interviewliteratureworldtopstories

മോദി കറകളഞ്ഞ ജനാധിപത്യവാദി

പി വത്സല/ രശ്മി

 

മനുഷ്യന്റെ വേദനകളും സ്വപ്നങ്ങളും കഥകളിലേക്ക്‌ ആവാഹിച്ച മലയാളത്തിന്റെ പ്രിയ കഥാകാരിയാണ് പി വത്സല. കറകളഞ്ഞ ജനാധിപത്യവാദിയാണ് മോദി എന്ന അഭിപ്രായത്തെ മുറുകെ പിടിച്ചു കൊണ്ട്  സമൂഹത്തില്‍ ഇന്ന് നിലനില്കുന്ന അസഹിഷ്ണുതകളെയും സംസ്കരിക രംഗത്തെ രാഷ്ട്രീയ വല്കരണത്തെയും കുറിച്ച് ഈസ്റ്റ് കോസ്റ്റിനോട് സംസാരിക്കുന്നു.

കേരള സാഹിത്യ അക്കാദമിക്ക് 60 വര്‍ഷം ആഘോഷിക്കപ്പെടുകയാണ്. ഈ 60 വര്‍ഷം മലയാള ഭാഷയെയും സാഹിത്യത്തെയും വളര്‍ത്താന്‍ അക്കാദമിക്ക് സാധിച്ചിട്ടുണ്ടോ?

അക്കാദമി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു സംസ്കാരിക സ്ഥാപനമാണ്‌. പത്ത് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്പ് ഭാഷയുടെ വളര്‍ച്ചക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആ തലമുറ ഇന്നില്ല. മലയാള ഭാഷയോട് കമ്മിറ്റ്മെന്‍റ് ഉള്ള തലമുറ നഷ്ടമായി. പകരം അധികാരവും പണവും രാഷ്ട്രീയവും അവിടെ ആധിപത്യം സ്ഥാപിച്ചു. അതാണ് അക്കാദമിയുടെ അധപ്പതനത്തിനു കാരണം.

ഇന്ന് ആളുകള്‍ പഴയ തലമുറ, ഊര്‍ജ്ജവും ഓജസ്സും ഉള്ള ആളുകള്‍, പിന്നെ യംഗ്സ്റ്റെഴ്സ് അതായത് യുവത്വം തുളുമ്പുന്നവര്‍ ഇങ്ങനെ ഉള്ളവര്‍ മാറി അവിടെ അധികാരത്തിന്‍റെ ആര്‍ത്തിപിടിച്ച നോട്ടങ്ങള്‍ മാത്രമായി ചുരുങ്ങി. അക്കാദമി ആദ്യകാലത്ത് ഇറക്കിയിരുന്ന ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അക്കാദമിയുടെ അന്നും ഇന്നും ഉള്ള വ്യത്യാസം മനസിലാകും. പഴയ കാലത്ത് ഉണ്ടായിരുന്ന ഗുപ്തന്‍ നായര്‍ സാറിനെ പോലുള്ളവരെ എടുത്തു പറയേണ്ടി വരും. ഇന്നത്‌ മാറി അക്കാദമി പൊളിറ്റിക്കലായി.

സാംസ്കാരിക രംഗം രാഷ്ട്രീയവല്‍കരിക്കുന്നത് ശരിയാണോ?

തീര്‍ച്ചയായും അല്ല. കാരണം നമുക്കും നമ്മുടെ ഭാഷയ്ക്കും ഒരു കള്‍ച്ചര്‍ ഉണ്ട്. അത് രാഷ്ട്രീയവല്കരിക്കുന്നതിലൂടെ നഷ്ടപ്പെടുകയാണ്. തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരക്കും തമിഴ് പാരമ്പര്യം കലര്‍ന്നൊരു കള്‍ച്ചര്‍, കാസര്‍ഗോഡ്‌ തുളു കലര്‍ന്ന പാരമ്പര്യം ഇതെല്ലാം ഇന്ന് നഷ്ടമായി. പകരം ഒരു മാനകഭാഷയായി മലയാളം മാറി. സത്യം പറഞ്ഞാല്‍ അത് അല്ല വേണ്ടത്. ഭാഷയെ സ്റ്റാന്‍ഡേര്‍ഡൈസ്ട് ചെയ്തു പാഠപുസ്തകങ്ങള്‍ പോലെ ആക്കുക അല്ല പകരം ഭാഷയെ അതിന്റെ തനതു മൂല്യങ്ങളില്‍ വളര്‍ത്തുകയാണ് വേണ്ടത്.

