍റെ കൂട്ടര്‍ എന്നിലേക്കൊഴുക്കുന്ന കൊടിയ വിഷങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇതമൃതാണ്”
പറന്നകന്ന ഒരു ചെമ്പോത്തിനെ കണ്ണുകള്‍കൊണ്ട് പിന്തുടര്‍ന്ന്‍ അവധൂതന്‍ ചോദിച്ചു
“ഒന്നു ചോദിച്ചോട്ടെ, നിന്‍റെ തീരങ്ങളില്‍ എത്രയോ പേര്‍ ഇന്ന്‍ ജന്മദിനം ആഘോഷിക്കുന്നുണ്ടാവും. അവരെയൊക്കെ നീ ആശംസിക്കുന്നുണ്ടാവില്ലേ? അതിലൊരാള്‍ മാത്രമല്ലേ ഞാന്‍?’
“എന്‍റെ തീരങ്ങള്‍ ഇപ്പോള്‍ വിജനങ്ങളാണെന്ന്‍ നിനക്കറിഞ്ഞു കൂടെ? നീ പറഞ്ഞ ആഴമേറിയ ഗര്‍ത്തങ്ങള്‍ എനിക്കു സമ്മാനിക്കുന്ന നിന്‍റെ കൂട്ടര്‍ മാത്രമേ ഇപ്പോള്‍ എന്നെ തേടിയെത്താറുള്ളൂ. എന്‍റെ അടിത്തട്ട് മാന്തി ഗര്‍ത്തങ്ങളുടെ ആഴമേറ്റാന്‍, എന്‍റെ തീരാവേദന കൂട്ടാന്‍”
“ആ ഗര്‍ത്തങ്ങള്‍ തുറന്നു തന്നെയിരിക്കട്ടെ. ഒരിക്കല്‍ ഞാന്‍ എന്നെ അവിടെ സമര്‍പ്പിക്കും”
“നിന്നെപ്പോലെ തന്നെ എന്‍റെ ആഴങ്ങളിലെ വേദനയെ ഞാനും ഇപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു”
“ഹും, അതിജീവനത്തിന്‍റെ അനിവാര്യത”
“അല്ല. നിന്നെപ്പോലെ തന്നെ, എന്‍റെ തീരങ്ങളിലൊന്നില്‍ നിന്നും എനിക്കു കിട്ടിയ ഒരു സുഹൃത്തിനെ, ഒരു കൊച്ചുബാലികയെ, ഞാന്‍ രക്ഷിച്ചു. എന്‍റെ അടിപ്പരപ്പിലെ ആഴങ്ങളുപയോഗിച്ച്”
“എങ്ങനെ?”
“എന്‍റെ തീരത്ത് മണല്‍ക്കൊട്ടാരമുണ്ടാക്കിക്കൊണ്ടിരുന്ന അവളെ ഒരുവന്‍ അക്രമിക്കാന്‍ വന്നു. ഭയന്ന അവള്‍ രക്ഷക്കായി എന്നിലേക്കെടുത്ത് ചാടി. പുറകേ ആ നരാധമനും”
“എന്നിട്ട്”
“അവനെ ഞാന്‍ എന്‍റെ ചുഴികളുടെ മാദകത്വത്തില്‍പ്പെടുത്തി എന്‍റെ അടിത്തട്ടിലെ ആഴങ്ങളിലേക്കാനയിച്ചു. എന്‍റെ ആഴങ്ങളിലൊളിഞ്ഞിരിക്കുന്ന ഗര്‍ത്തങ്ങളിലൊന്നില്‍പ്പെട്ട് അവന്‍ യാത്രയായി, ഒരിക്കലും തിരിച്ചു വരാത്ത യാത്ര”
“അപ്പോള്‍ ആ ബാലിക?”
“ആ ബാലിക…….” പുഴ ഒരു നിമിഷം നിര്‍ത്തി.
“അവള്‍ എന്‍റെ ആഴങ്ങളിലെ കൊട്ടാരത്തില്‍ ജലകന്യകമാരോടൊത്ത് കളിച്ചുല്ലസിച്ചു നടക്കുന്നു”
അവധൂതന്‍റെ നെറ്റിയില്‍ നിന്നും അടര്‍ന്നുവീണ ചന്ദനക്കുറിയിലെ ചന്ദനകണങ്ങള്‍ കാറ്റിന്‍റെ കൈകളില്‍പ്പെട്ട് അപ്പോഴേയ്ക്കും പുഴയുടെ വിരിമാറിലേയ്ക്കെത്തിയിരുന്നു.

shortlink

Post Your Comments

Related Articles


Back to top button