ഇളയരാജയ്ക്ക് പാട്ടെഴുതാനായി സ്റ്റുഡിയോയിലെത്തിയ ശ്രീകുമാരൻ തമ്പിയെ സെക്യൂരിറ്റിക്കാർ തടഞ്ഞു. ശേഷം സംഭവിച്ചതെന്ത്?

1988’ൽ ‘മൂന്നാപക്കം’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന സമയം. ഗാനങ്ങളുടെ റെക്കോർഡിങ്ങ് മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ വച്ചായിരുന്നു. ഒരു ദിവസം സംഗീത സംവിധായകൻ ഇളയരാജ, ഗായകരായ ജി.വേണുഗോപാൽ, എം.ജി.ശ്രീകുമാർ എന്നിവർ സ്റ്റുഡിയോയിൽ റിഹേഴ്‌സൽ നടത്തുന്ന സമയത്ത് പുറത്തൊരു ബഹളം കേട്ടു. അത് എന്താണെന്നറിയാൻ പുറത്തിറങ്ങി നോക്കിയ വേണുഗോപാൽ കണ്ടത്, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയെ അവിടെയുള്ള സെക്യൂരിറ്റിക്കാർ തടഞ്ഞു വയ്ക്കുന്ന രംഗമായിരുന്നു!

അവിടെ വലിയ കശപിശ നടക്കുകയാണ്. ശ്രീകുമാരൻ തമ്പി സെക്ക്യൂരിറ്റിക്കാരോട് പൊട്ടിത്തെറിക്കുന്നു, “നിങ്ങൾക്കറിയുമോ ഇയാൾ (ഇളയരാജ) എന്റെ എത്രയോ സിനിമകളിൽ ഗിറ്റാർ വായിച്ചിട്ടുണ്ടെന്ന്?”. ഇതൊക്കെ കേട്ടതോടു കൂടി സെക്ക്യൂരിറ്റിക്കാർ ആകപ്പാടെ ധര്‍മസങ്കടത്തിലായി. അവർ വിവരം സ്റ്റുഡിയോയ്ക്കുള്ളിൽ അറിയിച്ചു.

പിന്നീട് കണ്ട കാഴ്ച, ഇളയരാജ നേരിട്ട് പോയി ശ്രീകുമാരൻ തമ്പിയെ സ്വീകരിച്ച്, ക്ഷമ പറഞ്ഞ്, അകത്തേക്ക് ആനയിക്കുന്നതാണ്.

ആശയം കടപ്പാട്:- ഗായകൻ ജി.വേണുഗോപാലിന്റെ “ഓർമ്മച്ചെരാതുകൾ” എന്ന പുസ്തകം, ഡി സി ബുക്സ്