രാഷ്ട്രീയ അധികാരികള്‍ പിടിച്ചടക്കിയ സാംസ്കാരികതലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ചും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തയാണോ?

സാഹിത്യത്തിന്റെ പരമോന്നത പീഠമായി പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനമാണ്‌ അക്കാദമി. അതിനു വില്പത്തി ഉള്ള കുറച്ചു പേര്‍ ഉണ്ടാകണം. ഏതു വിഷയത്തിനും സംശയാതീതമായി ഉത്തരം നല്‍കാന്‍ കഴിയുന്ന, ഭാഷയും, ക്ലാസിക് കൃതികളെയും പഴമയുടെ മൂല്യങ്ങളും അറിയുന്ന കുറച്ചു പണ്ഡിതര്‍. അങ്ങനെ ഉള്ള എത്രപേര്‍ ഇന്ന് അക്കാദമിയില്‍ ഉണ്ട്? ഇവിടെ ഓരോ പ്രാവശ്യവും അധികാരം നേടുന്നത് പോലെ കുറച്ചു പേര്‍ തലപ്പത്ത് എത്തുന്നു. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു അവര്‍ എല്ലാം മാറി പുതിയ ആള്‍ക്കാര്‍ വരുന്നു. അവര്‍ അവരുടെ ഇഷ്ടത്തിനു അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.  അപ്പോള്‍ ഒരു തുടര്‍ച്ച അവിടെ ഇല്ലാതാകുന്നു. പകരം രാജ്യസഭ പോലെ വണ്‍ തേര്‍ഡ് നെ മാറ്റുന്ന രീതി കൊണ്ട് വരുന്നത് നല്ലതായിരിക്കും.

അക്കാദമി യുവ എഴുത്തുകാരെയും ഭാഷയെയും വളര്‍ത്തുന്നതില്‍ വളരെ പുറകില്‍ ആല്ലേ പ്രവര്‍ത്തിക്കുന്നത്?

വളരെയധികം പുറകിലാണ് ഇന്ന് അക്കാദമിയുടെ പ്രവര്‍ത്തനം. ചില എയ്ഡട് സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ അക്കാദമി കണ്ടു പഠിക്കേണ്ടതാണ്. പുതിയ തലമുറയ്ക്ക് സാഹിത്യത്തിലും ഭാഷയിലും അവഗാഹം നേടികൊടുക്കാന്‍ ചില അധ്യാപകര്‍ അവിടെ ശ്രമിക്കുന്നുണ്ട്. അതുപോലെ നാട്ടിന്‍പുറങ്ങളിലെ ലൈബ്രറികളും സംഘാടകരും ശ്രമിക്കുന്നത് ഇന്നത്തെ തലമുറയെ ഭാഷയുമായി അടുപ്പിക്കാന്‍ സഹയിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉള്ള സമിതിയാണ് അക്കാദമി. പക്ഷേ അവര്‍ക്ക് ലക്ഷ്യം കൂട്ടാളികള്‍ക്കു അവാര്‍ഡ് കൊടുക്കുക എന്നത് മാത്രമാണ്.

അവാര്‍ഡു കൊടുക്കാന്‍ ഉള്ള വേദി മാത്രമല്ല അക്കാദമി എന്ന് പുതിയ പ്രസിഡന്‍റ് വൈശാഖന്‍ പറഞ്ഞിരുന്നു?

