സംസ്ഥാന പുരസ്കാര ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ മുന്നില്‍ വേണോ?

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ എത്താതിരുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു.പുരസ്കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും ഉള്ളത് താരങ്ങളേക്കാള്‍ കൂടുതല്‍ സര്‍ക്കാരിനാണ് എന്ന് സംവിധായകന്‍ ഓർമ്മപ്പെടുത്തി. സിനിമ ഒരു കലയും സംസ്കാരവും എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കാനോ നില നിര്‍ത്തുവാനോ കേരള സര്‍ക്കാര്‍ ഒരു കാലത്തും ഒന്നും ചെയ്തിട്ടില്ല പുരസ്കാര ചടങ്ങിനെ ചാനലുകള്‍ക്കു വേണ്ടി ഡാന്‍സും മിമിക്രിയും കുത്തിനിറച്ചു വാണിജ്യവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കലാമൂല്യമുള്ള സാംസ്കാരിക സാമൂഹ്യ പ്രതിബദ്ധത ഉള്ള സിനിമകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് പുരസ്കാരങ്ങൾ നല്കുന്നതിലൂടെയുള്ള ഉദ്ദേശമെങ്കിൽ സിനിമകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും കൂടുതലായി നിര്മിക്കപ്പെടുവാനും പ്രദര്‍ശന സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുവാനും ഒക്കെയുള്ള കടമ സംസ്ഥാന സര്‍ക്കാരിനുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.സാംസ്കാരികമായും കലാപരമായും സൗന്ദര്യപരമായും സാങ്കേതികപരമായും ഉന്നതമായ സംഭാവനകള്‍ ചെയ്തവര്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഔദ്യോഗിക ആദരവ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിരിക്കെ അത് നല്‍കുന്ന വേദി കുറേക്കൂടി ഗൗരവാവഹവും സാംസ്കാരികപൂര്‍ണവുമാകാന്‍ നിര്‍ദ്ദേശിക്കണം.കേരളത്തില്‍ കലാമൂല്യ സിനിമകളുടെ പ്രോത്സാഹനത്തിനും സബ്സിഡിക്കുമായി നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ രണ്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ സമർപ്പിച്ചു ഒരു വർഷത്തിൽ ഏറെയായിട്ടും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.