നങ്ങേലി

കവിത/ വിജു നമ്പ്യാര്‍

 

തുള്ളിത്തുളുമ്പുമാ പാല്‍ക്കുടങ്ങള്‍
നടാടെ നെഞ്ചിലടച്ചുപൂട്ടി,
പൊന്നാര്യന്‍പാടം കതിരിറക്കാന്‍
നങ്ങേലീം കൂട്ടരും പോകുന്നുണ്ടേ…

വലംകയ്യിലുണ്ടല്ലോ കൊയ്ത്തരിവാള്‍ ..
കൈതോലക്കുട്ടയിടുപ്പിലുണ്ടേ..
കാറ്റിനോടെല്ലാം കിന്നാരം ചൊല്ലും,
തേനൂറും പാട്ടൊന്നു ചുണ്ടിലുണ്ടേ..

കൂമ്പിയ താമരമൊട്ടു കാണാന്‍
കയ്യാലകേറിയ നമ്പോലന്മാര്‍
താമരക്കുളങ്ങള്‍ തൂര്‍ന്നുകണ്ട്
ഇളിച്ചിട്ടിളിഭ്യരായവിടം വിട്ടു.

കൂടിയുറപ്പിച്ചു കേമരന്ന്
കരമൊന്നു ചുമത്തേണം മറച്ചമാറില്‍ !
കെല്‍പ്പില്ലാതെങ്ങനെ കരമടയ്ക്കും..
കരമില്ലേല്‍ തുറപ്പിക്കാമടച്ചമാറും!

ഈവക ചിന്തയാല്‍ വെള്ളമൂറ്റി
കുംഭകുതിര്‍ത്താ,കൊച്ചമ്പ്രാക്കള്‍ !
ഒട്ടുമമാന്തമില്ലാതെതന്നെ..
കാര്യസ്ഥന്മാരും നാണമന്ന്യേ
വാല്യക്കാരൊത്ത് കുടിലുതെണ്ടി.

കാശില്ലാപ്പാവങ്ങള്‍ കെട്ടഴിച്ചു,
കുലവാഴകുടപ്പന്‍പോല്‍ മാറുമങ്ങ്
നെഞ്ചിന്‍റെ താളത്തിനാടി നിന്നു.
നങ്ങേലിപ്പെണ്ണിന്‍റെ കുടിലുംവന്നു ;

കരമൊന്നുകേട്ടപ്പോള്‍ പെണ്ണ് ഞെട്ടി!
മുനയോടെ മറുചോദ്യമൊന്നയച്ചു!
കാര്യസ്ഥന്‍ കെറുവിച്ചു കണ്ണുരുട്ടി…
“ഇടന്തേര് ചൊല്ലണ്ട കീഴാളത്തീ..
കാശില്ലേല്‍ നിന്നുടെ റൌക്ക കീറും!”
കോപത്താല്‍ വക്രിച്ച വദനവുമായി
നങ്ങേലിയകത്തേക്ക് പാഞ്ഞുകേറി.
കാര്യസ്ഥനലറി വിളിച്ചുകൂവി..
“വെക്കം വന്നോളീ പെണ്ണാളെ നീ
അല്ലേലെന്‍ ശിങ്കിടി വലിച്ചെറക്കും!”

ജാസ്തിപറഞ്ഞില്ലാ,യതിനുമുന്നെ
കാളിയായി പെണ്ണ് പുറത്തേയ്ക്കെത്തി..
കയിലെ അരിവാളാലാഞ്ഞുവെട്ടി-
ക്ഷീരമൃതേന്തേണ്ട തന്‍ ‍മുലകള്‍!
“കൊണ്ടോയി തിന്നെടാ കശ്മലരെ..!”
അട്ടഹസിച്ചവള്‍ ആര്‍ത്തലറി…

ചെമ്പരത്തിപോല്‍ ചുമന്ന പെണ്ണ്
തക്ഷണമങ്ങ് തളര്‍ന്നുവീണു!
മാനത്തിന് മല്ലിട്ട പെണ്ണിനെക്കണ്ട്
മേദിനിയൊരുമാത്ര മൂകമായി!

ഊഴിയെ ഉറിയ്ക്കുള്ളിലാക്കിക്കണ്ടു,
ആഴിയില്‍ കരയുമതാക്കിക്കണ്ടൂ ,
അമ്പിളിതന്നില്‍ നീരുറവ കണ്ടു,
പെണ്ണാളിന്‍ മനമിനിയെന്നു കാണ്മൂ..!