Movie Reviews

ഒറ്റത്തവണ ആഘോഷമാക്കാവുന്ന ‘റോള്‍ മോഡല്‍സ്’

പ്രവീണ്‍.പി നായര്‍

നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ റാഫി-മെക്കാര്‍ട്ടിനിലെ റാഫി സംവിധാനം ചെയ്ത ‘റോള്‍ മോഡല്‍സ്’ ഈദ് റിലീസായി പ്രദര്‍ശനത്തിനെത്തി. ‘ടൂ കണ്ട്രീസ്’ എന്ന ഹിറ്റ് ചിത്രത്തിനാണ് അവസാനമായി റാഫി തിരക്കഥ ഒരുക്കിയത്. ‘റിംഗ് മാസ്റ്ററാ’ണ് റാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റായിരുന്നു. കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും ദിലീപായിരുന്നു റാഫി ചിത്രങ്ങളിലെ ഹീറോ. റോള്‍ മോഡല്‍സില്‍ ഫഹദ് ഫാസിലിനെയാണ് റാഫി നായകനായി തെരഞ്ഞെടുത്തത്. ഫുള്‍ടൈം ഫണ്ണി മൂഡില്‍ പറഞ്ഞു പോകുന്ന ഉത്സവ പ്രതീതിയുള്ള ചിത്രത്തില്‍ ഫഹദ് ഫാസിലും ആദ്യമായാണ് മുഖം കാണിക്കുന്നത്. പ്രേക്ഷകന് സുഖകരമായ എന്റര്‍ടെയ്ന്‍മെന്റും, നിര്‍മ്മാതാവിന് പോക്കറ്റ് നിറയെ പണവും നല്‍കുന്ന റാഫിയുടെ സ്ഥിരം ട്രീറ്റ്മെന്‍റ് വീണ്ടും ആവര്‍ത്തിക്കുമോ? എന്നറിയാനായി ചിത്രത്തിനരികില്‍ അക്ഷമയോടെ കാത്തിരുന്നു.

 

‘റോള്‍ മോഡല്‍സ്’ എന്ന് വിളിപ്പേരുള്ള നാലംഘ സൗഹൃദ സംഘത്തിന്‍റെ കഥ ഫ്ലാഷ് ബാക്കിലൂടെയാണ് ചലിക്കുന്നത് . നര്‍മത്താല്‍ പ്രേക്ഷകരെ വളയ്ക്കാനുള്ള റാഫിയുടെ സ്ഥിരം ബുദ്ധി ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ഏറ്റു എന്നുവേണം പറയാന്‍. അത്യാവശ്യം കുറിക്കുകൊള്ളുന്ന നര്‍മങ്ങള്‍ പ്രേക്ഷകരെ തുടക്കത്തിലെ ആകര്‍ഷിക്കുന്നുണ്ട്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ തന്റെ ചിത്രത്തില്‍ കാര്യമായി വിതറാറുള്ള റാഫി റോള്‍മോഡല്‍സിലൂടെ അത് ആവര്‍ത്തിക്കുന്നില്ല എന്നതാണ് ചിത്രത്തെ സംബന്ധിച്ചുള്ള ആദ്യത്തെ പ്ലസ് . പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നല്ല സന്ദര്‍ഭങ്ങളും, നല്ല സംഭാഷണങ്ങളും റോള്‍ മോഡല്‍സിന് മോഡി കൂട്ടിയപ്പോള്‍ പ്രേക്ഷകന് ഉല്ലസിച്ച് കണ്ടിറങ്ങാവുന്ന നല്ലൊരു ഈദ് എന്റര്‍ടെയ്നറായി ചിത്രം മുന്നേറി.

 

