literatureworldnewstopstories

വാക്കുകള്‍ വിലക്കുന്ന കാലം; ബീഫ്, ദലിത് എന്നീ വാക്കുകള്‍ക്ക് സര്‍ക്കാര്‍ കോളജ് മാഗസിനില്‍ വിലക്ക്

 

എത്ര ഗ്രാമീണമായ പദങ്ങള്‍ നമുക്കുണ്ടായിരുന്നു. അവയെല്ലാം എവിടെ പോയി? മാനക ഭാഷയുടെ പേരില്‍ അവയെല്ലാം നമ്മള്‍തന്നെ അവയെ പുറംതള്ളി. എന്നിട്ട് ഇപ്പോഴോ? വര്‍ത്തമാനകാല രാഷ്ട്രീയ അവസ്ഥയില്‍ വാക്കുകള്‍ നിഘണ്ടു വിട്ടുപോകുന്ന കാലമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്ന് പറയാം. . കാരണം പല വാക്കുകള്‍ക്കും ഇപ്പോള്‍ നിരോധനമാണ്. മുന്പ് സിനിമകളില്‍ ലൈംഗികത കാണിക്കുമ്പോഴും തെറി പടങ്ങള്‍ ഉപയോഗിക്കുമ്പോഴും ഉപയോഗിച്ചിരുന്ന ബീപ് സൌണ്ട് നമ്മുടെ നിത്യ ജീവിതത്തിലും ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ. അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍നിന്ന് ചില വാക്കുകള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ്. ‘പശു, ഗുജറാത്ത്, ഇന്ത്യയെക്കുറിച്ചുള്ള ഹിന്ദുകാഴ്ചപ്പാട്, ഹിന്ദു ഇന്ത്യ’ എന്നീ വാക്കുകളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവയ്ക്കുപകരം ‘ബീപ്’ ശബ്ദം കേള്‍പ്പിച്ചാല്‍മതി എന്നാണ് ഉത്തരവ്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ വീണ്ടും വാക്കു നിരോധനം. കോളേജ് മാഗസീന്‍ വിവാദത്തില്‍. മുന്പ് മുലയെന്ന പദം ഉപയോഗിച്ചതിന്റെ പേരില്‍ കേരളത്തില്‍ വിവാദം ഉണ്ടായത് ആരും മറന്നു കാണില്ല. ലൈംഗിക ചുവ ആരോപിച്ചാണ് മുന്പ് പദങ്ങള്‍ നിരോധിച്ചതെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ അസഹിഷ്ണുതയല്ലെയെന്നു ചിന്തിക്കേണ്ടി വരും.

നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ 2016-17 കാലത്തെ മാഗസിനാണ് രാഷ്ട്രീയ ഉള്ളടക്കങ്ങളെ തുടര്‍ന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായത്. എം.എസ്എഫ്, കെ.എസ്‌യു, എസ്എഫ്‌ഐ എന്നീ സംഘടനകള്‍ സംയുക്തമായി നയിക്കുന്ന കോളജ് യൂനിയന്‍ തയ്യാറാക്കിയ ‘ഇമിരിച്ചല്, ചൂടാന്തിരി, പൊയച്ചില്’ എന്നു പേരിട്ട മാഗസിനാണ് വിവാദത്തിലായത്. രാജ്യത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ അവസ്ഥകളെ രാഷ്ട്രീയമായി സമീപിക്കുന്ന ലേഖനങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും കുറിപ്പുകള്‍ക്കുമാണ് വിലക്ക് വീണത്. രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും ചില വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും കാണിച്ചാണ് വിലക്കെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു.

‘ബീഫ് എന്ന വാക്ക് പാടില്ല, പകരം ഭക്ഷണം എന്നുപയോഗിക്കണം. ദലിത് എന്ന വാക്കിന് പകരം സഹോദരന്‍ എന്നേ പാടുള്ളൂ’. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ കോളജിലെ മാഗസിനിലാണ് ബീഫ്, ദലിത് അടക്കമുള്ള വാക്കുകള്‍ക്ക് വിലക്ക്. ഇതുമാത്രമല്ല, എം.മുകുന്ദന്റെ നോവല്‍ ഭാഗം, വി ടി ബല്‍റാം എം.എല്‍.എയുടെ അഭിമുഖം, സംഘപരിവാറിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവയും മാഗസിനില്‍ പാടില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. 114 പേജുള്ള മാഗസിനിലെ മുഖക്കുറിപ്പും കവര്‍ ചിത്രവുമടക്കം 40 പേജുകള്‍ ഒഴിവാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് പ്രിന്‍സിപ്പലും സ്റ്റാഫ് എഡിറ്ററും ചില അധ്യാപകരും ആവശ്യപ്പെട്ടിരുന്നതെന്ന് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് പറയുന്നു. എന്നാല്‍, രാഷ്ട്രീയ പക്ഷപാതപരമായ ഉള്ളടക്കം ഒഴിവാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്.

