ഒഴിവുദിവസത്തെ കളി റിവ്യൂ

Ozhivu

രശ്മി രാധാകൃഷ്ണന്‍

കളിച്ച് കാര്യമായ ഒരു കളിയുടെ കാര്യമാണ് പറയുന്നത്.കളിയുടെ ഒടുവില്‍ മാത്രം കഥയിലേയ്ക്ക് കടക്കുന്ന ഒരു കൈവിട്ട കളി.അതാണ്‌ ആഷിക് അബു അവതരിപ്പിയ്ക്കുന്ന സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി.

ചലച്ചിത്ര മേളകളില്‍ നല്ല അഭിപ്രായം നേടിയ ചിത്രം,പുരസ്ക്കാരം നേടിയ സംവിധായകന്റെ ചിത്രം.കേട്ടറിവുകൊണ്ട് സിനിമകളെ അളക്കുന്ന സാധാരണ പ്രേക്ഷകരെ സ്വാഭാവികമായും തിയേറ്റകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഈ വിശേഷണങ്ങള്‍ തന്നെ ധാരാളം..എന്നാല്‍ മുന്‍വിധികളെ മറികടന്ന് കണ്ടറിഞ്ഞു മാത്രം സിനിമയെ അറിയാനും ആസ്വദിയ്ക്കാനും നിങ്ങള്‍ തയ്യാറാണെങ്കില്‍ നിശ്ചയമായും ഈ മികച്ച ചിത്രം കാണുക.

വോട്ടുചെയ്യുക എന്നല്ലാതെ മറ്റൊരു ജോലിയുമില്ലാത്ത ഒരു തിരഞ്ഞെടുപ്പ് ദിവസത്തിന്റെ ആലസ്യത്തില്‍ ചെറുപ്പക്കാരുടെ ഏതൊരു കൂട്ടായ്മയിലും സംഭവിയ്ക്കാവുന്ന സ്വാഭാവികമായ സംഭാഷണങ്ങളും സംഭവങ്ങളും മാത്രം.സിനിമയ്ക്കായി എന്ന് മുന്നില്‍ കണ്ടുകൊണ്ട് എഴുതിച്ചേര്‍ത്ത ഒരു വാചകം പോലും സിനിമയിലില്ല.മുഖ പരിചയമുള്ള ഒരു നടന്‍ പോലും ഇല്ല.അതു കൊണ്ട് തന്നെ ഇമേജുകളുടെ അനാവശ്യഭാരമില്ലാതെ കാണാം.ആസ്വദിയ്ക്കാം.

സിനിമയ്ക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്നിരിയ്ക്കിലും ആ രാഷ്ട്രീയം കാഴ്ചക്കാരനെ അടിച്ചേല്‍പ്പിയ്ക്കാന്‍ വേണ്ടി സംവിധായകന്‍ സിനിമയെ ഉപയോഗിച്ചിട്ടില്ല.സിനിമയുടെ രാഷ്ട്രീയത്തോട് നിങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും വളരെ രസമായി കണ്ടുപോകാവുന്ന ഒരു പുതിയ ആഖ്യാനരീതി തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.രാഷ്ട്രീയം നമ്മുടെയൊക്കെ ഭാഗമാണെങ്കിലും ഒരിയ്ക്കലും അതു മാത്രമല്ല ജീവിതം.ഈ വസ്തുതയെ അതിന്റെ എല്ലാവിധ സ്വാഭാവികതയോടെയും കൈകാര്യം ചെയ്തിരിയ്ക്കുന്നിടത്ത് നമ്മള്‍ ഇതുവരെ കണ്ടതും കേട്ടതുമായ സിനിമാസങ്കല്‍പ്പങ്ങള്‍ ഒന്ന് മാറിമറിയുന്നു.
വളരെ വ്യത്യസ്തരായ അഞ്ചു സുഹൃത്തുക്കള്‍ ഒരുതിരഞ്ഞെടുപ്പ് ദിവസം ഒത്തുകൂടുന്നു..അവരില്‍ വോട്ടു ചെയ്തവരും ഇല്ലാത്തവരും രാഷ്ട്രീയ താല്പര്യം ഉള്ളവരും ഇല്ലാത്തവരും കറുത്തവനും വെളുത്തവനും ഉണ്ട്.എങ്കിലും ആ കൂട്ടായ്മയില്‍ അവരെ ഒരുമിപ്പിയ്ക്കുന്നത് മദ്യം എന്ന ഘടകം മാത്രമാണ്.ആ ലഹരിയില്‍ അവര്‍ അവരായി മാത്രമേ ജീവിയ്ക്കുന്നുള്ളൂ. സുഹൃത്തുക്കള്‍ ഒരു രസത്തിന് വേണ്ടി കളിയ്ക്കുന്ന അവരുടെ കളിയില്‍ പാലിയ്ക്കേണ്ട നിയമങ്ങളില്‍ പറയുന്നത് പോലെ തന്നെ സത്യസന്ധമായ പങ്കാളിത്തം ആവശ്യപ്പെടുന്ന ഗൌരവമുള്ള ഒരു കളിയാണ് ജനാധിപത്യവും. ജനാധിപത്യവ്യവസ്ഥിതിയുടെ ഭാഗധേയം നിര്‍ണ്ണയിയ്ക്കുന്ന ആ ദിവസം തന്നെ കളി ദിവസമായെടുത്തതിന്റെ സാംഗത്യവും അതുതന്നെ.

