CinemaMollywoodMovie Reviews

ബുദ്ധി ജീവികളേ നിങ്ങള്‍ കണ്ണടയ്ക്കൂ, ഈ സൈമണ്‍ ഒന്നാംതരം പോക്കിരിയാണ്

പ്രവീണ്‍.പി നായര്‍/

തമിഴ് ആരാധകരെ പോലെ കേരളത്തിലും വിജയിക്ക് എണ്ണിയാല്‍ തീരാത്തത്ര ആരാധക വൃന്ദമാണുള്ളത്. സ്ഥിരം ഫോര്‍മുലയില്‍ സിനിമകള്‍ ചെയ്താലും വിജയ്‌ എന്ന നടന്‍റെ ചിത്രങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്തു കൊണ്ടാണ് അവര്‍ തിയേറ്റര്‍ അന്തരീക്ഷം ആഘോഷമാക്കുന്നത്. അദ്ദേഹത്തിന് ഇത്രയും നാള്‍ തണലായി നിന്ന ലക്ഷകണക്കിന് ആരാധകരുടെ കഥ പറയുമ്പോള്‍ അതിന്‍റെ മൂല്യംവലുതായിരിക്കണം, അതിനാലാവണം ജിജോ ആന്റണിയും ടീമും ഇത്തരമൊരു ശ്രമത്തിലേക്ക് പൂര്‍ണ്ണമായും ഫോക്കസ് ചെയ്തത്.

തമിഴ് താരത്തിന്‍റെ ആരാധക കഥ മലയാളത്തില്‍ ചെയ്തുവെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മോഹന്‍ലാലിന്‍റെയോ, മമ്മൂട്ടിയുടെയോ ആരാധകരുടെ കഥ ആരും സിനിമയാക്കാതെ മറന്ന അവസരത്തിലാണ് പൂര്‍ണ്ണമായും വിജയ്‌ ആരാധകരുടെ ജീവിതം കേരളമണ്ണില്‍ പറയാന്‍ ചിത്രത്തിന്‍റെ അണിയറ ടീം തയ്യാറെടുത്തത്.
ഫാന്‍സ്‌ പ്രേമികള്‍ എന്ന് പറയുമ്പോള്‍ തന്നെ വലിയ ബോക്സോഫീസ് സാധ്യതയാണ് ഒളിഞ്ഞു കിടക്കുന്നത്. വിപണനപരമായി മുന്നേറ്റം നടത്താന്‍ യോഗ്യമായ ത്രെഡ് ആണ് പോക്കിരി സൈമണിലേത്, ആ ആത്മവിശാസം മുന്നില്‍വെച്ചു കൊണ്ടാകണം സൈമണ്‍ നല്ല ഉശിരന്‍ പോക്കിരിയായി കളത്തിലിറങ്ങിയത്.

കുഞ്ചാക്കോ ബോബനെയും, ഭാമയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്ത ‘കൊന്തയും പുണൂലു’മായിരുന്നു ജിജോയുടെ ആദ്യ ചിത്രം . തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ വ്യത്യസ്ത ആശയം കൈകാര്യം ചെയ്തെന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഡാര്‍വിന്‍റെ പരിണാമത്തിനും നേരിട്ടത് ഇതേ അവസ്ഥയായിരുന്നു. പറഞ്ഞ വിഷയത്തില്‍ പുതുമയുണ്ടായിട്ടുണ്ടും ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ചിത്രം ദഹിക്കാതെ പോയത് ചിത്രത്തിന് തിരിച്ചടിയായി. അതില്‍ നിന്നൊക്കെ വഴി മാറിയാണ് ജിജോ തന്‍റെ മൂന്നാം ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഒരുകൂട്ടം വിജയ്‌ ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ഒരു പക്കാ ഫെസ്റ്റിവല്‍ മൂഡ്‌ സിനിമയായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്, യാതൊരു അവകാശ വാദങ്ങളുമില്ലാതെ എല്ലാ പ്രേക്ഷകര്‍ക്കും ഉല്ലസിച്ച് കാണാനായി ജിജോയും ടീമും ചെയ്ത ഒരു കംപ്ലീറ്റ്‌ എന്റര്‍ടെയ്ന്‍മെന്‍റ് മൂവിയാണ് പോക്കിരി സൈമണ്‍. ഒരു വിനോദ സിനിമയെന്ന നിലയില്‍ നീതി പുലര്‍ത്തിയ ചിത്രം എല്ലാ പ്രേക്ഷകരെയും നിരാശരാക്കാതെ മടക്കി അയക്കുന്നുവെന്നുള്ളത് ചിത്രത്തെ സംബന്ധിച്ച് വലിയ പ്ലസ് പോയിന്റാണ്. സ്ക്രീനിലെ സൂപ്പര്‍ താരങ്ങളുടെ ആരാധക വിഷയം പലപ്പോഴും സിനിമയില്‍ പരാമര്‍ശിക്കാറുണ്ടെങ്കിലും അതൊരു പൂര്‍ണ്ണമായ സിനിമാ കഥയാക്കി മാറ്റുന്നത് ആദ്യമായാണ്. ജിജോ ആന്റണിയുടെ മൂന്നാം സംഭരഭം ഒറ്റത്തവണ ആഘോഷമാക്കാവുന്നതാണെന്ന് ഒറ്റവാക്കില്‍ പറയാം.

