വിമാന ദുരന്തമുണ്ടാക്കാന്‍ ശ്രമിച്ചു; ഹോളിവുഡ് താരത്തിനെതിരെ കേസ്

വിമാന ദുരന്തം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ ഹോളിവുഡ് ആക്ഷന്‍ ഹീറോ ഹാരിസന്‍ ഫോര്‍ഡിനെതിരെ അന്വേഷണം. കഴിഞ്ഞ ദിവസം തന്റെ സ്വകാര്യ വിമാനം തെറ്റായ സ്ഥലത്ത് ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ നൂറ്റിപ്പത്ത് യാത്രക്കാരുമായി പോയ ബോയിഗ് 737 വിമാനത്തെ ഇടിക്കാന്‍ പോയിരുന്നു. എന്നാല്‍ അപകടം പറ്റാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഭാഗ്യത്തിലൂടെ വന്‍ ദുരന്തമാണ് വഴിമാറിപ്പോയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റണ്‍വേക്ക് പകരം ടാക്സിവേയില്‍ ഇറക്കാന്‍ ശ്രമിച്ചതാണ് താരത്തിനു പറ്റിയ പിഴവ്. താഴേക്ക് വന്ന താരത്തിന്റെ സ്വകാര്യ വിമാനവും പറന്നുയര്‍ന്ന യാത്രാ വിമാനവും കൂട്ടിമുട്ടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.

കാലിഫോര്‍ണിയയിലെ ഓറഞ്ച് കൌണ്ടിയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. എയര്‍ ട്രാഫിക് കന്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം തെറ്റായി ധരിച്ച ഹാരിസന്‍ 110 യാത്രക്കാരും ആറു ജോലിക്കാരുമായി യാത്ര തിരിച്ച അമേരിക്കന്‍ എയര്‍ലൈന്‍സിന് മുകളിലൂടെ ടാക്സിവേയില്‍ ഇറക്കുകയായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ ഫെഡറല്‍ ഏവിയേറന്‍ ഭരണസമിതി താരത്തിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.