മലയാളത്തിന്‍റെ പ്രിയ സഞ്ചാരി വിട പറഞ്ഞിട്ട് 35 വര്‍ഷം

 

ലോകത്തിന് ദേശത്തിന്റെ കഥ പകർന്നു നൽകിയ വിശ്വ സഞ്ചാരി യാത്രയായിട്ട് ഇന്ന് 35 വർഷം എസ്.കെയെന്ന രണ്ടക്ഷരങ്ങളില്‍ ഒതുങ്ങി നിന്ന്​ ലോകം മുഴുവന്‍ സഞ്ചരിച്ച ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് തന്നോടൊപ്പം വായനക്കാരെയും ലോകത്തി​ലെ വിവിധ വഴികളിലൂടെ കൈപിടിച്ച്‌​ നടത്തിച്ചു. ഗ്രാമത്തി​​​​ന്റെ പച്ചയായ ജീവിതങ്ങളായിരുന്നു എസ്.കെയുടെ എഴുത്തുകള്‍. താന്‍ കണ്ട മനുഷ്യരുടെ കഥകള്‍. തനിക്ക്​ നേരിട്ടറിയാവുന്ന ജീവിതം, താനറിഞ്ഞ മനുഷ്യര്‍‍. അവയെല്ലാം വായനക്കാരനും പകര്‍ന്നു നല്‍കി. എസ്​.കെയുടെ ഓരോ യാത്രയും വായനക്കാര​​​ന്റെ അനുഭവമായി പുനരവതരിച്ചു. അവ പിന്നീട് വായനക്കാര​​​​ന്റെ ലഹരിയായി. 18ഒാളം യാത്ര വിവരണങ്ങളിലൂടെ എസ്​.കെ മലയാളിയെ ഒാരോ വന്‍കരകളിലുടെയും നടത്തിച്ചു. ഒരു കാല ഘട്ടത്തിലെ മലയാളികൾ ലോകം കണ്ടത് എസ്കെ വാക്കുകളിലൂടെയായിരുന്നു. സഞ്ചാര സാഹിത്യത്തിന് വേറിട്ട മുഖം സമ്മാനിക്കാൻ എസ്കെ പൊറ്റക്കാടിന് സാധിച്ചു.

ശ്രീധരനൊപ്പം അതിരാണിപ്പാടവും ഓമഞ്ചിയുടെയും കേളുമാഷി​​​​ന്റെയും കൂടെ മിഠായി തെരുവും ഒരു ദേശത്ത് നിന്നു മറ്റൊരു ദേശത്തേക്ക് സഞ്ചരിച്ചു. കാപ്പിരികളുടെ നാടും, ബാലി ദ്വീപും, നൈല്‍ ഡയറിയും പാതിരാസൂര്യ​​​​ന്റെ നാടും എസ്​.​കെ യുടെ വരികളിലൂടെ മലയാളി അനുഭവിച്ചറിഞ്ഞു. മനുഷ്യരോടൊപ്പം തെരുവും ദേശവും എസ്.കെയുടെ കഥകളില്‍ കഥാപാത്രങ്ങളായി. ചെറുകഥയും നോവലും യാത്രാവിവരണങ്ങളും ലേഖനങ്ങളുമായി 60ഒാളം പുസ്തകങ്ങളഴുതിയ എസ്​.കെ കോഴിക്കോ​ട്ടെ മിഠായിത്തെരുവിനെ കഥാപാത്രമായി എഴുതിയ ‘ഒരു തെരുവി​​​​ന്റെ കഥ’ക്ക്​ 1961ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്​ ലഭിച്ചു. ‘ഒരു ദേശത്തി​​​​ന്റെ കഥ’ക്ക്​ 1972 കേരള സാഹിത്യ അക്കാദമി അവാര്‍ഡും ’77ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ​ 1980ലെ ജ്​ഞാനപീഠം അവാര്‍ഡിനും ​ഇൗ നോവല്‍ അര്‍ഹമായി.

കോഴിക്കോ​ട്ടെ പുതിയറയിലുള്ള ‘​ചന്ദ്രകാന്തം’ എന്ന വീട്ടില്‍ വച്ചാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘ഒരു ദേശത്തി​​​​ന്റെ കഥ’ എന്ന നോവല്‍ എസ്.കെ എഴുതിയത്​ ​. ദീര്‍ഘ യാത്രകള്‍ക്ക്​ ശേഷം എസ്​.കെ വിശ്രമിക്കാനെത്തിയിരുന്ന, രണ്ടു മുറികളും കോറിഡോറും അടുക്കളയുമുള്ള ഇൗ വീട്​ പുതുമോടിയിലേക്ക് മാറുകയാണ് എസ്.കെയുടെ കൃതികളും ഡയറികുറിപ്പുകളും ഉപയോഗിച്ച വസ്തുക്കളുമെല്ലാം എസ്.കെ സാംസ്കാരിക കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എസ്.കെയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെയെത്താം. വർഷങ്ങൾ എത്ര കഴിഞ്ഞാലും തലമുറ എത്ര മാറിയാലും മലയാളികളുടെ മനസ്സിൽ എസ്കെ യുടെ സ്ഥാനം അചഞ്ചലമാണ്.