ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ വാദം ബലക്കുന്നു; കേസ് വഴിത്തിരിവില്‍

തമിഴ് സൂപ്പര്‍താരം ധനുഷ് നാടുവിട്ട് പോയ തങ്ങളുടെ മകന്‍ ആണെന്ന വാദത്തില്‍ വൃദ്ധദമ്പതികള്‍ ഉറച്ചു നില്‍ക്കുന്നു. ധനുഷ് മകനെന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്നും വൃദ്ധദമ്പതികള്‍ അറിയിച്ചതിന് തുടര്‍ന്ന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് താരത്തോട് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടത്.

മധുരൈയിലുള്ള കതിരേശനും മീനാക്ഷിയും ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കഴിഞ്ഞ വര്ഷം കോടതിയിലെത്തിയത്. കേസ് തള്ളണമെന്നും ദമ്പതികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ധനുഷ് കോടതിയെ ബോധിപ്പിച്ചിരുന്നു. അതിനായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ജനനസര്‍ട്ടിഫിക്കറ്റും ധനുഷ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി വേണ്ടെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ സമര്‍പ്പിക്കണമെന്നുമാണ് ഇപ്പോള്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ധനുഷ് മകനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കതിരേശനും അറിയിച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും സ്‌കൂള്‍ സഹപാഠികളും ധനുഷ് കാളികേശവനാണെന്ന് തെളിയിക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ദമ്പതികള്‍ കോടതിയെ ധരിപ്പിച്ചു. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു ഇവര്‍ കോടതിയെ സമീപിച്ചത്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥ പേര്. സംവിധായകന്‍ ശെല്‍വരാഘവനാണ് ധനുഷിന്റെ സഹോദരന്‍.