ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല; പ്രവീണ

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേയ്ക്ക് എത്തിയ നടിയാണ് പ്രവീണ .സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖം.പിന്നീട് സിനിമകളിലും നല്ല വേഷങ്ങൾ പക്വതയോടെ കൈകാര്യം ചെയ്തു. വിവാഹവും കുടുംബ ജീവിതമൊക്കെയായി തിരക്കിലായെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം ബാംഗ്ലൂര്‍ ഡേയ്‌സ്, മഞ്ചാടിക്കുരു തുടങ്ങി അഞ്ജലി മേനോന്‍ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യമുനകളും ദിലീപിന് നേരെ നീങ്ങുമ്പോഴും സഹതാരങ്ങളും താരസംഘടനയും ദിലീപിനൊപ്പമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് താരങ്ങള്‍ പ്രതികരിച്ചിരുന്നു. ദിലീപിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പ്രവീണയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദിലീപിനൊപ്പം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും കൂടെ അഭിനയിച്ചപ്പോഴെല്ലാം തനിക്ക് നല്ല പിന്തുണ നൽകിയിട്ടുള്ള ആളാണ് ദിലീപേട്ടനെന്നും പ്രവീണ പറയുന്നു. ഇത്തരത്തിലൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം ശ്രമിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും പള്‍സര്‍ സുനിയെക്കൊണ്ട് ഇത്തരത്തിലൊരു കൃത്യം ചെയ്യിപ്പിക്കുന്നയാളല്ല അദ്ദേഹം എന്നും പ്രവീണ പറഞ്ഞു.

അതേസമയം, ആക്രമണത്തിന് ഇരയായ പെൺകുട്ടിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും തനിക്ക് അവൾ അനിയത്തി ക്കുട്ടിയെ പോലെയാണെന്നും പ്രവീണ പറയുന്നു.അവൾക്ക് ഇങ്ങനെയൊന്ന് സംഭവിച്ചതിൽ ഏറെ വിഷമമുണ്ടെന്നും പ്രവീണ പറഞ്ഞു.