ബുള്ളറ്റിൽ പറക്കുന്ന ജ്യോതിക

 

36 വയതിനിലെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജ്യോതിക കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് മകളിര്‍  മട്ടും .സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ജ്യോതികക്കൊപ്പം ഉർവശി ,ശരണ്യ പൊൻവണ്ണൻ ,ഭാനുപ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു. ഡി 3 എന്റർടൈമെൻസിന്റെ ബാനറിൽ സൂര്യ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബ്രഹ്മയാണ് .ഈ മാസം 15 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

 
ചിത്രത്തിൽ ഒരു ഡോക്യൂമെന്ററി സംവിധായികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്.കഥാപാത്രത്തിന് വേണ്ടി വണ്ണം കുറക്കുകയും ബുള്ളറ്റ് ഓടിക്കാൻ പഠിക്കുകയും ചെയ്തിരുന്നു. ആദ്യമായി ബുള്ളറ്റിൽ കയറിയപ്പോൾ വീഴുമെന്നു കരുതി സൂര്യയും തനിക്കൊപ്പമുണ്ടായിരുന്നെന്ന് ജ്യോതിക പറഞ്ഞു .എന്നാൽ ഒപ്പം ഇരിക്കാൻ താൻ വിസ്സമ്മതിച്ചെങ്കിലും വീഴുന്നെങ്കിൽ ഒരുമിച്ചു വീഴാമെന്നായിരുന്നു സൂര്യയുടെ മറുപടി. പിന്നീട്‌ ഷീബ എന്ന ബൈക്കർ പരിശീലിപ്പിക്കാൻ എത്തി.പഠനം പൂർത്തിയാക്കാൻ ഉത്തർപ്രദേശിൽ പോവുകയും ചെയ്തു.സിനിമയ്ക്ക് വേണ്ടി ബുള്ളറ്റോടിക്കാൻ പഠിച്ചതോടെ ബുള്ളറ്റിന്റെ വലിയ ആരാധികയായിമാറിയിരിക്കുകയാണ് ജ്യോതിക.


ബുള്ളറ്റോടിച്ചപ്പോൾ ഉണ്ടായ അനുഭവം നടി പങ്കുവെച്ചത് ഇങ്ങനെയാണ് , ഭാരക്കൂടുതലെന്നുകരുതി ബുള്ളറ്റോടിക്കാൻ മടിക്കുന്ന സ്ത്രീകൾ അത് പരീക്ഷിച്ചു നോക്കണം .വളരെ കംഫർട്ടബിളായിരുന്നു എനിക്കിത് . സ്കൂട്ടറിനേക്കാൾ എന്തുകൊണ്ടും സുഖമുള്ള യാത്രയാണ് ബുള്ളറ്റിലേത്.മകൾ ദിയയെ വിളിക്കാൻ സ്കൂളിൽ ബുള്ളറ്റുമായി പോയപ്പോൾ അവളുടെ സന്തോഷം കണ്ടതാണ്,മകനും ഇപ്പോൾ സിംഗം സ്റ്റൈൽ മാറ്റി തോക്ക് പിടിച്ച എൻ്റെ ചിത്രങ്ങൾ വരച്ചു തുടങ്ങി.
ബാല സംവിധാനം ചെയ്യുന്ന നാച്ചിയറാണ് ജ്യോതികയുടെ അടുത്ത ചിത്രം.അതിനു ശേഷം മണിരത്‌നം ചിത്രത്തിലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.