ജിജോ ആന്‍റണിയുടെ ആദ്യ രണ്ടു സിനിമകളും ബോക്സോഫീസില്‍ അടയാളപ്പെടാതെ പോയതാണ്, എന്നാല്‍ മൂന്നാം ചിത്രം വിജയ്‌ എന്ന നടന്‍റെ സ്വീകാര്യതയിലും ജിജോ ആന്റണി ചെയ്ത തൃപ്തികരമായ സിനിമാ രൂപമെന്ന നിലയിലും ചിത്രം ബോക്സോഫീസില്‍ മാര്‍ക്ക് ചെയ്യപ്പെട്ടേക്കാം,
വിജയ്‌ എന്ന നടനെയും വിജയ് ആരാധകരെയും വാഴ്ത്തിപ്പാടാന്‍ വേണ്ടി മാത്രം എടുത്ത ചിത്രമല്ല പോക്കിരി സൈമണ്‍ എന്നതാണ് ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നത്.ഒരു താരത്തിന്‍റെ ആരാധകര്‍ ആയതിന്റെ പേരില്‍ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നതൊക്കെ ചിത്രം തുറന്നു ചര്‍ച്ച ചെയ്യുന്നുണ്ട് , ഒരു തമിഴ് മാസ് മസാല രീതിയില്‍ എടുത്തിരിക്കുന്ന പോക്കിരി സൈമണിന് മുന്നില്‍ ബുദ്ധി ജീവികള്‍ കണ്ണടയ്ക്കുന്നതായിരിക്കും നല്ലത്. തിയേറ്ററില്‍ ലോജിക് സെര്‍ച്ച്‌ ചെയ്യാന്‍ വരുന്ന നിരൂപകര്‍ക്കും ചിത്രം ദഹിക്കാതെ വന്നേക്കാം. സ്ക്രീനില്‍ പറയാന്‍ ഉദ്ദേശിച്ച വിഷയത്തെ നന്നായി ആവിഷ്കരിച്ച പോക്കിരി സൈമണ്‍ സമീപകാലത്ത് ഇറങ്ങിയ മലയാള സിനിമകളിലെ ഭേദപ്പെട്ട ആഘോഷ ചിത്രങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാം.

വിജയ്‌ എന്ന നടന്‍റെ ആരാധകരുടെ ജീവിതത്തെ സ്ക്രീനിലേക്ക് ഉപയോഗപ്പെടുത്താമെന്ന ജിജോയുടെയും കൂട്ടരുടെയും ചിന്ത തന്നെയാണ് പോക്കിരി സൈമണിന്റെ മികവ്, ആ മികവിനെ അതിലും വലിയ മികവോടെ ബിഗ്സ്ക്രീനില്‍ എത്തിക്കാന്‍ ചിത്രത്തിന്‍റെ അണിയറ ടീമിന് കഴിഞ്ഞിട്ടുണ്ട്. ശരാശരിയില്‍ ഒതുങ്ങിയ ആദ്യ പകുതിയില്‍ നിന്നു രണ്ടാം പാര്‍ട്ടിലേക്ക് ചിത്രം പ്രവേശിക്കുമ്പോള്‍ പ്രേക്ഷകന് കൂടുതല്‍ സ്വീകാര്യമാകുന്നുണ്ട് ചിത്രം. നെറ്റി ചുളിക്കേണ്ട ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ, അത്തരം ചിത്രീകരണ സ്വഭാവങ്ങളോ ഇല്ലാത്തതിനാല്‍ സിനിമ കാണാനെത്തുന്ന ഓരോ ഫാമിലിക്കും മടുപ്പില്ലാതെ കണ്ടിരിക്കാന്‍ കഴിയുന്ന ഉത്സവ ചിത്രമാകുന്നുണ്ട് എല്ലാ അര്‍ത്ഥത്തിലും പോക്കിരി സൈമണ്‍.
മലയാളത്തിലെ മുന്‍നിര താരങ്ങളെയല്ല ചിത്രത്തിലേക്ക് നായകനായി ജിജോ ആന്റണി പരിഗണിച്ചതെന്നതും എടുത്തു പറയേണ്ട ഒന്നാണ്.