അത് കണ്ടു തന്നെ അറിയണം. അക്കാദമിയില്‍ ക്രിയേറ്റിവ് പ്രവര്‍ത്തങ്ങള്‍ നടക്കുന്നില്ല. നമ്മുടെ ഭാഷക്ക് ക്ലാസിക്കല്‍ പദവി കിട്ടി. എന്നിട്ട് എന്ത് സംഭവിച്ചു? അതുകൊണ്ടല്ലേ പറയുന്നത് തമിഴര്‍ക്കു ഉള്ള ഭാഷാസ്നേഹം മലയാളികള്‍ക്ക് ഇല്ല എന്ന്. ഇന്ന് എല്ലാവര്ക്കും പണത്തിനോടും അധികാരത്തിനോടും ആണ് താല്പര്യം. ഒ എന്‍ വി യും എം ടി യും അക്കാദമിയില്‍ ഉണ്ടായിരുന്ന കാലം എത്ര മാതൃകാപരമായാണ് അക്കാദമി പ്രവര്‍ത്തിച്ചിരുന്നത്. അത് എല്ലാം പോയി. അതുപോലെ പബ്ലിക്കേഷന്‍സ് കാര്യം ശ്രദ്ധിച്ചാലും അത് കാണാം. ഗോദവര്‍മ്മ, കുഞ്ഞന്‍പിള്ള തുടങ്ങിയവരുടെ കാലത്ത് പുതിയ പുതിയ വിഷയങ്ങള്‍ അക്കാദമിയില്‍ ആദ്യം ചര്‍ച്ച ചെയ്യുമായിരുന്നു. ഇന്ന് അത് നടക്കുന്നില്ല. പിന്നെ പരിചയകാര്‍ക്കും സ്നേഹിതര്‍ക്കും അവാര്‍ഡ് വീതിച്ചു കൊടുക്കുന്നത് മാറണം. വര്‍ഷംതോറും എത്രയോ നാല്ല കൃതികള്‍ പുറത്തു വരുന്നു. അത് ഒരു ഓപ്പണ്‍ സ്പൈസില്‍ ചര്‍ച്ച ചെയ്യണം. തൃശ്ശൂര്‍ നല്ല ഓഡിയന്‍സ് ഉള്ളതാണ്. അത് ഉപയോഗപ്പെടുത്താവുന്നതാണ്.

അപ്പോള്‍ അവാര്‍ഡ് കമ്മറ്റി പരിഗണിക്കുന്ന ബുക്കുകള്‍ കൃത്യമായി പരിശോധിക്കാറില്ലേ?

മുന്പ് എല്ലാം കൃത്യമായ പാരിശോധന നടന്നിരുന്നു. പല തലങ്ങളിലൂടെ പരിശോധിച്ചു കഴിഞ്ഞിട്ടായിരുന്നു അവാര്‍ഡ് നല്‍കിയിരുന്നത്. ഇന്ന് കമ്മറ്റിയില്‍ ഉള്ളവരുടെ സന്തോഷത്തിനും സൌഹൃദത്തിനും ആയി അവാര്‍ഡ് മാറി. ഞാന്‍ അവാര്‍ഡ് കമ്മറ്റിയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. ആളെ നോക്കി അവാര്‍ഡു കൊടുത്തു എന്ന പരാതി ഞാന്‍ ഉണ്ടായിരുന്ന കമ്മറ്റി കേട്ടിട്ടില്ല.

ഇന്ന് സമൂഹത്തില്‍ കാണുന്ന മറ്റൊരു പ്രവണതയാണ് അവാര്‍ഡ് തിരിച്ചു കൊടുക്കല്‍. അതിനെ എങ്ങനെ കാണുന്നു?

അവാര്‍ഡ് ഒരാളുടെ എഴുത്തിനു കിട്ടുന്ന അംഗീകാരമാണ്. ആതുകൊണ്ട് തിരിച്ചു കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നു എന്നും പറഞ്ഞു ഈ കാണിക്കുന്നത് ചീപ്പ് ആണ്.

നമ്മുടെ എഴുത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടേല്‍ ആരും അവാര്‍ഡ് തിരിച്ചു കൊടുക്കില്ല. ഞാന്‍ എന്തായാലും അത് ചെയ്യില്ല. അതുകൊണ്ട് എന്നോട് വിരോധം ഉള്ളവര്‍ ഉണ്ടാകാം. ഞാന്‍ എന്‍റെ അഭിപ്രായം തുറന്നു പറയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്.

അതുപോലെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വിവാദം ആയിരിക്കുന്ന ഒന്നാണ് താങ്കള്‍  മാതൃഭൂമിയില്‍  എഴുതിയ മോദിയേ പ്രകീര്‍ത്തിക്കുന്ന ലേഖനം?

അത് മാതൃഭൂമിയ്ക്ക് വേണ്ടി എഴുതിയ ഒന്നല്ലായിരുന്നു. ജന്മഭൂമിക്കാര്‍ ആവശ്യപ്പെട്ടതാണ്. അത് എഴുതിയപ്പോള്‍ മാതൃഭൂമിക്കും നല്‍കി എന്ന് മാത്രം. അത് പ്രസിദ്ധീകരിച്ചു വന്നു. ഞാന്‍ സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആണ്. അത് എന്‍റെ എഴുത്തിലും ഉണ്ട്. അത് കൊണ്ടല്ലേ മാതൃഭൂമി അത് പ്രസിദ്ധീകരിച്ചത്. ആ ലേഖനം വന്ന ദിവസം അതിരാവിലെ ചെന്നൈയില്‍ നിന്നു കോളുകള്‍ ഉണ്ടായിരുന്നു. അതില്‍ സന്തോഷം.

കമ്മ്യൂണിസ്റ്റ് അനുഭാവിയായ താങ്കള്‍ നരേന്ദ്രമോദിയേ പ്രശംസിക്കുന്ന ലേഖനം എഴുതിയത് എന്ത് കൊണ്ട്? കാഴ്ചപ്പാടുകള്‍ മാറിയോ?

എന്‍റെ എഴുത്തും രാഷ്ട്രീയവും ഒന്നാണ്. അധികാരത്തിനും സ്ഥാനത്തിനും വേണ്ടി ഞാന്‍ ആരെയും സുഖിപ്പിച്ച് എഴുതാറില്ല. ഗാന്ധി മാര്‍ഗ്ഗം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മോദിയെ ഞാന്‍ അംഗീകരിക്കുന്നു. ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഒരു ഗിമ്മിക്കും കാട്ടാതെ അധികാരത്തില്‍ എത്താന്‍ മോദിക്ക് കഴിഞ്ഞത് വ്യക്തിപ്രഭാവം കൊണ്ടാണ്. അത് എത്ര എതിരാളിയാണെങ്കിലും സമ്മതിച്ചു കൊടുക്കുന്ന ഒന്നാണ്. മാറ്റൊന്നു ജനാധിപത്യവാദിയായ എനിക്ക് ജനപ്രതിനിധിയെ അംഗീകരിക്കാനും വിമര്‍ശിക്കാനും അധികാരമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. മറ്റൊരാള്‍ എന്ത് പറയും എന്ന് ഭയന്നു ഞാന്‍ ഒന്നും ഒളിക്കാറില്ല. മോദിയുടെ വിജയ സമയത്തും ഞാന്‍ ലേഖനം എഴുതിയിരുന്നു. അല്ലാതെ പെട്ടന്ന് പ്രകീര്‍ത്തിച്ചതല്ല.

ആ ലേഖനത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നോ?

ഞാന്‍ അത് ശ്രദ്ധിച്ചിട്ടില്ല. വിമര്‍ശിക്കേണ്ടവര്‍ പറയട്ടെ. അത് അവരുടെ സ്വാതന്ത്ര്യം.

പുതിയ കൃതികള്‍ ഉടനെ ഉണ്ടാകുമോ?

കുറച്ചു കാലമായി ഞാന്‍ കഥകള്‍ മാത്രമാണ് എഴുതിയിരുന്നത്. ഇപ്പോള്‍ രണ്ടു നോവലുകള്‍ ഒരുമിച്ച് തീര്‍ക്കുന്നതിന്റെ പണിയിലാണ്. അത് ഉടനെ തീര്‍ക്കുമെന്ന് വിശ്വസിക്കുന്നു.

 

shortlink

Post Your Comments

Related Articles


Back to top button