“ഈ മനുഷ്യൻ എന്‍റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു”; മോഹന്‍ലാലിനെക്കുറിച്ച് സിദ്ധിഖ്

നായകനായും പ്രതിനായകനായും മോഹന്‍ലാലും സിദ്ധിഖും വെള്ളിത്തിരയില്‍ മത്സരിച്ച് അഭിനയിച്ച സിനിമകള്‍ നിരവധിയാണ്. ജീവിതത്തില്‍ മോഹന്‍ലാലുമായി ആഴത്തിലുള്ള സുഹൃത്ത്ബന്ധം സൂക്ഷിക്കുന്ന മോഹന്‍ലാലിനെക്കുറിച്ച് പല വേദികളിലും സിദ്ധിഖ് പങ്കുവച്ചിട്ടുണ്ട്, തന്‍റെ ജീവിതത്തിലെ നിര്‍ണയാക ഘട്ടങ്ങളില്‍ മോഹന്‍ലാല്‍ പകര്‍ന്ന കരുത്ത് വളരെ വലുതാണെന്നും, ലാലിന്‍റെ വാക്കുകൾ തന്‍റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നുവെന്നും സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.

സിദ്ധിഖിന്റെ വാക്കുകള്‍

“ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിൻറെ വിളി. ‘കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ ബോംബയിലെത്തി. ലാലിനോടൊപ്പം അദ്ദേഹത്തിൻറെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിൻറെ ആ ചോദ്യം. “ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?” “ഇനിയോ?” “ഇനി എന്താ കുഴപ്പം, ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല. ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങള്‍. അല്ലെങ്കിലും സിദ്ധിഖിന് മാത്രമേയുള്ളോ പ്രശ്നങ്ങൾ. ഇതിനെക്കാളും പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല. ലാലിൻറെ വാക്കുകൾ എൻറെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു.”