കടംവീട്ടാന്‍ മദിരാശിയില്‍ മോഹിച്ചുകെട്ടിയ വീടുവിറ്റു- ശ്രീകുമാരന്‍ തമ്പി

മലയാള സിനിമാ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന തിയേറ്റര്‍ സമരത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകനും നിര്‍മ്മാതാവും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി.

മലയാള സിനിമയില്‍ ഏറ്റവും അധികം ദുഃഖം അനുഭവിക്കുന്നത് നിര്‍മ്മാതാക്കളാണെന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു. വരുമാനത്തിന്റെ അമ്പതുശതമാനം വേണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം  തികച്ചും അന്യായമാണ്. ഒരു ചിത്രത്തിലൂടെ നിര്‍മ്മാതാവിനുണ്ടാകുന്ന നഷ്ടം ഒരിക്കലും പ്രദര്‍ശനശാലയ്ക്കുണ്ടാവുകയില്ല. ചിത്രം പരാജയമായാല്‍ അതുമാറ്റി തിയേറ്ററുടമയ്ക്ക് അടുത്ത പടമിടാം. എന്നാല്‍ നിര്‍മ്മാതാവിന്റെ അവസ്ഥ അങ്ങനെയല്ല. ഇനി തിയേറ്റര്‍ പൂട്ടിയിട്ടാലും നഷ്ടമില്ല. തിയേറ്റര്‍ സ്ഥാവരവസ്തുവാണ്. നാള്‍ പോകുംതോറും ഭൂമിയുടെ വില കൂടുകയേയുള്ളൂ. ഇരുപത്തിയഞ്ചു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ലെയിസണ്‍ കമ്മിറ്റിയില്‍ അംഗമായിരുന്നതിന്‍റെയും അടിസ്ഥാനത്തിലാണ് തനിക്കിങ്ങനെ പറയാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു സിനിമാസംഘടനയിലും സജീവമല്ലെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിലെ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്ററുടമകള്‍ എന്നിവരുടെ പരമാധികാരസംഘടനയായ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ പതിനഞ്ചുവര്‍ഷക്കാലം ഭരണസമിതിയിലും ലെയിസണ്‍ കമ്മിറ്റിയിലും അംഗമായിരുന്നു ശ്രീകുമാരന്‍ തമ്പി.

അദ്ദേഹം തന്റെ ജീവിതത്തിലെ ഒരു അനുഭവം പറയുന്നു. ”ഞാന്‍ സ്വന്തമായി നിര്‍മിച്ച ഇരുപത്തിയഞ്ചു സിനിമകളില്‍ പതിന്നാലു ചിത്രങ്ങളും വിതരണത്തിനെടുത്തത് സ്വന്തമായി തിയറ്റര്‍ ഉണ്ടായിരുന്ന ഒരു വിതരണക്കമ്പനിയാണ്. മറ്റുള്ള വിതരണക്കാര്‍ അന്നെന്നോട് സിനിമകള്‍ വിതരണത്തിന് ചോദിച്ചെങ്കിലും സൗഹൃദത്തിന്റെ പേരിലും വാക്കുപാലിക്കാനും ഞാനാ വിതരണക്കാരനു തന്നെ എല്ലാ സിനിമകളും നല്‍കി.അന്ന് പലരും ”എല്ലാ മുട്ടകളും ഒരു കുട്ടയില്‍ ഇടരുത്’എന്ന പഴഞ്ചൊല്ല് എന്നെ ഓര്‍മിപ്പിച്ചു. മറ്റുള്ളവരെല്ലാം എന്റെ ശത്രുക്കളായെങ്കിലും അതൊന്നും കാര്യമായെടുത്തില്ല. ഈ പതിന്നാലു സിനിമകളില്‍ ആദ്യത്തേതിന്റെ എഗ്രിമെന്റ് ഒപ്പിടുന്ന സമയത്ത് അദ്ദേഹത്തിന് ഒരു തിയേറ്റര്‍ ഉണ്ടായിരുന്നു. രണ്ടാമത്തേതിന്റെ പണി തുടങ്ങിയിരുന്നു.

പതിന്നാലാമത്തെ സിനിമയുടെ വിതരണാവകാശം ഞാന്‍ അദ്ദേഹത്തിന് കൊടുത്തപ്പോള്‍ ഏഴു തിയേറ്ററുകളുടെ ഉടമസ്ഥനായിക്കഴിഞ്ഞിരുന്നു. അന്നു ഞാന്‍ കടംവീട്ടാന്‍ മദിരാശിയില്‍ മോഹിച്ചുകെട്ടിയ വീടുവിറ്റു. ഇതാണ് മലയാളസിനിമയുടെ എക്കണോമിക്‌സ്. ഇനി പറയൂ, സിനിമ നിര്‍മിക്കണോ അതോ തിയേറ്റര്‍ കെട്ടണോ…?” അദ്ദേഹം ചോദിക്കുന്നു.