സ്ത്രീവിരുദ്ധതയും കറുപ്പിന്റെ രാഷ്ട്രീയവുമൊക്കെ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.അതൊക്കെ സ്വാഭാവികമായി അങ്ങ് കടന്നുപോകുന്നു . ഒരേ ഒരു സ്ത്രീകഥാത്രമേയുള്ളൂ ചിത്രത്തില്‍.അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹം നമ്മോട് ചിലത് പറയുന്നുണ്ട്.വോട്ട് ചെയ്യുന്നില്ലേ എന്ന് അവരോട് ചോദിയ്ക്കുമ്പോള്‍ അതൊക്കെ ആണുങ്ങളുടെ കളിയല്ലേ സാറേ എന്ന് നിസംഗമായി പറഞ്ഞിട്ട് അവര്‍ അടുത്ത പണിയിലെയ്ക്ക് നീങ്ങുകയാണ്.സ്വന്തം പ്രസ്താവന സമര്ത്ഥിയ്ക്കാന്‍ സംഭാഷണങ്ങളോ സംഗീതമോ അവര്‍ തന്നെയോ പോലും കാത്തുനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെ സന്ദേശമില്ല,ഉപദേശവുമില്ല..ജീവിതം മാത്രം.സിനിമയും ജീവിതവും തമ്മിലുള്ള ആ വേര്‍തിരിവ് മായ്ച് കളഞ്ഞിടത്താണ് സനല്‍ കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്റെ മികവ്.

ചിത്രത്തിന്‍റെ ക്ലൈമാക്സ് ഒരു ഞെട്ടലാണ്.അതുവരെ കളിയില്‍ രസിച്ചിരിയ്ക്കുന്ന നമ്മള്‍ അതില്‍ നിന്ന് പുറത്തുകടക്കാനാകാതെ കുഴയുന്ന നിമിഷം.കളി കാര്യമാകുന്ന നിമിഷം.അവിടെ മാത്രമാണ് ഇതൊരു കഥ പറച്ചിലായിരുന്നു എന്ന് നമ്മള്‍ സ്വയം തിരിച്ചറിയുന്നത്.അല്ലെങ്കില്‍ ആ ഒരു നിമിഷം മാത്രമാണ് നമ്മള്‍ ഒരു സിനിമ കാണുകയായിരുന്നു എന്ന് സ്വയം മനസ്സിലാക്കുന്നത്.ആ ആഘാതത്തിന്റെ പിടച്ചില്‍ നമ്മെ കുറച്ചു നാളേയ്ക്ക് പിന്തുടരുകയും ചെയ്യും.

വലിയ അഭിനയപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അരുൺകുമാർ, ഗിരീഷ് നായർ, നിസ്താർ അഹമ്മദ്, ബൈജു നെട്ടോ, പ്രദീപ് കുമാർ, റെജു പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അത്യുഗ്രന്‍ പ്രകടനം കാഴ്ച വച്ചത്.വളരെ കുറച്ച് രംഗങ്ങളിലെ ഉള്ളൂവെങ്കിലും ശക്തമായ ഒരേ ഒരു സ്ത്രീകഥാപാത്രമായി അഭിജാ ശിവകല മികവ് പുലര്‍ത്തി.

മലയാളത്തിലെ ആദ്യത്തെ കാട്ടുസിനിമ എന്ന പേരില്‍ ഇറങ്ങിയ ഈ ചിത്രത്തിന് ഇരുപത് ലക്ഷം രൂപയാണ് ചിലവായത്.പുരസ്ക്കാരം നേടി എന്ന ഒരു ‘അപരാധത്തിന്റെ, പേരില്‍ ഈ മികച്ചചിത്രത്തെ വിധിച്ച് അകറ്റി നിര്‍ത്തരുത്.തിയേറ്ററില്‍ പോയിത്തന്നെ കാണുക.

അഭിനന്ദനങ്ങള്‍..ആഷിക് അബുവിനും സനല്‍ കുമാര്‍ ശശിധരനും ‘കളി’യിലെ മറ്റ് ടീമംഗങ്ങള്‍ക്കും.