ബോളിവുഡിലെ ഇഷ്ട താരത്തെക്കുറിച്ച് ഈജിപ്ഷ്യൻ യുവതി

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍കുന്ന താരമാണ് ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭാരമുള്ള ഇമാൻ അഹമ്മദിനെ ഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാനായി കഴിഞ്ഞ 11ന് വന്‍ സന്നാഹങ്ങളോടെ മുംബൈയില്‍ കൊണ്ട് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ഇമാൻ അഹമ്മദിന്‍റെ ഒരാഗ്രഹമാണ്.

ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ നേരില്‍ കാണുകയെന്നതാണ് ഇമാന്റെ ആഗ്രഹം. സായ്ഫീ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുന്ന ഇമാന്‍ ഡോക്ടറോടാണ് തന്റെ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. ബോളിവുഡ് സിനിമകളുടെ കടുത്ത ആരാധികയായ ഇമന്റെ ഇഷ്ട താരങ്ങള്‍ അമീറും സല്‍മാനുമാണ്.

ബോളിവുഡ് സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഇമാന് സുല്‍ത്താനിലെയും ദംഗലിലെയും ഗാനങ്ങള്‍ ഇപ്പോഴും കേള്‍ക്കണം. ഇമാന്റെ ആഗ്രഹം ആശുപത്രി അധികൃതര്‍ സല്‍മാന്റെ അച്ഛന്‍ സലീമിനെ അറിയിച്ചു. സല്‍മാന്‍ ഇമാനെ കാണാന്‍ വരുമെന്ന് സലീം ഖാന്‍ ഉറപ്പു നല്‍കി. സല്മാന് ഔദ്യോഗികമായി ഒരു കത്ത് നല്‍കാന്‍ പിതാവ് സലീം ആവശ്യപ്പെട്ടു.