സണ്ണിവെയ്ന്‍ എന്ന നടന്‍ മുന്‍നിരനായകനടന്മാര്‍ക്കൊപ്പം കുതിക്കാനുള്ള പരിശ്രമത്തിനിടെയാണ് ഈ കഥാപാത്രത്തിനായി ഡേറ്റ് നല്‍കിയത്., പോക്കിരി സൈമണില്‍ മെച്ചപ്പെട്ട അഭിനയ പോക്കിരിയായി മാറുന്നുണ്ട് സണ്ണിയിലെ നടന്‍. സണ്ണി വെയ്ന്‍ ഷോയായി ചിത്രം മാറുന്നുണ്ടോ?എന്ന് ചോദിച്ചാല്‍ ഉത്തരം അല്ല എന്ന് പറയേണ്ടി വരും, കാരണം ക്യാമറയ്ക്ക് മുന്നിലെത്തിയ എല്ലാവര്‍ക്കും നായകനെപ്പോലെ പ്രാധാന്യം ജിജോ നല്‍കിയിട്ടുണ്ട്. മലയാള സിനിമകളില്‍ തുടര്‍ച്ചയായി എത്തുന്ന സൈജു കുറിപ്പിന്റെ ഹ്യൂമര്‍ കഥാപാത്രം തിയേറ്ററില്‍ വീണ്ടും കയ്യടി നേടുകയാണ്‌. അപ്പാനി രവിയടക്കം ചിത്രത്തിലെത്തിയ മറ്റു താരങ്ങളെല്ലാം അവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.

മൂന്നാം സിനിമയെന്ന നിലയില്‍ ജിജോ ആന്റണിയുടെ സംവിധാനം കൂടുതല്‍ പാകപ്പെട്ടതാണ്, ഒരു വിനോദ ചിത്രം പ്രേക്ഷകരിലേക്ക് കൃത്യമായി കണക്റ്റ് ചെയ്യാന്‍ ആദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്, പാളിപ്പോയെക്കാവുന്ന പല സന്ദര്‍ഭങ്ങളിലും ജിജോയുടെ കളര്‍ഫുള്‍ അവതരണ രീതി ചിത്രത്തിന് ഗുണം ചെയ്തിരിക്കുന്നു. സെന്റിമന്‍സ് ചിത്രീകരണവും, ഹ്യൂമര്‍ സിറ്റുവേഷനുമൊക്കെ ഒതുക്കത്തോടെ അവതരിപ്പിച്ചും , സന്ദര്‍ഭോചിതമായ രീതിയില്‍ ഗാനത്തിന് അവസരം നല്‍കിയും തന്നിലെ സംവിധായക ജോലി ഭംഗിയോടെ ചെയ്തു തീര്‍ത്തിട്ടുണ്ട് ജിജോയിലെ സൂത്രധാരന്‍. തിരക്കഥാകൃത്ത് എന്ന നിലയില്‍ രതീഷ്‌ അമ്പാടിയും തന്നിലെ രചന രീതി സിനിമയ്ക്കായി വേണ്ടുംവിധം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ക്യാമറയടക്കമുള്ള ചിത്രത്തിലെ മറ്റു ടെക്നിക്കല്‍ വിഷയങ്ങള്‍ നിലവാരമില്ലായ്മ കാട്ടിയിട്ടില്ല. ചിത്രത്തിലെ കോസ്ട്യൂം വിഭാഗമാണ് ഏറെ ആകര്‍ഷകമായി തോന്നിയ മറ്റൊരു ഘടകം. ചിത്രസംയോജനത്തിലെ അപാകതയും, മേക്കപ്പില്‍ വരുത്തിയ പാളിച്ചയുമൊക്കെ എടുത്തു പറയേണ്ട വസ്തുതയാണ്. ‘അടടാ അടീങ്കടാ’ എന്ന് തുടങ്ങുന്ന തകര്‍പ്പന്‍ ഫാസ്റ്റ് സോഗും ചിത്രത്തിന്‍റെ മര്‍മ്മമായി മാറുന്നുണ്ട്, ഈ ഗാനത്തിന് തിയേറ്ററില്‍ ലഭിക്കുന്ന സ്വീകാര്യത അത്രത്തോളമാണ്. ഗോപി സുന്ദറിന്റെ അതി മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും പോക്കിരി സൈമണിനെ കൂടുതല്‍ പവര്‍ഫുളാക്കുന്നു.

അവസാന വാചകം
പ്രേക്ഷകന്‍റെ ആവശ്യമില്ലാത്ത മുന്‍വിധികളാണ് ചില ചിത്രങ്ങളുടെ ശാപം, നിങ്ങള്‍ ഒരു വിഡ്ഢിയായ പ്രേക്ഷകനല്ലങ്കില്‍ ഈ സിനിമയില്‍ നിന്നു നിങ്ങള്‍ ഒന്നേ പ്രതീക്ഷിക്കൂ ‘എന്ജോയ്‌മെന്‍റ്’, അത് പൂര്‍ണ്ണമായും ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button