ഗൗതം എന്ന വ്യക്തിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ഗൗതത്തിന്‍റെ ക്യാമ്പസ് ലൈഫില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍, അതില്‍ നിന്ന് ഗൗതത്തിനു ഉണ്ടാകുന്ന മാറ്റം, പഴയ ഗൗതമിനെ തിരികെ കൊണ്ടുവരാനുള്ള കൂട്ടുകാരുടെ ശ്രമം ഇവയൊക്കെ ഫലിത മേമ്പൊടിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകന് തകര്‍ത്തു ചിരിക്കാനുള്ള അവസരം നല്‍കുന്നു. ആദ്യപകുതി റോള്‍ മോഡല്‍സും കൂട്ടരും ചേര്‍ന്ന് അസാധ്യമാക്കിയപ്പോള്‍ രണ്ടാം പകുതി നായികയെ തേടിയുള്ള യാത്രയാണ്. കോളേജിലെ പ്രണയം വീണ്ടും പൊടിതട്ടിയെടുക്കുന്ന ഗൗതം തന്റെ പ്രണയിനിയെ കാണാന്‍ കൂട്ടുകാരുടെ നിര്‍ബന്ധം മൂലം ഗോവയിലെത്തുന്നതാണ് രണ്ടാം പകുതി. പിന്നീടു ചിത്രം കോമഡി ട്രാക്കില്‍ നിന്ന് അല്‍പമൊന്നു പിന്‍വാങ്ങുന്നുണ്ട്. കോമഡികള്‍ ഏല്‍ക്കാതെ പോകുന്നത് രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിരസത വരുത്തുന്നു. എങ്കിലും ചിരി കാഴ്ചകളിലേക്ക് ചിത്രം വേഗത്തില്‍ മടങ്ങിയെത്തുന്നുണ്ട് . പ്രേക്ഷക മനസ്സിനെ ഉപദ്രവിക്കാതെ ‘റോള്‍മോഡല്‍സ്’ സ്ക്രീനില്‍ ചലിച്ചപ്പോള്‍ കയ്ക്കാത്ത കളര്‍ഫുള്‍ ഐറ്റമായി ചിത്രം പ്രേക്ഷകരില്‍ മാര്‍ക്ക് ചെയ്യപ്പെട്ടു. മുന്‍ ചിത്രങ്ങളെ റാഫി വിനോദ സിനിമയെന്ന നിലയില്‍ മാത്രം ഉപസംഹരിച്ച് നിര്‍ത്തിയപ്പോള്‍ ഇവിടെ സീകരിച്ച രീതി വ്യത്യസ്തമാണ്. എന്ത് കണ്ടാലും പ്രതിഷേധിക്കാത്ത ഇന്നത്തെ യുവജനതയ്ക്ക് എവിടെയൊക്കെയോ പാഠമാകുന്നുണ്ട് ചിത്രം. തന്‍റെ മക്കളോടുള്ള മാതാപിതാക്കളുടെ സ്വാര്‍ത്ഥതയും ചിത്രം വ്യക്തമാക്കുന്നുണ്ട്.

 

റാഫിയില്‍ നിന്ന് സ്വാഭാവിക നര്‍മങ്ങള്‍ ഏറെ കൊഴിഞ്ഞു പോയിട്ടുണ്ടെങ്കിലും ‘റോള്‍മോഡല്‍സ്’ എന്ന ചിത്രം ആകെത്തുകയില്‍ തൃപ്തികരമാണ്

.
റോള്‍ മോഡല്‍സിലെ ടീം ലീഡര്‍ ഗൗതമിനെ സ്വാഭാവികമായി തന്നെ ഫഹദ് അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തില്‍ ഫഹദ് മികവു കൈവരിക്കുന്നുണ്ടെങ്കിലും ശരീരഭാഷ മിക്ക സിനിമകളിലും ഒരുപോലെയാണെന്നതിനാല്‍ ഒന്നില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് ചുവടുമാറുമ്പോള്‍ ഫഹദിലെ നടന് കൂടുതല്‍ വ്യത്യസ്തത കൈവരുന്നില്ല. റോള്‍ മോഡല്‍സിലെ ഗൗതമില്‍  മഹേഷിനെ കാണുന്നത് പോരായ്മയായി തോന്നി.

 

ഏറെ സ്നേഹിക്കുന്ന ഒട്ടേറെ ആരാധകരെ നേടിയെടുക്കുക എന്നത് ഒരു നടനെ സംബന്ധിച്ച് വലിയ കാര്യമാണ്. പക്ഷെ ഫഹദ് ഫാസില്‍ എന്ന നടന് അത്തരമൊരു ആരാധക ബഹളമില്ല. ഫഹദിന്റെ ഒരു ഫെസ്റ്റിവല്‍ സിനിമ അവധി ദിനത്തില്‍ എത്തിയിട്ടും തിയേറ്ററില്‍ അധികം ആളില്ലാത്തതിനു കാരണം ഫഹദിനെ നടനെന്നതിലുപരി ആരും താരമായി കാണാത്തതിനാലാണ്. നിവിന്‍ പോളി, ദുല്‍ഖര്‍ എന്നിവര്‍ക്കുള്ളത് പോലെയുള്ള ഫാമിലി ഓഡിയന്‍സും ഫഹദിന് കുറവാണ്. ഫാന്‍സ്‌ ഗ്രൂപ്പ് വേണ്ടന്ന ഫഹദിന്റെ തീരുമാനം ഇത്തരത്തിലുള്ള സിനിമകള്‍ക്ക് തിരിച്ചടി സമ്മാനിക്കും. യുവനിരയിലെ ഏറ്റവും ശക്തനായ നാടാണ്‌ ഫഹദ് എന്നതില്‍ തര്‍ക്കമില്ല. താരമെന്ന പദവി അലങ്കാരമായി സ്വീകരിക്കാന്‍ ഇഷ്ടമില്ലാത്തിടത്തോളം കാലം ഫഹദിന്റെ ശരാശരി ചിത്രങ്ങള്‍ പോലും ഇവിടെ രക്ഷപ്പെടാന്‍ സാധ്യത കുറവാണ്.ഒരു താരത്തിന്റെ ഫെസ്റ്റിവല്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ ആരാധക ബഹളം ഉണ്ടാകുകയെന്നത് ആ നടന്റെ കരിയറിന്‍റെ ഉയര്‍ച്ചയ്ക്ക് അന്ത്യന്താപേക്ഷിതമാണ്‌. ശരാശരി നിലവാരം പുലര്‍ത്തുന്ന പലതാരങ്ങളുടെയും ചിത്രങ്ങള്‍ ഇവിടെ വിജയം കൊയ്യുന്നതിനു പിന്നില്‍ ഫാന്‍സിന്റെ പിന്‍ബലമുണ്ട്. ഒരു നടനെ സംബന്ധിച്ച് ഫാന്‍സ്‌ അസോസിയേഷനുള്ളത് തെറ്റായ നീക്കമല്ല. അത്തരത്തിലുള്ള ആരാധകര്‍ സിനിമാ വിപണിയുടെ ഗ്രാഫ് വലിച്ചു നീട്ടുന്നുണ്ട്. മലയാള സിനിമയിലെ ഏറ്റവും നല്ല മാര്‍ക്കറ്റിംഗ് ടീം ഓരോ താരങ്ങളുടെയും ഫാന്‍സ്‌ അസോസിയേഷനുകളാണ്. സിനിമ നല്ലതാണെങ്കില്‍കൂടിയും അവര്‍ പറഞ്ഞു പറഞ്ഞു ചിത്രത്തെ കൂടുതല്‍ വിജയിപ്പിക്കും.
ഒരു നടന്‍ ഫാന്‍സ്‌ അസോസിയേഷനൊപ്പം സഹകരിക്കുമ്പോള്‍ സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതവിനാകും അത് കൂടുതല്‍ ഗുണം ചെയ്യുക എന്നതും ശ്രദ്ധേയമാണ്.

