രണ്ടാമൂഴത്തില്‍ പാഞ്ചാലി എെശ്വര്യ റായിയോ മഞ്ജു വാര്യരോ?

ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായിമാറുമെന്ന പ്രതീക്ഷയില്‍ സിനിമ ലോകം കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള ആദ്യ വിവരം പുറത്തു വിട്ടത്. എംടി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയിലെ വന്‍ താര നിര രണ്ടാമൂഴത്തില്‍ ഒന്നിക്കുമെന്നാണ് അറിയുന്നത്. ഭീമനായി മോഹന്‍ലാല്‍, ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, വിക്രം തുടങ്ങി പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. ഹരിഹരന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പ്രമുഖ നായകന്മാര്‍ക്ക് പുറമേ ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാരുമുണ്ടാകും.

ഒരു വടക്കന്‍ വീരഗാഥയിലൂടെ ചതിയന്‍ ചന്തുവിനെ മാറ്റി പ്രതിഷ്ഠിച്ച എംടിയുടെ ഭീമനും അതു പോലെ തന്നെ. മഹാഭാരത കഥകളില്‍ നിന്ന് വ്യത്യസ്തനായി ഭീമനെ നായകനാക്കി മാറ്റിയ എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോയെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.