പോലീസ് സംരക്ഷണം ഇല്ലാതെ രാമലീല

ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ചിത്രത്തിലെ നായകനായ ദിലീപ് നടിയെ ആക്രമിച്ച കേസിൽ ജയിലിലായതിനാൽ റിലീസ് മാറ്റിവച്ചിരുന്നു.എന്നാൽ ജാമ്യം കിട്ടാത്ത സാഹചര്യത്തിൽ ഇനിയും റിലീസ് നീട്ടിവെയ്ക്കുന്നത് വൻ നഷ്ടം ഉണ്ടാക്കും എന്നതിനാലാണ് ഉടനെ റിലീസ് തീരുമാനിച്ചത്. കഴിഞ്ഞ ജൂലായ് 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പക്ഷേ നടിയെ ആക്രമിച്ച കേസില്‍ ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 15 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച സിനിമയുടെ പ്രചരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു. ദിലീപ് അറസ്റ്റിലായതോടെ രാമലീല എന്ന ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയറ്റര്‍ ഉടമകള്‍.