ഗൾഫിൽ പോകാനിരുന്ന വിഷ്ണു ഇപ്പോൾ സിനിമയിൽ നായകൻ

കാസർകോട്ടെ വിഷ്ണുവിന് കുട്ടിക്കാലത്തു തന്നെ സിനിമാ മോഹം ഉള്ളിലുദിച്ചിരുന്നു.എന്നാൽ ആ മോഹം ഡബ്‌സ്മാഷുകളിലും ആൽബങ്ങളിലുമായി ഒതുങ്ങിപ്പോയി. സിനിമാ ഓഡിഷനുകളിൽ പങ്കെടുത്തിരുന്നെങ്കിലും ഒന്നും ശരിയായില്ല.ഒടുവിൽ മോഹങ്ങൾ ഉള്ളിലൊതുക്കി ഗൾഫിലേക്ക് പോകാൻ തയ്യാറായി നിന്നപ്പോഴാണ് സിനിമ എന്ന ആ ഭാഗ്യം വിഷ്ണുവിനെ തേടിയെത്തിയത്.

നാല് നായകന്മാരുള്ള സിനിമയില്‍ ഒരു നായകനായ സന്തോഷത്തിലാണ് ഇപ്പോൾ വിഷ്ണു.സംവിധായകന്‍ രാജീവ് വര്‍ഗീസിന്റെ ‘അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന സിനിമയിലൂടെയാണ് വിഷ്ണുവിന്റെ സ്വപ്നം യാഥാർഥ്യമാകുന്നത്.വിഷ്ണു കഴിഞ്ഞ മെയ് 15 മുതല്‍ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു. അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ഇതിനു തൊട്ടുപിന്നാലെ നമസ്തേ ഇന്ത്യ എന്ന ചിത്രത്തിലേക്കും വിഷ്ണു കാസ്റ്റ് ചെയ്യപ്പെട്ടു.വിഷ്ണുവിന്റെ ഡബ്‌സ്മാഷ് കണ്ടു ഇഷ്ടപ്പെട്ട, സംവിധായകന്‍ ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്ന അജയ് രവികുമാര്‍ വിഷ്ണുവിനെ നായകനാക്കുകയായിരുന്നു.ഷൂട്ടിംഗ് സെപ്തംബര്‍ 25ന് ഡല്‍ഹിയില്‍ വെച്ചാണ് ആരംഭിക്കുന്നത്. താജ് മഹലിനകത്ത് ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ പ്രണയചിത്രമായിരിക്കും ഇത്. ബോളിവുഡ് നടിയായ റഷ്യന്‍ സുന്ദരി എലീനയാണ് നായിക.

സുള്ള്യ കെ.വി.ജി എഞ്ചിനീയറിംഗ് കോളജില്‍ നിന്നും മെക്കാനിക്ക് എഞ്ചിനീയറിംഗ് പാസായ വിഷ്ണു കുറച്ചുകാലം ചെന്നൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്തിരുന്നു. ഇതിനിടയിലാണ് ഡബ്സ്മാഷ് ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. നിരവധി പേര്‍ കണ്ട വീഡിയോ പിന്നീട് മലയാളം ആക്ടേഴ്സ് എന്ന ഫേസ്ബുക്ക് പേജില്‍ വന്നതോടെയാണ് വിഷ്ണുവിനെ സിനിമാരംഗത്തുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.