യോഗ പരിശീലനത്തിന് ‘യോഗപാഠാവലി’

യോഗയുടെ പ്രചാരണത്തില്‍ ഇന്ന് ലോകത്തിനു മുന്‍പില്‍ മികച്ച പരിപാടികളാണ് ഇന്ത്യ കൈകൊള്ളുന്നത്. ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി നാം ആചരിക്കുകയാണ്. സ്ത്രീ പുരുഷ ഭേദമെന്യേ ഏതൊരാള്‍ക്കും നിത്യേന അഭ്യസിക്കാന്‍ ഉതകും വിധം യോഗയെക്കുറിച്ചു പറയുന്ന ഗ്രന്ഥമാണ് യോഗപാഠാവലി. ആരോഗ്യമാണ് നമ്മുടെ സമ്പത്ത് . ആരോഗ്യം ലഭിക്കാന്‍ ശുദ്ധഭക്ഷണം കഴിച്ചാല്‍ മാത്രം പോരാ യോഗയും വളരെ ആവശ്യമാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആര്‍ജ്ജിക്കുന്നതിന് യോഗപരിശീലനം സഹായകമാണ്. അതിനുതകും വിധമാണ് യോഗപാഠാവലി തയ്യാറാക്കിയിരിക്കുന്നത്.

യോഗവിദ്യയിലും പ്രകൃതിചികിത്സാ പദ്ധതികളിലും അരനൂറ്റാണ്ടിലേറെക്കാലം പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ യോഗാചാര്യ ഗോവിന്ദന്‍ നായരുടെ പുസ്തകമാണ് യോഗപാഠാവലി. കുട്ടികള്‍ക്ക് 16 ആഴ്ചകൊണ്ട് അഭ്യസനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രണ്ട് സെറ്റ് യോഗ സിലബസാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹഠയോഗത്തിലെ അടിസ്ഥാനപരവും ലളിതവുമായ 44 യോഗാസനങ്ങളും രണ്ട് പ്രാണായാമവുമാണ് ചെറിയ കുട്ടികള്‍ക്ക് എട്ട് ആഴ്ചകൊണ്ട് പരിശീലിക്കാവുന്ന ആദ്യ സെറ്റില്‍ കൊടുത്തിരിക്കുന്നത്. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള രണ്ടാം സെറ്റില്‍ 24 അഡ്വാന്‍സ്ഡ് യോഗാസനങ്ങളും നാല് പ്രാണായാമങ്ങളും ഉണ്ട്. ഓരോ വിഭാഗക്കാരും പരിശീലനത്തിനു ശേഷം പതിവായി അഭ്യസിക്കേണ്ട ആസന പ്രാണായാമങ്ങളുടെ പ്രത്യേക പട്ടികയും ചിത്രങ്ങളും ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.