CinemaGeneralNEWS

“ഈ വിഷയം ആളുകളിലേക്ക് എത്തിച്ചതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്”, ആഷിക് അബു

എഞ്ചിനീയിറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിനെതിരെയുള്ള പ്രതിഷേധം കാണുമ്പോള്‍ സന്തോഷമെന്ന് സംവിധായകന്‍ ആഷിക്അബു. ഈ സംഭവം നടന്ന അന്നു മുതൽ സോഷ്യൽ മീഡിയയിലൂടെനിരന്തരം ഇടപെടലുകള്‍ നടത്തിയ ആഷിക് ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഇന്റേണല്‍ അസെസ്‌മെന്റിന്റെ പേരിലും മറ്റും വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നത് ആദ്യമായല്ല. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി തനിക്കറിയാം. ഞങ്ങളുടെ തലമുറയൊക്കെ അതില്‍ നിന്നും രക്ഷപെട്ടതാണ്. ഇന്നു കോളജില്‍ രാഷ്ട്രീയമില്ല, സംഘടനാ സ്വാതന്ത്ര്യമില്ല. മാതാപിതാക്കള്‍ വിചാരിക്കുന്നത് തങ്ങളുടെ മക്കള്‍ നല്ല അച്ചടക്കത്തില്‍ വളരുകയാണെന്നാണ്. സത്യത്തില്‍ അവരുടെ വാ മൂടിക്കെട്ടി, കൈ കൂട്ടി കെട്ടിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നതെന്നും ആഷിക് പറഞ്ഞു.

രോഹിത് വെന്മൂലയുടെ മരണം പോലെ തന്നെയാണ് ജിഷ്ണുവിന്റേതും. അത് ആളുകളിലേക്കെത്തിച്ചതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തതും വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതും കാണുമ്പോള്‍ സന്തോഷം. ഇൻസ്റ്റിട്യൂഷണൽ മര്‍ഡര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് പഠനകാലം. അതു നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണം. സര്‍ക്കാര്‍ ഈ പ്രശ്‌നത്തിലിടപെടണമെന്നും സ്വാശ്രയ കോളജുകളെ നിലയ്ക്കു നിര്‍ത്തുന്നതിനുതകുന്ന നിയമ-ഭരണപരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരണമെന്നുമാണ് തന്റെ അഭിപ്രായമെന്നും ആഷിക് അബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button