പ്രദര്‍ശനശാലകളെ പ്രകമ്പനം കൊള്ളിക്കാന്‍ പോക്കിരി സൈമണും പിള്ളേരും വരുന്നു!

വിജയ്‌ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ സണ്ണിവെയ്ന്‍ നായകനായി എത്തുന്ന ‘പോക്കിരി സൈമണ്‍’ ബിഗ്‌സ്ക്രീനില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ‘ഡാര്‍വിന്‍റെ പരിണാമം’ എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി ഒരുക്കുന്ന ചിത്രം സെപ്തംബര്‍ 22-ന് തിയേറ്ററുകളിലെത്തും. കെ അമ്പാടി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം പൂര്‍ണമായും വിജയ്‌ ഫാന്‍സിനെ ലക്ഷ്യം വച്ചുള്ളതാണ്.

ചിത്രത്തിലെ ‘അടടാ അടീങ്കടാ’ എന്ന് തുടങ്ങുന്ന ഫാസ്റ്റ് സോഗ് വിജയ്‌ ആരാധകരടക്കമുള്ളവര്‍ ആഘോഷമാക്കിയിരുന്നു. ‘പോക്കിരി പാട്ട്’ ഗംഭീരം എന്ന മുഖവുരയോടെ ദുല്‍ഖര്‍ സല്‍മാനും ഗാനത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു എട്ട് ലക്ഷത്തില്‍പ്പരം യുട്യൂബ് ഹിറ്റുമായി കുതിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഗോപി സുന്ദര്‍ ആണ്. ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങള്‍ വിതരണത്തിനെടുത്തിട്ടുള്ളത്.

പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍, നെടുമുടി വേണു, ദിലീഷ് പോത്തന്‍ ശരത് കുമാർ (അപ്പാനി രവി) തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഓണച്ചിത്രങ്ങളുടെ ബഹളം ഒഴിയുന്ന സാഹചര്യത്തില്‍ പോക്കിരി സൈമണ്‍ വലിയ റിലീസയാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുക. കേരളത്തില്‍ ഒട്ടേറെ വിജയ്‌ ആരാധകരുള്ളതിനാല്‍ പ്രദര്‍ശന ദിവസം വലിയ ആഘോഷ പരിപാടികളാകും ഫാന്‍സുകാര്‍ സംഘടിപ്പിക്കുക.