ശിവസേനയുടെ ശക്തമായ എതിർപ്പ്; ഷാരൂഖ് ഖാന്റെ ‘റായീസ്’ റിലീസ് അനിശ്ചിതത്വത്തിൽ

ബോളിവുഡിലെ കിംഗായ ഷാരൂഖ് ഖാനും, ശിവസേനയും തമ്മിലുള്ള രസക്കേട് യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ഷാരൂഖിന്റെ ഏറ്റവും പുതിയ സിനിമായ റായീസിന്റെ റിലീസ് തടയുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തിലെത്തി നിൽക്കുകയാണ് ഇവര്‍ തമ്മിലുള്ള സ്ഥായിയായ ശത്രുതയുടെ പുതിയ മാനം. ഇത്തവണ പ്രശ്നം ഷാരൂഖുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, പ്രസ്തുത സിനിമയിൽ അഭിനയിക്കുന്ന പാക് നായിക മഹീറ ഖാനാണ് പ്രധാന വിഷയം. പാക് നായികയെ വച്ച് സിനിമ ചെയ്യാൻ പാടില്ല എന്ന കർശന നിലപാടിലാണ് ശിവസേന. ഈ മാസം 26’ന് റിലീസ് നിശ്ചയിച്ചിട്ടുള്ള റായീസ് തീയറ്ററുകളിൽ എത്തില്ല, അഥവാ അത് സംഭവിച്ചാൽ വിവരമറിയും എന്നാണ് ശിവസേനയുടെ ഭീഷണി.

നേരത്തേ നവ നിർമ്മാൺ സേന ഇത്തരമൊരു ഭീഷണിയുമായി രംഗത്തുണ്ടായിരുന്നു. നായികയെ മാറ്റിയില്ലെങ്കിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്നതായിരുന്നു അവരുടെ ഭീഷണി. പക്ഷെ ചിത്രീകരണം പൂർത്തിയായതിനാൽ അത് അസാധ്യമാണ് എന്ന കാരണം വിശദമാക്കിക്കൊണ്ട് ഷാരൂഖ് ഖാൻ നവ നിർമ്മാൺ സേന നേതാവായ രാജ് താക്കറെയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. അപ്പോഴാണ് ഇതേ വിഷയത്തിൽ കൂടുതൽ സങ്കീർണ്ണ ഭാവങ്ങളുമായി ശിവസേനയുടെ വരവ്. ശിവസേന നേതാവ് ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ വിതരണക്കാർക്കെല്ലാം നേരിട്ട്, ഭീഷണിയുടെ സ്വരത്തിൽ കത്തയിച്ചിരിക്കുകയാണ്.

ജനുവരി 26’ന് മുൻപ് പ്രശ്നം പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ടീം റായീസ്.