ചൂടും പുകച്ചിലും അസഹ്യാവസ്ഥയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന നാട്ടുപ്രയോഗമാണ് ‘ഇമിരിച്ചല്, ചൂടാന്തിരി, പൊയച്ചില്’. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെ വിശേഷിപ്പിക്കാനാണ് ഈ വാക്കുകള്‍ മാഗസിന്റെ ശീര്‍ഷകമായി ഉപയോഗിച്ചതെന്ന് മാഗസിന്‍ കമ്മിറ്റി പറയുന്നു. 114 പേജാണ് മാഗസിനുള്ളത്. ഇതിലെ ഉള്ളടക്കം ഒരു പാട് സമയമെടുത്ത് തയ്യാറാക്കിയതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്നാല്‍ ഒരു മലയാളി എന്നാനിലയില്‍ ഞന്‍ ഇതില്‍ ആശങ്കപ്പെടുന്നത് മറ്റുകാരണങ്ങള്‍ കൊണ്ടാണ്. നാളെ മുതല്‍ വാക്കുകള്‍ക്ക് മേലുള്ള ഇത്തരം സെന്സരിംഗ് വര്‍ദ്ധിക്കുകയാണെങ്കില്‍ പരസ്പരമുള്ള ആശയ വിനിമയം എങ്ങനെ നടത്തും. വാമൊഴിയും വരമൊഴിയും നിഷേധിക്കപ്പെടുന്ന കാലത്ത് വീണ്ടും ആംഗ്യാഭിനയങ്ങളുടെ കര്‍ണ്ണ ശപഥം നമ്മള്‍ ആടേണ്ടി വരില്ലേ? ജനാധിപത്യത്തെ ‘ആശയങ്ങളുടെ സ്വതന്ത്രവിപണി’യെന്ന് വിശേഷിപ്പിച്ചത് അമേരിക്കന്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി, ഒളിവര്‍ വെന്‍ഡല്‍ ഹോമാണ്. സ്വാതന്ത്യ്രമാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്നാണ് ഹോം പറഞ്ഞുവച്ചത്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് എന്താണ്? രാഷ്ട്രീയ ഭിന്നതകള്‍ എല്ലായിപ്പോഴും ഉണ്ടാകും. യോജിപ്പും യുക്തിപരമായ വിയോജിപ്പും അഭിപ്രായസ്വാതന്ത്യ്രവും (Freedom of Expression), അഭിപ്രായാനന്തര സ്വാതന്ത്യ്രവുമൊക്കെ (Freedom after Expression) ജനാധിപത്യത്തില്‍ സുപ്രധാനമാണ്. എന്നിരുന്നിട്ടുകൂടി ആവിഷ്കാര സ്വാതന്ത്ര്യങ്ങളെ തച്ചുടയ്ക്കുന്നത് കാണുമ്പോള്‍ പ്രതികരിക്കാന്‍ എല്ലാവര്ക്കും ഭയം. കമ്മ്യൂണിസ്റ്റ് ഭരിക്കുമ്പോള്‍ അവര്‍ക്കെതിരെ മിണ്ടാന്‍ പാടില്ല. എങ്കില്‍ അവന്‍ തീവ്രവാദി. അവനെ നിശബ്ദനാക്കും. സംഘപരിവാര്‍ സംഘടനകള്‍ ശക്തരായിരിക്കുന്ന ഇക്കാലത്ത് അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ അവിടെയും നിശബ്ദനാക്കാന്‍ ശ്രമം നടക്കും. അപ്പോള്‍ ഉയരുന്ന ഒരു സംശയം എന്താണ് ഫാസിസം?

വിവരാവകാശത്തിന്റെയും വിവര സാങ്കേതികവിദ്യയുടേതുമായ ഈ ലോകത്ത് വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് വൈരുധ്യംതന്നെ. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനുമാകില്ല. എതിര്‍ സ്വരങ്ങള്‍ ഉച്ചരിക്കുന്നവരെ ചില ഹിന്ദുത്വസംഘടനകളില്‍പ്പെട്ടവര്‍ ഇല്ലായ്മചെയ്തതും, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം ഭരണകൂടം തടഞ്ഞതും ഇനിയും മറക്കാറായിട്ടില്ല. അടുത്തകാലത്ത് എന്‍ഡിടിവിയിലെ പ്രണോയ്റോയിക്കെതിരെ നടത്തിയ നീക്കങ്ങള്‍ ഇതിന്റെ മറ്റൊരു ഉദാഹരണമായി നില്‍ക്കുന്നു.

shortlink

Post Your Comments

Related Articles


Back to top button