 

 

ഒരു കൊമേഴ്സിയല്‍ ട്രീറ്റ്മെന്റില്‍ വിനായകന്‍ മുഴുനീള കഥാപാത്രമായി എത്തിയപ്പോള്‍ അതിനൊരു പുതുമ ഉണ്ടായിരുന്നു. വിനായകന്റെ കഥാപാത്രവും അഭിനയ രീതിയും സിനിമയ്ക്ക് ഗുണകരമാകുന്നുണ്ട്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധേയനായ ഷറഫുദീനും, വിനയ് ഫോര്‍ട്ടും അവരുടെ മുന്‍ സിനിമകളിലെ അഭിനയത്തേക്കാള്‍ മെച്ചപ്പെട്ടു. ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിന്ദയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഡബ്ബിംഗില്‍ ചില പോരായ്മകള്‍ തോന്നിയെങ്കിലും വളരെ പക്വതയുള്ള നായിക കഥാപാത്രത്തെ നമിതാ പ്രമോദ് മനോഹരമാക്കി. രണ്‍ജി പണിക്കര്‍, റാഫി, സിദ്ധിക്ക്, സീത, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രത്തിലെ സര്‍പ്രൈസ് അതിഥിയായി എത്തിയ രമണന്റെ എന്ട്രി അതീവ രസമുള്ളതായിരുന്നു. പുതിയ ഹരിശ്രീ അശോകനിലും ആ പഴയ രമണാഭിനയം സുന്ദരമായി നിലകൊള്ളുന്നു. പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെക്കുറിച്ച് പരമാര്‍ശിച്ചതും, ആ മഹാപ്രതിഭയുടെ ഫോട്ടോ കാണിച്ചതും ചിത്രത്തിന് കൂടുതല്‍ മാര്‍ക്കിടാന്‍ പ്രേരിപ്പിക്കുന്നു.

 

ചിത്രത്തിലെ ഛായാഗ്രഹണ ജോലി നിര്‍വഹിച്ച ശ്യാംദത്ത് സൈനുദീന്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. സമീപകാല വിനോദ സിനിമകളില്‍ നിന്ന് ഒരുപാട് വേറിട്ട്‌ നിന്നു ചിത്രത്തിലെ ലെക്കേഷന്‍ കാഴ്ചകള്‍. കടല്‍ത്തിരയുടെ സൗന്ദര്യവും സമര്‍ത്ഥമായി ഒപ്പിയെടുത്തു ശ്യാംദത്തിലെ ഛായാഗ്രാഹകന്‍. ഗോപി സുന്ദറിന്റെ ഗാനങ്ങള്‍  ശരാശരിയിലും താഴെയായിരുന്നു. തിയേറ്ററില്‍ ഒരു എനര്‍ജറ്റിക് ഫീലുണ്ടാക്കാന്‍ തേപ്പ് ഗാനത്തിന് പോലും സാധിച്ചില്ല. ചിത്രത്തിലെ പാശ്ചാത്തല ഈണം മികച്ചുനിന്നു. ചിത്രസംയോജനവും, കോസ്റ്റ്യൂം വിഭാഗവും പ്രശംസ അര്‍ഹിക്കുന്നു.

അവസാന വാചകം

ഒട്ടേറെ ചിരി കാഴ്ചകളുമായി റാഫി ഒരുക്കിയ ഈദ് സത്കാരമാണ് ‘റോള്‍ മോഡല്‍സ്’ ഈ ചിത്രം ധൈര്യമായി നിങ്ങള്‍ക്ക് ഒറ്റത്തവണ ആഘോഷമാക്കാം….

shortlink

Related Articles

Post Your Comments


Back to top button