സൂപ്പര്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു

മലയാളത്തില്‍ മെഗാഹിറ്റായ ഒപ്പത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രസ്തുത ചിത്രം മണിയൻ പിള്ള രാജു നിർമ്മിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രിയദര്ശന്റെയൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചിട്ടുള്ള കലാ സംവിധായകന്‍ സാബു സിറിലും ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഉണ്ടാകുമെന്നാണ് പുതിയ വാര്‍ത്ത.

പ്രിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായി, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കലാസംവിധായകരില്‍ ഒരാളായ സാബു സിറില്‍ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതു പൂര്‍ത്തിയാക്കിശേഷം സാബു പ്രിയന്‍-ലാല്‍ ചിത്രത്തില്‍ ചേരുന്നതാണ്. സംവിധായകനായ ടി.കെ രാജീവ് കുമാറിന്റേതാണ് തിരക്കഥ. 35 കോടിക്ക് മുകളിലാണ് ബഡ്ജറ്റ് പ്ലാൻ ചെയ്യുന്നത്.

പ്രിയന്റെ അദ്വൈതം, മിന്നാരം, തേന്‍മാവിന്‍ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ, മേഘം, രാക്കിളിപ്പാട്ട്, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം, ഒരു മരുഭൂമിക്കഥ, ഹിന്ദി ചിത്രമായ മുസ്‌ക്കുരാഹത്, ഗര്‍ദിഷ്, വിരാസത്ത്, തേസ് എന്നിവയിലെല്ലാം കലാസംവിധാനം നിര്‍വഹിച്ചത് സാബുവായിരുന്നു. പ്രകാശരാജ് നായകനായ ‘സില സമയങ്ങളില്‍’ എന്ന തമിഴ് ചിത്രത്തിലാണ് സാബു അവസാനമായി പ്രിയനുവേണ്ടി കലാസംവിധാനം നിര്‍വഹിച്ചത്.

2012ൽ പ്രിയദര്‍ശന്‍ ഒരുക്കിയ ബോളിവുഡ് ചിത്രം തേസിന് ശേഷം മോഹൻലാലും സാബുവും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.