literatureworldnewsstudy

ഗുഹാതുരത്വമുണര്‍ത്തുന്ന വായനാനുഭവങ്ങള്‍

നിലത്തെഴുത്ത് കളരിയില്‍ ആശാന്റെ ചൂട് കൈവിരലുകളാല്‍ മണ്ണില്‍ വിരിഞ്ഞ അക്ഷരങ്ങള്‍ ചേര്‍ത്തു ചേര്‍ത്തുള്ള വായന.. എഴുത്തോലയില്‍ തിളങ്ങിയ അക്ഷരങ്ങളുടെ വായന.. പിന്നെ സ്കൂളില്‍ സ്ലേറ്റും കല്ലു പെന്‍സിലും ചേര്‍ന്ന് ഒരുക്കിയ അക്ഷരങ്ങള്‍.. വാക്കുകള്‍.. ടീച്ചറുടെ താളത്തിനൊപ്പം പുസ്തകത്തിലെ വര്‍ണ്ണ ചിത്രങ്ങള്‍ക്കൊപ്പം കൂട്ടുവായനയില്‍ പങ്കാളിയായി.. അക്ഷരങ്ങള്‍ സ്വന്തം നാക്കിനു വഴങ്ങുമ്പോഴുള്ള ആഹ്ലാദത്തില്‍.. അമ്മയുടെ കൈയിലെ ചിത്ര വര്‍ണ്ണ പുസ്തകങ്ങളിലൂടെ കഥയും കവിതയും ഭാവനയും പേടിയും നിറഞ്ഞ ഓര്‍മ്മകള്‍….

അക്ഷര സ്ഫുടതയ്ക്കായി വരാന്തയിലൂടെ ഉറക്കെയുറക്കെ ആവര്‍ത്തിച്ച പാഠങ്ങള്‍… വാക്കുകള്‍. പ്രഭാതത്തിന്റെ തണുത്ത വരന്തായില്‍ അപ്പൂപ്പനൊപ്പം പത്രത്താളുകളിലേക്ക് .. അരികില്‍ ആവി പറക്കുന്ന കട്ടന്‍ കാപ്പിയുടെ മാധുര്യത്തോടെ ഓരോ വാക്കുകളും വികാരമായി സ്വന്തമാക്കി തുടങ്ങിയ ദിനങ്ങള്‍..

പത്രത്തില്‍ നിന്നും അച്ഛന്റെയും അധ്യാപകരുടെയും പുസ്തക സമ്മാനങ്ങളിലെ കഥയിലെ രാജകുമാരനായും കിളികളുടെ പാട്ടുകാരനായും മാറിയതോടെ അറിവിന്‍റെ മണ്ഡലത്തില്‍ ഭാവനയുടെ കടന്നു കയറ്റം. എം.ടിയും തകഴിയും വീട്ടിലെ കാരണവരായി കാതുകളില്‍ കഥ പറഞ്ഞപ്പോള്‍ നാട്ടിന്‍ പുറത്തെ ഊട് വഴികളിലൂടെ ലൈബ്രറിയിലെ കുഞ്ഞന്‍ പുസ്തകത്തിലെ ഉറുമ്പ്‌ വലിപ്പമുള്ള അക്ഷരങ്ങളിലൂടെ ലോക സാഹിത്യത്തിലെ മഹാരഥന്മാര്‍ക്ക് പിന്നാലെയുള്ള നടത്തം.

ഇല്ലായ്മക്കാരന്റെ സങ്കടങ്ങള്‍ ഉള്ളില്‍ ഉണര്‍ത്തിയ വേദനയില്‍ രാഷ്ട്രീയ ചുവപ്പ് ചാര്‍ത്തിയ അക്ഷരങ്ങള്‍.. പുതിയ കാലത്തിന്‍റെ വേഗതയുടെ വായനയില്‍ ഇപ്പോഴും ജൈവികമായ അടുപ്പം അക്ഷരത്താളുകളോട് നിറഞ്ഞു നില്‍ക്കുന്നു. നെയ്‌ വിളക്കിന്റെ മണമുള്ള മണ്ണക്ഷരങ്ങള്‍, ചാരമണമുള്ള സ്ലേറ്റ്‌ അക്ഷരങ്ങള്‍, പുത്തന്‍ സ്വപ്‌നങ്ങള്‍ വിടര്‍ത്തിയ ഓരോ ബുക്കിലെയും മയില്‍ പീലി മണമുള്ള, തൂവെള്ള നിറമുള്ള, കടും കാപ്പി മധുരിക്കുന്ന… കരുതലും സ്നേഹവും പകര്‍ന്ന തലമുറയുടെ അക്ഷരങ്ങള്‍.. വികാരങ്ങള്‍.. വാക്കുകള്‍.

ഡിജിറ്റല്‍ സ്ക്രീനിനു സാധ്യമാകാത്ത, കാരളില്‍ പതിഞ്ഞ ഗന്ധമുള്ള വാക്കും വായനയും ഇന്നും കാലത്തെ അതിജീവിക്കാനുതകുന്ന ശക്തിയായി വികാരമായി ഉള്ളില്‍ നിറയുന്നു.

shortlink

Post Your Comments

Related Articles


Back to top button